റിലയന്‍സ് ഇടപാട്, ഓഹരി ഉടമകളുടെ യോഗം വിളിച്ച് ഫ്യൂച്ചര്‍ ഗ്രൂപ്പ്

ആസ്തികള്‍ റിലയന്‍സിന് കൈമാറുന്നതിന്റെ ഭാഗമായി ഫ്യൂച്ചര്‍ എന്റര്‍പ്രൈസെസ് രൂപീകരിക്കാന്‍ അനുമതി തേടിയാണ് യോഗം.

Update:2021-10-12 14:59 IST

റിലയന്‍സ് റീട്ടെയിലുമായുള്ള ഇടപാടിന് അനുമതി തേടി ഓഹരി ഉടമകളുടെയും വായ്പ നല്‍കിയവരുടെയും യോഗം വിളിക്കാന്‍ ഫ്യൂച്ചര്‍ ഗ്രൂപ്പ് തീരുമാനിച്ചു. 24713 കോടി രൂപയ്ക്ക്‌ ബിഗ് ബസാര്‍ ഉള്‍പ്പടെയുള്ള ഫ്യൂച്ചറിന്റെ റീട്ടെയില്‍, ഹോള്‍സെയില്‍ ബിസിനസുകള്‍ റിലയന്‍സിന് കൈമാറാനാണ് തീരുമാനം.

കൈമാറ്റത്തിന്റെ ഭാഗമായി ഫ്യൂച്ചര്‍ ഗ്രൂപ്പിന് കീഴിലുള്ള റീട്ടെയില്‍, ഹോള്‍സെയില്‍, ലോജിസ്റ്റിക്‌സ്, വെയര്‍ഹൗസുകള്‍ എന്നിവ ഉള്‍പ്പെട്ട 19 കമ്പനികള്‍ ഫ്യൂച്ചര്‍ എന്റര്‍പ്രൈസെസ് എന്ന ഒറ്റ കമ്പനിയുടെ കീഴിലാക്കാന്‍ ആണ് പദ്ധതി. ഇതിന് അനുമതി തേടിയാണ് ഓഹരി ഉടമകളുടെയും വായ്പ നല്‍കിയവരുടെയും യോഗം വിളിക്കുന്നത്. ഫ്യൂച്ചര്‍ എന്റര്‍പ്രൈസെസ് രൂപീകരിക്കുന്നതിന് ഓഹരി ഉടമകളോടും വായ്പ നല്‍കിയവരോടും അനുമതി തേടണമെന്ന് മൂംബൈയിലെ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ ഉത്തരവിട്ടിരുന്നു. നവംബര്‍ 10,11 തീയതികളില്‍ ഓണ്‍ലൈനായാകും യോഗം നടക്കുക. ഓഹരി ഉടമകള്‍ക്കും മറ്റും ഇ-വോട്ടിങ്ങിനുള്ള സൗകര്യവും യോഗത്തില്‍ ഉണ്ടാകും.
എന്നാല്‍ ഫ്യൂച്ചര്‍-റിലയന്‍സ് ഇടപാടിനെതിരെ ആമസോണ്‍ രംഗത്തുണ്ട്. ഫ്യൂച്ചറില്‍ 49 ശതമാനം നിക്ഷേപം ഉള്ള കമ്പനിയാണ് ആമസോണ്‍.
മൂന്ന് മുതല്‍ 10 വര്‍ഷത്തിനുള്ളില്‍ ഫ്യൂച്ചര്‍ റീട്ടെയിലിന്റെ ഓഹരികള്‍ മുഴുവന്‍ ആമസോണ്‍ വാങ്ങുമെന്നായിരുന്നു ഫ്യൂച്ചര്‍ ്ഗ്രൂപ്പുമായുള്ള കരാര്‍. ഇതു ലംഘിച്ചാണ് ഫ്യൂച്ചര്‍- റിലയന്‍സുമായി ഇടപാടെന്നാണ് ആമസോണിന്റെ ആരോപണം്.
ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ആസ്തികള്‍ റിലയന്‍സ് ഏറ്റെടുക്കുന്നതിനെതിരെ ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷനെ സമീപിച്ച് ആമസോണ്‍ അനുകൂല വിധി നേടിയിരുന്നു. ഈ ഉത്തരവ് സുപ്രീം കോടതിയും ശരിവെച്ചു. ഇതിനിടെയാണ് ആസ്തികള്‍ റിലയന്‍സിന് കൈമാറാനുള്ള തീരുമാനവുമായി ഫ്യൂച്ചര്‍ ഗ്രൂപ്പ് മുന്നോട്ട് പോകുന്നത്.


Tags:    

Similar News