ജനുവരി ഒന്നുമുതല്‍ ചെരുപ്പിന് വിലകൂടും; തിരിച്ചടിയാകുമെന്ന ആശങ്കയില്‍ വ്യാപാരമേഖല
കേന്ദ്രീകൃത ജിഎസ്ടി 12 ശതമാനമാകും.;
ജനുവരി മുതല്‍ ചെരുപ്പിനും തുണിത്തരങ്ങള്‍ക്കും 12 ശതമാനം പലിശ. ലോക്ഡൗണുകള്‍ മാറിമാറി വന്നു മുങ്ങിത്താഴ്ന്ന ചെരുപ്പ് റെഡിമെയ്ഡ് വ്യാപാരമേഖലയ്ക്ക് ചെറിയ ഒരു ഉണര്‍വ് ഇക്കഴിഞ്ഞ കാലയളവില്‍ രേഖപ്പെടുത്തിയരുന്നു. എന്നാല്‍ ഒന്നരമാസത്തിന് ശേഷം വരാനിരിക്കുന്ന വിലക്കയറ്റം വീണ്ടും വിപണിയില്‍ ആശങ്കയ്ക്ക് വഴിവെച്ചിരിക്കുകയാണ്.
ആയിരം രൂപയുള്ള റെഡിമെയ്ഡ് തുണിത്തരങ്ങള്‍ക്ക് 5 ശതമാനം, അതിനുമുകളില്‍ 8 ശതമാനം എന്ന ഇപ്പോഴത്തെ നിലയില്‍ നിന്നും ജിഎസ്ടി ഏകീകരണത്തോടെ 12 ശതമാനം ആക്കാനാണ് തീരുമാനം. തീരുമാനം നേരത്തെ തന്നെ വന്നതാണെങ്കിലും പുതുവര്‍ഷത്തോടെയാണ് അത് നടപ്പാകുക. കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി നിരക്കില്‍ മാറ്റം വരുമെന്നും വാര്‍ത്തയുണ്ട്.
പരിഷ്‌കരണം വരുന്നതോടെ സ്‌കൂള്‍, കോളെജ് തുറക്കലുമായി ബന്ധപ്പെട്ട് ലഭിക്കുന്ന കച്ചവടത്തിന് വിലങ്ങുതടിയായേക്കുമെന്നാണ് ചെറുകിടക്കാര്‍ പറയുന്നത്. ഇടത്തരം വ്യാപാര മേഖലയില്‍ നിലവില്‍ കോവിഡ് ആശ്വാസ പാക്കേജുകള്‍ പലതും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവ ആര്‍ക്കും തന്നെ എത്തിയിട്ടില്ല. ഇതിനിടയിലാണ് നികുതി ബാധ്യത കൂടെ തിരിച്ചടിയാകുകയെന്നാണ് വ്യാപാരികള്‍ വ്യക്തമാക്കുന്നത്.
'പുതിയ നികുതി ഘടന അനുസരിച്ച് 1000 രൂപവരെയുള്ള ചെരുപ്പുകള്‍ക്ക് 12 ശതമാനവും അതിനുമുകളിലുള്ളവയക്ക് 18 ശതമാനവും വില വര്‍ധന വന്നേക്കും. അത്പോലെ 500 രൂപയ്ക്ക് യൂണിഫോം ഷൂ വാങ്ങുന്ന സ്ഥാനത്ത് 7 ശതമാനത്തോളം അധിക വിലയാകും നല്‍കേണ്ടി വരുക. പെട്ടെന്നുള്ള ഈ വര്‍ധനവ് റീറ്റെയ്ല്‍ വില്‍പ്പനക്കാര്‍ക്ക് വന്‍ തിരിച്ചടിയായേക്കും. സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പുനരാരംഭിക്കുമ്പോള്‍ ഭാഗികമായി നിശ്ചലമായിരുന്ന മേഖലയില്‍ ഉണര്‍വ് പ്രതീക്ഷിക്കാം. എന്നാല്‍ എംആര്‍പി കൂട്ടുന്നതോടെ ഉപഭോക്താക്കള്‍ക്കിടയില്‍ ഡിമാന്‍ഡ് കുറയും. മേഖലയില്‍ ഉണര്‍വ് വരുന്നത് വരെ എങ്കിലും ഈ നികുതി പരിഷ്‌കരണം നീട്ടിവയ്ക്കുന്നത് ഗുണകരമായേക്കും.'' ഫൂട്ട്വെയര്‍ മാനുഫാക്ചറിംഗ് അസോസിയേഷന്‍ സംസ്ഥാന ട്രഷററും നെക്സോ ഫൂട്ട്വെയര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയര്‍മാനുമായ സുകുമാരന്‍ പറയുന്നു.
നടുവൊടിഞ്ഞ് റീറ്റെയ്ല്‍ വിപണി
ലോക്ഡൗണുകളില്‍ സിന്തറ്റിക് ഫൂട്ട്വെയര്‍ ഉല്‍പ്പന്നങ്ങളെല്ലാം തന്നെ നശിച്ചുപോയ വ്യാപാരികളുണ്ട്. 40000 വരുന്ന റീറ്റെയ്ല്‍ ചെരുപ്പ് വ്യാപാരികളില്‍ 20 ശതമാനത്തോളം മേഖലയില്‍ നിന്നും പിന്മാറുന്ന അവസ്ഥയാണ് നിലവിലുള്ളത്. കടവാടക കുടിശ്ശികയും ലോണുകളും സ്റ്റോക്ക് നശിച്ച് പോയി വന്ന ഭീമമായ നഷ്ടക്കണക്കുകളുമാണ് ഇവര്‍ക്ക് ആകെ സമ്പത്തായുള്ളത്. ജിഎസ്ടി അടച്ച് സ്റ്റോക്ക് ചെയ്ത ഉല്‍പ്പന്നങ്ങള്‍ നശിച്ചുപോയെങ്കിലും ആശ്വാസനടപടികളൊന്നും എത്തിയിട്ടില്ല. നിര്‍മാണ സാമഗ്രികളുടെ ഉയര്‍ന്ന വിലയാണ് നിലവില്‍ മേഖലയെ കുരുക്കിലാക്കിയിരിക്കുന്നതെന്ന് ഫൂട്ട്വെയര്‍ റീറ്റെയ്ലേഴ്സ് അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റും തിരുവനന്തപുരം ജില്ലാ അസോസിയേഷന്‍ പ്രസിഡന്റുമായ ധനിഷ് ചന്ദ്രന്‍ വ്യക്തമാക്കി.
'മേഖലയിലെ കച്ചവടക്കാര്‍ കരകയറാനുള്ള ശ്രമങ്ങള്‍ക്കിടയിലാണ് ജിഎസ്ടി വര്‍ധനവ് നേരിടേണ്ടി വരുന്നത്. പല വ്യാപാരികള്‍ക്കും കച്ചവടം കുറയുന്നത് പ്രതിസന്ധിയാകും. വായ്പാ കുടിശ്ശികകള്‍ക്ക് ഇളവോ മറ്റോ നല്‍കാതെയാണ് പരിഷ്‌കരണം നടത്തുന്നതെന്ന് വളരെ നിരാശാവഹമാണ്. ഉപഭോക്താക്കള്‍ക്കിടയില്‍ ഓണ്‍ലൈന്‍ വ്യാപാരം പോലുള്ള അവസരങ്ങളുള്ളപ്പോള്‍ ഇത് റീറ്റെയ്ല്‍ വിപണിക്ക് തീര്‍ച്ചയായും നഷ്ടസാധ്യത വര്‍ധിപ്പിക്കുന്നു.