ഖനികള്‍ക്കും കയര്‍ ഭൂവസ്ത്രം; കയർ കോർപ്പറേഷന് ₹ 1.54 കോടിയുടെ ഓർഡർ

ഒഡീഷയിലെ മൈനുകളിൽ കയർ ഭൂവസ്ത്രം വിരിയ്ക്കുന്നതിനുള്ള പൈലറ്റ് പ്രോജക്‌ട് കോർപ്പറേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കി

Update:2024-09-24 15:07 IST

Image Courtesy: Canva, facebook.com/coircorporation

കയർ ഭൂവസ്ത്രത്തിന്റെ വിപണി വിപുലപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാരിന്റ സഹായത്തോടെ കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ വമ്പിച്ച ശ്രമങ്ങളാണ് നടത്തി വരുന്നത്. ഇതിന്റെ ഫലമായി ഒഡീഷയിലെ ഗോൾഡ് കാറ്റഗറി പൊതുമേഖലാ സ്ഥാപനമായ ഒഡീഷ മൈനിംഗ് കോർപ്പറേഷന്റെ ക്രോമൈറ്റ് മൈനിൽ കയർ ഭൂവസ്ത്രം വിരിയ്ക്കുന്നതിനായി 1.54 കോടി രൂപയുടെ ഓർഡർ കയർ കോർപ്പറേഷന് ലഭിച്ചു.
കഴിഞ്ഞ വർഷം ഒഡീഷയിലെ മൈനുകളിൽ കയർ ഭൂവസ്ത്രം വിരിയ്ക്കുന്നതിനുള്ള പൈലറ്റ് പ്രോജക്‌ട് കോർപ്പറേഷന്‍ വിജയകരമായി നടപ്പിലാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായി ഒഡീഷയിലെ വിവിധ മൈനിംഗ് സ്ഥാപനങ്ങളുമായി കോര്‍പ്പറേഷന്‍ നിരന്തരം ചര്‍ച്ചകള്‍ നടത്തി വരികയാണെന്ന് ചെയർമാൻ ജി. വേണുഗോപാൽ, മാനേജിംഗ് ഡയറക്‌ടർ ഡോ. പ്രതീഷ് ജി. പണിക്കർ എന്നിവർ പറഞ്ഞു.

ജോലി ചെയ്യുന്നത് ഭൂരിഭാഗവും സ്ത്രീകള്‍

1969 ല്‍ ആലപ്പുഴയിലാണ് കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ ലിമിറ്റഡ് സ്ഥാപിതമാകുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം 82 ലക്ഷം രൂപ ലാഭവും 148 കോടി രൂപ വിറ്റുവരവുമാണ് കോർപ്പറേഷന്‍ നേടിയത്. 

കേരളത്തിന്റെ പരമ്പരാഗത വ്യവസായമേഖലയിൽ വളരെ പ്രധാന്യം അര്‍ഹിക്കുന്ന വ്യവസായമാണ് കയർ. സംസ്ഥാനത്ത് കയര്‍ വ്യവസായ മേഖലയിലാകെ നാല് ലക്ഷത്തിലധികം പേര്‍ തൊഴിലെടുക്കുന്നുണ്ട്. ഇതിൽ 80 ശതമാനത്തിലധികവും വനിതകളാണ് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്.
സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഗണ്യമായ പങ്ക് വഹിക്കുന്ന തരത്തിലുളള പ്രവർത്തന പരിപാടികൾക്ക് നേതൃത്വം നല്കുക എന്ന ലക്ഷ്യത്തോടെയാണ് 
കയർ കോർപ്പറേഷൻ
 പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്.

ആധുനിക കാലത്തും കയര്‍ ഉല്‍പ്പന്നങ്ങള്‍ പ്രസക്തം

കേരളത്തിന്റെ സാംസ്‌കാരത്തോടും ചരിത്രത്തോടും ഇഴ ചേർന്ന് നില്‍ക്കുന്ന മേഖല കൂടിയാണ് കയർ വ്യവസായം. കേരളത്തില്‍ സര്‍വ സാധാരണമായി കണ്ടുവരുന്ന തെങ്ങിൽ നിന്ന് ലഭിക്കുന്ന എന്തും പ്രയോജനപ്പെടുത്താൻ മലയാളികൾക്ക് പണ്ടുമുതലേ അറിയാവുന്നതാണ്. ചൂട്ട്, കൊതുമ്പ്, തേങ്ങ, ഓല തുടങ്ങിയവ എല്ലാം വിവിധ ആവശ്യങ്ങൾക്കായി മലയാളികള്‍ ഉപയോഗിച്ച് പോരുന്നു.
തേങ്ങയുടെ ഭക്ഷ്യയോഗ്യമല്ലാത്ത പുറം തോടിൽ (തൊണ്ട്) നിന്നാണ് കയർ നിർമ്മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തു ലഭിക്കുന്നത്. തൊണ്ടിൽ നിന്ന് ചകിരി വേർതിരിച്ച ശേഷം യന്ത്രസഹായത്താല്‍ പിരിച്ചാണ് കയർ നിർമ്മിക്കുന്നത്. ഇന്ന് ലോകത്ത് ലഭ്യമായിട്ടുള്ള ഏറ്റവും കനമുള്ളതും ഏറെ കാലം നിലനിൽക്കുന്നതുമായ പ്രകൃതി ദത്തമായ നാരുകളാണ് ചകിരിയെന്നതും ശ്രദ്ധേയമാണ്.
ആധുനിക കാലത്ത് വീട്, ആഡംബര അപ്പാർട്ട്മെന്റുകൾ, ഹോട്ടൽ എന്നിവയ്ക്ക് ആവശ്യമായ ആഢംബര ഉത്പന്നങ്ങൾ നിർമ്മിക്കാൻ കയര്‍ ഉപയോഗിക്കുന്നുണ്ട്. കൂടാതെ വാണിജ്യ മേഖലയിലും കയറിന് ധാരാളം ഉപയോഗങ്ങളാണ് ഉളളത്.
Tags:    

Similar News