സ്വര്‍ണക്കുതിപ്പിന് ഒരിടവേള; മാറാതെ വെള്ളിയും, ഇനി കാതോര്‍ക്കാം അമേരിക്കയിലേക്ക്
ഇന്നലെ സ്വര്‍ണവില സര്‍വകാല റെക്കോഡ് കുറിച്ചിരുന്നു
റെക്കോഡുകള്‍ കടപുഴക്കിയുള്ള മുന്നേറ്റത്തിന് ഇന്നൊരു ബ്രേക്കിട്ട് സ്വര്‍ണവില. കേരളത്തില്‍ ഗ്രാം വില 6,080 രൂപയിലും പവന്‍വില 48,640 രൂപയിലും തുടരുകയാണ്. രണ്ടും എക്കാലത്തെയും ഉയര്‍ന്ന വിലയാണ്.
18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 5,050 രൂപയിലും വെള്ളിവില ഗ്രാമിന് 80 രൂപയിലും മാറ്റമില്ലാതെ തുടരുന്നു.
കഴിഞ്ഞ ഒരുമാസത്തിനിടെ സംസ്ഥാനത്ത് പവന്‍വിലയിലുണ്ടായ വര്‍ദ്ധന 3,120 രൂപയാണ്; ഗ്രാമിന് 390 രൂപയും ഉയര്‍ന്നു. ഫെബ്രുവരി 15ന് 45,520 രൂപയായിരുന്ന പവന്‍വിലയാണ് ഇപ്പോള്‍ 48,640 രൂപയിലെത്തിയത്. നികുതിയും പണിക്കൂലിയും മറ്റും ചേരുമ്പോള്‍ ഒരു പവന്‍ ആഭരണം വാങ്ങാന്‍ 52,600 രൂപയെങ്കിലും കൈയില്‍ കരുതണം എന്നതാണ് കേരളത്തിലെ സ്ഥിതി.
ഉറ്റുനോട്ടം അമേരിക്കയിലേക്ക്
അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ നിര്‍ണായക ധനനയ പ്രഖ്യാപനം ഇന്ത്യന്‍ സമയം ഇന്ന് രാത്രിയുണ്ടാകും. യോഗത്തിന് മുമ്പ് ഡോളര്‍ കാഴ്ചവച്ച മുന്നേറ്റത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര സ്വര്‍ണവില അല്പം താഴ്ന്നിരുന്നു.
ഔണ്‍സിന് 2,150 ഡോളറിന് താഴേക്കുപോയ വില പിന്നീട് 2,159 ഡോളറിലേക്ക് കയറുകയും ചെയ്തു. ഈ ചാഞ്ചാട്ടത്തിന്റ പശ്ചാത്തലത്തിലാണ് കേരളത്തില്‍ ഇന്ന് വില മാറാത്തത്. അടിസ്ഥാന പലിശനിരക്ക് സമീപകാലത്തൊന്നും കുറയ്ക്കില്ലെന്ന നിലപാടാണ് ഫെഡറല്‍ റിസര്‍വ് എടുക്കുന്നതെങ്കില്‍ ഡോളര്‍, ബോണ്ട് യീല്‍ഡ് എന്നിവ കൂടുതല്‍ ഉയരും. ഇത് സ്വര്‍ണവില കുറയാന്‍ വഴിയൊരുക്കും.