ഐ.പി.ഒ.യ്ക്ക് മുമ്പായി ₹22,500 കോടി സമാഹരിക്കാനൊരുങ്ങി ലുലു ഗ്രൂപ്പ്

കടം പുനഃക്രമീകരണം ചെയ്യുന്നതിനാണ് പുതിയ ഫണ്ടിംഗ്

Update: 2023-08-11 05:50 GMT

Image : Lulugroupinternational.com /MA Yousuf Ali

പ്രാരംഭ ഓഹരി വില്‍പനയ്ക്ക് (IPO) മുന്നോടിയായി 1,000 കോടി ദിര്‍ഹം (ഏകദേശം 22,500 കോടി രൂപ) സമാഹരിക്കാന്‍ പ്രമുഖ വ്യവസായിയും മലയാളിയുമായ എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍. ഐ.പി.ഒയ്ക്ക് മുമ്പ് കടം പുനഃക്രമീകരിക്കുന്നതിനായാണ് (debt refinancing) അബൂദബി ആസ്ഥാനമായ ലുലുവിന്റെ നീക്കമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

അബൂദബി കൊമേഴ്സ്യല്‍ ബാങ്ക്, ദുബൈ ഇസ്ലാമിക് ബാങ്ക്, എമിറേറ്റ്സ് എന്‍.ബി.ഡി ബാങ്ക്, മഷ്റഖ് ബാങ്ക് എന്നിവയില്‍ നിന്നാണ് ഗ്രൂപ്പ് പണം സമാഹരിക്കുന്നത്. ശരാശരി പത്ത് വര്‍ഷം കാലാവധിയുള്ളതായിരിക്കും വായ്പകള്‍.

ഐ.പി.ഒ അടുത്ത വര്‍ഷം?

ലുലു ഗ്രൂപ്പ് 2023ല്‍ നടത്താനിരുന്ന ഐ.പി.ഒയാണ് വൈകുന്നത്. 2024ല്‍ ഐ.പി.ഒ നടന്നേക്കുമെന്നാണ് നിലവിലെ വിലയിരുത്തലുകള്‍.

2020ല്‍ ലുലു ഗ്രൂപ്പിന് 500 കോടി ഡോളര്‍ (ഏകദേശം 41,000 കോടി രൂപ) മൂല്യം വിലയിരുത്തി, അബൂദബിയിലെ രാജ കുടുംബാംഗം കമ്പനിയിലെ 20 ശതമാനം ഓഹരികള്‍ വാങ്ങിയിരുന്നു. 100 കോടി ഡോളറിലേറെ (8,200 കോടി രൂപ) വിലമതിക്കുന്ന ഇടപാടായിരുന്നു അത്.

കമ്പനിയുടെ വെബ്‌സൈറ്റില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം 800 കോടി ഡോളറാണ് (65,600 കോടി രൂപ) ലുലു ഗ്രൂപ്പിന്റെ വാര്‍ഷിക വിറ്റുവരവ്. ഏഷ്യ, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലായി 23 രാജ്യങ്ങളിലാണ് സാന്നിദ്ധ്യം. 65,000ഓളം ജീവനക്കാരുമുണ്ട്.

1,000 കോടി ദിര്‍ഹം സമാഹരിക്കാനുള്ള തീരുമാനം നിലവിലെ കടങ്ങള്‍ വീട്ടാനും ജി.സി.സിയിലും ഈജിപ്തിലുമായി 80 പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ തുറക്കാനുള്ള പദ്ധതി വിപുലമാക്കാനും സഹായിക്കുമെന്ന് ലുലു ഗ്രൂപ്പ് പ്രതിനിധി അഭിപ്രായപ്പെട്ടു. വിതരണ ശൃംഖലയും ഇ-കൊമേഴ്‌സ് വ്യാപാരവും ശക്തമാക്കാനും സമാഹരണം സഹായിക്കുമെന്ന് കരുതുന്നു.

Tags:    

Similar News