ഇനി ആമസോണിലൂടെ സാധനങ്ങള്‍ പറന്നെത്തും
വിതരണം കാര്യക്ഷമമാക്കാന്‍ ആമസോണ്‍ 11 ജെറ്റുകള്‍ വാങ്ങുന്നു
ഓണ്‍ലൈന്‍ മാര്‍ക്കറ്റിന്റെ കാലത്ത് വിതരണം കാര്യക്ഷമമാക്കാനും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഉപഭോക്താവിന് സാധനങ്ങളെത്തിച്ചുനല്‍കാനും ജെറ്റുകള്‍ വാങ്ങാനൊരുങ്ങി ആമസോണ്‍. ആദ്യഘട്ടത്തില്‍ 11 ജെറ്റുകളാണ് കമ്പനി സ്വന്തമാക്കുന്നത്. ഡെല്‍റ്റ, വെസ്റ്റ് ജെറ്റ് എയര്‍ലൈന്‍സുകളില്‍നിന്ന് ജെറ്റുകള്‍ വാങ്ങിയതായി ആമസോണ്‍ അറിയിച്ചു.
ഇത് ആദ്യമായാണ് വിതരണ ആവശ്യങ്ങള്‍ക്കായി ആമസോണ്‍ വിമാനങ്ങള്‍ വാങ്ങുന്നത്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ആമസോണ്‍ വിമാനങ്ങള്‍ പാട്ടത്തിനെടുത്താണ് ഉപയോഗിച്ചിരുന്നത്.
പാട്ടത്തിനെടുത്തവയും സ്വന്തം വിമാനങ്ങളും തങ്ങളുടെ പ്രവര്‍ത്തനം മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുമെന്ന് ആമസോണ്‍ ഗ്ലോബല്‍ എയര്‍ വൈസ് പ്രസിഡന്റ് സറാ റോഹ്ഡ്‌സ് വ്യക്തമാക്കി.
സിയാറ്റില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആമസോണ്‍ മിക്ക ഉല്‍പ്പന്നങ്ങളും സ്വന്തമായും യു.എസ് പോസ്റ്റല്‍ സര്‍വീസ്, മറ്റ് കാരിയറുകള്‍ എന്നിവയുടെ സഹായത്തോടെയുമാണ് ഉപഭോക്താക്കള്‍ക്ക് എത്തിച്ചുനല്‍കുന്നത്.
ഇപ്പോള്‍ വാങ്ങിയ ബോയിംഗ് 767-300 വിമാനങ്ങള്‍ യാത്രക്കാര്‍ക്ക് പകരം ചരക്ക് കൈവശം വയ്ക്കുന്നതിനായി മാറ്റുമെന്ന് ആമസോണ്‍ അറിയിച്ചു. വെസ്റ്റ് ജെറ്റില്‍ നിന്ന് വാങ്ങുന്ന നാല് ജെറ്റുകള്‍ ഈ വര്‍ഷം ആമസോണിന് കൈമാറും. ഡെല്‍റ്റയില്‍ നിന്നുള്ള ഏഴ് ജെറ്റുകള്‍ അടുത്ത വര്‍ഷത്തോടെ തയ്യാറാകും. 2022 ഓടെ മൊത്തം85 വിമാനങ്ങള്‍ സ്വന്തമാക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.