മലക്കംമറിഞ്ഞ് സ്വര്‍ണം, വില വീണ്ടും മേലോട്ട്; വെള്ളിക്കും റെക്കോഡ്
ഇന്നലെ പവന് 320 രൂപ കുറഞ്ഞശേഷമാണ് ഇന്നത്തെ വിലക്കുതിപ്പ്
റെക്കോഡ് തിരുത്തിയുള്ള മുന്നേറ്റത്തിനിടെ ഒറ്റദിവസത്തെ മാത്രം ആശ്വാസം നല്‍കി ഇന്നലെ കുറഞ്ഞ സ്വര്‍ണവില ഇന്ന് മലക്കംമറിഞ്ഞു. കേരളത്തില്‍ പവന്‍വില ഇന്ന് 200 രൂപ ഉയര്‍ന്ന് 48,480 രൂപയിലെത്തി. 25 രൂപ വര്‍ദ്ധിച്ച് 6,060 രൂപയാണ് ഗ്രാം വില.
ഇന്നലെ പവന് 320 രൂപയും ഗ്രാമിന് 40 രൂപയും കുറഞ്ഞിരുന്നു. 18 കാരറ്റ് സ്വര്‍ണവില ഇന്ന് 20 രൂപ ഉയര്‍ന്ന് 5,030 രൂപയുമായിട്ടുണ്ട്. വെള്ളി വില ഗ്രാമിന് രണ്ടുരൂപ വര്‍ദ്ധിച്ച് എക്കാലത്തെയും ഉയരമായ 80 രൂപയിലെത്തി.
എന്തുകൊണ്ട് ഇന്ന് വില കയറി?
രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലെ വിലയിലും ചാഞ്ചാട്ടം. 2,180 ഡോളറില്‍ നിന്ന് ഔണ്‍സിന് വില ഇന്നലെ വൈകിട്ട് 2,152 ഡോളര്‍ വരെ താഴ്ന്നിരുന്നു. എന്നാല്‍, ഇന്ന് വീണ്ടും വില 2,170 ഡോളര്‍ ഭേദിച്ചതോടെ കേരളത്തിലെ വിലയും ആനുപാതികമായി കയറുകയായിരുന്നു.
അമേരിക്കയില്‍ പണപ്പെരുപ്പം കുറഞ്ഞതിനാല്‍ അടിസ്ഥാന പലിശനിരക്കുകള്‍ കുറയ്ക്കാന്‍ കേന്ദ്രബാങ്ക് തയ്യാറായേക്കുമെന്ന് വിലയിരുത്തലുകളുണ്ട്. ഇത് ഡോളറിന്റെ മൂല്യം, അമേരിക്കന്‍ സര്‍ക്കാരിന്റെ കടപ്പത്രങ്ങളുടെ യീല്‍ഡ് എന്നിവയെ താഴേക്ക് നയിക്കുന്നതും ഓഹരി വിപണികളുടെ ഇടിവുമാണ് സ്വര്‍ണത്തിന് നേട്ടമാകുന്നത്. സുരക്ഷിത നിക്ഷേപമെന്നോണം നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് പണംമാറ്റുകയാണ്. ഇത് വില വര്‍ദ്ധനയും സൃഷ്ടിക്കുന്നു.