ബാറ്റയുടെ സിഇഒ സ്ഥാനത്തേക്ക് ഗുന്‍ജന്‍ ഷായെത്തുന്നു
ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് ലിമിറ്റഡില്‍ ചീഫ് കൊമേഴ്സ്യല്‍ ഓഫീസറായി പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം
രാജ്യത്തെ ഏറ്റവും വലിയ പാദരക്ഷാ റീട്ടെയ്‌ലേഴ്‌സായ ബാറ്റയുടെ സിഇഒ സ്ഥാനത്തേക്ക് ഗുന്‍ജന്‍ ഷായെത്തുന്നു. സന്ദീപ് കതാരിയുടെ പിന്‍ഗാമിയായാണ് ഗുന്‍ജന്‍ ഷായെത്തുന്നത്. കഴിഞ്ഞ വര്‍ഷം സന്ദീപ് കതാരിയെ ആഗോള സിഇഒയായി നിയമിച്ചിരുന്നു.
ജൂണ്‍ 21 നാണ് ഗുന്‍ജന്‍ ഷാ സിഇഒയായി സ്ഥാനമേല്‍ക്കുക. 2021 ജൂണ്‍ 21 മുതല്‍ വരുന്ന അഞ്ചുവര്‍ഷത്തേക്ക് കമ്പനിയുടെ മുഴുവന്‍ സമയ ഡയറക്ടറായി ഷായെ നിയമിച്ചതായി കമ്പനി വെള്ളിയാഴ്ച സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ അറിയിച്ചു. ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് ലിമിറ്റഡില്‍ ചീഫ് കൊമേഴ്സ്യല്‍ ഓഫീസറായിരുന്നു ഗുന്‍ജന്‍ ഷാ.
''ഉപഭോക്തൃ ഡ്യൂറബിള്‍സ്, ടെലികോം, എഫ്എംസിജി എന്നിവയില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച പരിചയം ഗുന്‍ജന്‍ ഷായ്ക്കുണ്ട്. 2007 ല്‍ ബ്രിട്ടാനിയയിലേക്ക് പോകുന്നതിനുമുമ്പ് ഏഷ്യന്‍ പെയിന്റ്‌സ്, മോട്ടറോള തുടങ്ങിയ ബ്രാന്‍ഡുകളുമായി അദ്ദേഹം തന്റെ കരിയറിന്റെ ആദ്യഘട്ടത്തില്‍ ചെലവഴിച്ചു,'' കമ്പനി പറഞ്ഞു.
ബാറ്റ, ഹഷ് പപ്പീസ്, നാച്ചുറലൈസര്‍, പവര്‍, മാരി ക്ലെയര്‍, വെയ്ന്‍ബ്രെന്നര്‍, നോര്‍ത്ത് സ്റ്റാര്‍, ഷോള്‍ തുടങ്ങിയ ബ്രാന്‍ഡുകളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ പാദരക്ഷാ റീട്ടെയിലറാണ് ബാറ്റ ഇന്ത്യ. 1,600 ലധികം ബാറ്റയുടെ ഉടമസ്ഥതയിലുള്ളതും ഫ്രാഞ്ചൈസ് ചെയ്തതുമായ സ്റ്റോറുകളില്‍ ഇവ വില്‍ക്കുന്നുണ്ട്. ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് പുറമെ ഇന്ത്യയിലുടനീളമുള്ള ആയിരക്കണക്കിന് മള്‍ട്ടി-ബ്രാന്‍ഡ് പാദരക്ഷാ സ്റ്റോറുകളിലൂടെയും ബാറ്റ റീട്ടെയില്‍ ചെയ്യുന്നു.
ആഗോള കാഴ്ചപ്പാടില്‍ ഇന്ത്യ എല്ലായ്‌പ്പോഴും ഞങ്ങള്‍ക്ക് ഒരു സുപ്രധാന വിപണിയാണെന്ന് ബാറ്റാ ബ്രാന്‍ഡ്സ് ഗ്ലോബല്‍ സിഇഒ സന്ദീപ് കതാരിയ പറഞ്ഞു. സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്ഥാനമായുള്ള ബാറ്റയുടെ വിപണിയുടെ 70 ശതമാനവും ഇന്ത്യയില്‍നിന്നാണ്.