ദേ ഇന്നും തകര്‍ത്തു റെക്കോഡ്, സ്വര്‍ണം തൊട്ടാല്‍ പൊള്ളും; 51,000 രൂപ കൊടുത്താല്‍ പോലും കിട്ടില്ല ഒരു പവന്‍

കേരളത്തിലെ സ്വര്‍ണവിലയില്‍ പുത്തന്‍ നാഴികക്കല്ല്; വെള്ളിക്കും വിലക്കുതിപ്പ്

Update: 2024-03-07 04:55 GMT

Image : Canva

റെക്കോഡ് അനുദിനം പഴങ്കഥയാക്കി മുന്നേറുന്ന കേരളത്തിലെ സ്വര്‍ണവില ഇന്ന് ഭേദിച്ചത് നിര്‍ണായക നാഴികക്കല്ല്. പവന്‍വില ചരിത്രത്തിലാദ്യമായി 48,000 രൂപയും ഗ്രാം വില 6,000 രൂപയും ഭേദിച്ചു.
ഗ്രാമിന് 40 രൂപ വര്‍ധിച്ച് 6,010 രൂപയാണ് ഇന്ന് വില. 320 രൂപ ഉയര്‍ന്ന് പവന്‍വില 48,080 രൂപയിലുമെത്തി.
6 ദിവസം, കുതിച്ചത് 1,760 രൂപ
ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്നാണ് ഈ മാസത്തിന്റെ തുടക്കം മുതല്‍ സ്വര്‍ണവില കാഴ്ചവയ്ക്കുന്നത്. മാര്‍ച്ച് ഒന്നിന് 46,320 രൂപ മാത്രമായിരുന്ന പവന്‍വിലയാണ് തുടര്‍ച്ചയായ കുതിപ്പിലൂടെ ഇന്ന് 48,080 രൂപയിലെത്തിയത്. കഴിഞ്ഞ 6 ദിവസത്തിനിടെ പവന് വര്‍ധിച്ചത് 1,760 രൂപ. ഗ്രാമിന് 220 രൂപയും ഈ മാസം ഇതിനകം വര്‍ധിച്ചിട്ടുണ്ട്.
വെള്ളിക്കും വിലക്കുതിപ്പ്
വെള്ളിയുടെ വില വര്‍ധനയും ഉപഭോക്താക്കളെ വലയ്ക്കും. ഇന്ന് ഗ്രാമിന് ഒരു രൂപ ഉയര്‍ന്ന് 79 രൂപയിലെത്തി. പാദസരം, അരഞ്ഞാണം തുടങ്ങിയ വെള്ളി ആഭരണങ്ങള്‍, പൂജാവസ്തുക്കള്‍, പാത്രങ്ങള്‍ തുടങ്ങിയവ വാങ്ങുന്നവര്‍ക്ക് വിലക്കയറ്റം തിരിച്ചടിയാണ്. 18 കാരറ്റ് സ്വര്‍ണവിലയും ഇന്ന് 35 രൂപ ഉയര്‍ന്ന് എക്കാലത്തെയും ഉയരമായ 4,990 രൂപയിലെത്തി.
പൊള്ളുന്ന വിലക്കയറ്റം
സ്വര്‍ണം മലയാളി സമൂഹത്തിന് എന്നും അവിഭാജ്യഘടകമാണ്. വിവാഹം ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്കായും മറ്റും സ്വര്‍ണാഭരണങ്ങള്‍ വാങ്ങിക്കുന്നത് പതിവ്. മാത്രമല്ല, സമ്പത്തായും നിക്ഷേപമായും സ്വര്‍ണത്തെ കാണുന്നവരും ധാരാളം.
അടിയന്തര സാമ്പത്തികാവശ്യം നിറവേറ്റാന്‍ സ്വര്‍ണം പണയംവച്ച് വായ്പ തേടുന്നവരും ധാരാളം. 2021-22 സാമ്പത്തിക വര്‍ഷം മാത്രം ഒരുലക്ഷം കോടിയോളം രൂപയുടെ സ്വര്‍ണാഭരണങ്ങളാണ് കേരളത്തില്‍ വിറ്റഴിഞ്ഞത്.
സ്വര്‍ണാഭരണ പ്രേമികളെ കടുത്ത ആശങ്കയിലാഴ്ത്തിയാണ് ഇപ്പോഴത്തെ വിലക്കുതിപ്പ്. 2014ല്‍ ശരാശരി പവന്‍വില 21,400 രൂപയായിരുന്നു. പത്തുവര്‍ഷം പിന്നിട്ടപ്പോള്‍ വില ഇരട്ടിയിലേറെയായി വര്‍ധിച്ചു. 10 വര്‍ഷം മുമ്പ് 50,000 രൂപ കൊടുത്താല്‍ രണ്ടുപവനോ അതിലധികമോ തൂക്കമുള്ള സ്വര്‍ണാഭരണം വാങ്ങാമായിരുന്നെങ്കില്‍ ഇന്ന് ഒരു പവന്‍ പോലും കിട്ടില്ല.
ഇന്നൊരു പവന് എന്ത് നല്‍കണം?
48,080 രൂപയാണ് ഇന്നൊരു പവന്‍ വില. ഇത് ആഭരണത്തിന്റെ വിലയല്ല. ഒരു പവന്‍ ആഭരണം വാങ്ങാന്‍ ഈ വിലയ്ക്ക് പുറമേ മൂന്ന് ശതമാനം ജി.എസ്.ടി., 45 രൂപയും അതിന്റെ 18 ശതമാനം ജി.എസ്.ടിയും ചേരുന്ന ഹോള്‍മാര്‍ക്ക് (HUID) ഫീസ്, ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവയും നല്‍കണം. ഇന്നത്തെ വില പ്രകാരം 52,000 രൂപ കൊടുത്താലേ ഒരു പവന്‍ സ്വര്‍ണാഭരണം കൈയില്‍ കിട്ടൂ.
ചില ജുവലറികള്‍ 10 ശതമാനമോ 20 ശതമാനമോ അതിന് മുകളിലോ പണിക്കൂലി ആഭരണത്തിന്റെ രൂപകല്‍പനയ്ക്കും മറ്റും ആനുപാതികമായി ഈടാക്കാറുണ്ട്. അതുകണക്കാക്കിയാല്‍, ഒരു പവന് വില്പനവില 60,000 രൂപ കടന്നാലും അത്ഭുതപ്പെടാനില്ല.
എന്തുകൊണ്ട് ഇങ്ങനെ വില കയറുന്നു?
സുരക്ഷിത നിക്ഷേപമെന്ന പെരുമയുണ്ട് ആഗോളതലത്തില്‍ സ്വര്‍ണത്തിന്. അതായത് ഓഹരികള്‍, കടപ്പത്രം തുടങ്ങിയ നിക്ഷേപങ്ങളുടെ ആദായത്തെ ഭൗമരാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധികള്‍ അലട്ടുമ്പോള്‍ നിക്ഷേപകര്‍ അവയില്‍ നിന്ന് പണം പിന്‍വലിച്ച് സ്വര്‍ണത്തിലേക്ക് മാറ്റും. അങ്ങനെ, സ്വര്‍ണത്തിന് ഡിമാന്‍ഡും വിലയും കൂടും.
ഇപ്പോള്‍ ഏറ്റവും വലിയ സാമ്പത്തികശക്തിയായ അമേരിക്കയിലെ കേന്ദ്രബാങ്കായ യു.എസ് ഫെഡറല്‍ റിസര്‍വിന്റെ തലവന്‍ ജെറോം പവലിന്റെ ഒരു പ്രസ്താവനയാണ് ഇപ്പോള്‍ സ്വര്‍ണവിലക്കുതിപ്പിന് വളമായത്. അടിസ്ഥാന പലിശനിരക്ക് ധൃതിപിടിച്ച് കുറയ്ക്കില്ലെന്നാണ് അദ്ദേഹം ഇന്നലെ അമേരിക്കന്‍ നിയമനിര്‍മ്മാണസഭയില്‍ പറഞ്ഞത്.
ഇതോടെ അമേരിക്കന്‍ ഡോളറിന്റെ മൂല്യവും അമേരിക്കന്‍ സര്‍ക്കാരിന്റെ കടപ്പത്രങ്ങളുടെ യീല്‍ഡും (ആദായനിരക്ക്) കുറഞ്ഞു. ഇത് സ്വര്‍ണത്തിലേക്ക് പണമൊഴുക്ക് വര്‍ധിപ്പിക്കുകയും അതുവഴി വിലയും കൂടുകയുമായിരുന്നു. കഴിഞ്ഞവാരം ഔണ്‍സിന് 2,030 ഡോളറായിരുന്ന രാജ്യാന്തരവില ഇന്നുള്ളത് 2,158 ഡോളറില്‍. ഇന്നുമാത്രം 30 ഡോളറിലധികം ഉയര്‍ന്നു.
Tags:    

Similar News