ആശ്വാസം! സ്വര്‍ണവിലയില്‍ ഇന്ന് മികച്ച കുറവ്; ബുക്ക് ചെയ്ത് നേട്ടം കൊയ്യാന്‍ സുവര്‍ണാവസരം
കേരളത്തില്‍ ഇന്ന് വെള്ളിവിലയും കുറഞ്ഞു
ആഭരണപ്രേമികള്‍ക്കും വിവാഹം ഉള്‍പ്പെടെ ആവശ്യങ്ങള്‍ക്കായി സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്കും ആശ്വാസം പകര്‍ന്ന് വില ഇന്ന് മികച്ചതോതില്‍ കുറഞ്ഞു. കേരളത്തില്‍ ഗ്രാമിന് 70 രൂപ താഴ്ന്ന് 6,650 രൂപയായി. 560 രൂപ കുറഞ്ഞ് 53,200 രൂപയാണ് പവന്‍വില. ഇന്നലെ കുറിച്ച എക്കാലത്തെയും ഉയരമായ ഗ്രാമിന് 6,720 രൂപയും പവന് 53,760 രൂപയും എന്ന നിലയില്‍ നിന്നാണ് വില താഴേക്കിറങ്ങിയത്.
രാജ്യാന്തര വിലയിലെ കുറവാണ് കേരളത്തിലെ വിലയെയും സ്വാധീനിച്ചത്. ഇന്നലെ ഒരുവേള രാജ്യാന്തരവില ചരിത്രത്തിലാദ്യമായി 2,400 ഡോളറും ഭേദിച്ച് സര്‍വകാല റെക്കോഡായ 2,432 ഡോളര്‍ വരെ എത്തിയിരുന്നു. എന്നാല്‍, കഴിഞ്ഞദിവസങ്ങളിലെ വിലക്കയറ്റം മുതലെടുത്ത് നിക്ഷേപകരില്‍ നിന്ന് സ്വാഭാവികമായ ലാഭമെടുപ്പ് ഉണ്ടായതോടെ വില പൊടുന്നനേ 2,341 ഡോളറിലേക്ക് താഴുകയും ചെയ്തു. ഇത് ഇന്ത്യയിലെ ആഭ്യന്തര വിലയും കുറയാന്‍ കാരണമായി.
ഇപ്പോള്‍ ബുക്ക് ചെയ്യാം
സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുന്നവര്‍ ഇപ്പോള്‍ ബുക്ക് ചെയ്യുന്നത് ഉചിതമായിരിക്കും എന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. വിവാഹ പാര്‍ട്ടികള്‍ക്കും മറ്റും ഇന്നത്തെ വിലക്കുറവ് പ്രയോജനപ്പെടുത്താനും കഴിയും. ഒട്ടുമിക്ക ജുവലറികളും സംസ്ഥാനത്ത് ബുക്കിംഗ് ഓഫറുകള്‍ നല്‍കുന്നുമുണ്ട്.
ബുക്ക് ചെയ്താല്‍ ബുക്ക് ചെയ്ത ദിവസത്തെ വിലയും ആഭരണം കൈയില്‍ ലഭിക്കുന്ന ദിവസത്തെ വിലയും തമ്മില്‍ താരതമ്യം ചെയ്യാം. അങ്ങനെ ഇതില്‍ ഏത് ദിവസത്തെ വിലയാണോ ഏറ്റവും കുറവ്, ആ വിലയ്ക്ക് സ്വര്‍ണാഭരണം സ്വന്തമാക്കാമെന്നതാണ് നേട്ടം.
എന്തുകൊണ്ട് ബുക്ക് ചെയ്യണം?
ഇന്ന് സ്വര്‍ണവില കുറഞ്ഞെങ്കിലും വൈകാതെ വീണ്ടും കൂടാനാണ് സാധ്യതയെന്ന് ഒരുവിഭാഗം നിരീക്ഷകര്‍ പ്രവചിക്കുന്നുണ്ട്. രാജ്യാന്തരവില 2,300 ഡോളര്‍ വരെ താഴുകയും എന്നാല്‍ വര്‍ഷാന്ത്യത്തോടെ 2,700 ഡോളര്‍ നിലവാരത്തിലേക്ക് ഉയരുകയും ചെയ്‌തേക്കുമെന്നാണ് വിലയിരുത്തലുകള്‍. അങ്ങനെയെങ്കില്‍ കേരളത്തിലെ വില പവന് 60,000 രൂപ കടക്കാനുള്ള ദൂരവും അകലെയല്ല.
അമേരിക്കയില്‍ പണപ്പെരുപ്പം പ്രതീക്ഷിച്ചതിനേക്കാള്‍ കൂടിയത് സമീപഭാവിയിലെങ്ങും അടിസ്ഥാന പലിശനിരക്ക് കുറയ്ക്കില്ലെന്ന പ്രതീതി സൃഷ്ടിച്ചിട്ടുണ്ട്. ഇറാനും ഇസ്രായേലും തമ്മില്‍ ഏത് നിമിഷവും യുദ്ധമുണ്ടായേക്കുമെന്നാണ് കരുതപ്പെടുന്നത്. മാത്രമല്ല, ലോകത്തെ ഒട്ടുമിക്ക കേന്ദ്രബാങ്കുകളും വന്‍തോതില്‍ സ്വര്‍ണം വാരിക്കൂട്ടുകയുമാണ്. ഇവയെല്ലാം വൈകാതെ സ്വര്‍ണവിലയെ കൂടുതല്‍ മുന്നോട്ട് നയിക്കുമെന്നും കരുതുന്നു.
സംസ്ഥാനത്ത് ഒരുദിവസം ഏറ്റവുമധികം സ്വര്‍ണാഭരണങ്ങള്‍ വിറ്റുപോകുന്ന ദിവസമാണ് അക്ഷയതൃതീയ. അടുത്തമാസമാണ് അക്ഷയതൃതീയ എന്നിരിക്കേ, ഇപ്പോള്‍ ബുക്കിംഗ് ആരംഭിച്ചിട്ടുമുണ്ട്.
വിലക്കുറവിന്റെ നേട്ടം ഇങ്ങനെ
അനുദിനം റെക്കോഡ് കടപുഴക്കി മുന്നേറുന്നതിനിടെയാണ് ഇപ്പോള്‍ സ്വര്‍ണവില കുറഞ്ഞിരിക്കുന്നത്. ഇന്നലത്തെ വിലപ്രകാരം കേരളത്തില്‍ ഒരുപവന്‍ സ്വര്‍ണാഭരണം വാങ്ങാല്‍ 58,200 രൂപയെങ്കിലും കൊടുക്കണമായിരുന്നു. ഇന്ന് വില കുറഞ്ഞതോടെ, നികുതിയും പണിക്കൂലിയുമടക്കം 57,600 രൂപ കൊടുത്താല്‍ മതി. അതായത്, ഇന്നലത്തേക്കാള്‍ 600 രൂപയോളം കുറവ്.