ആശ്വാസം! റെക്കോഡ് കൈവിട്ട് സ്വര്‍ണവില കുറഞ്ഞു; കേരളത്തില്‍ വെള്ളിവില സെഞ്ച്വറിയിലേക്ക്

രാജ്യാന്തര സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം, വെള്ളിവില ദശാബ്ദത്തെ ഉയരത്തിൽ

Update:2024-05-21 10:09 IST

Image : Canva

ഇന്നലെ കുതിച്ചുകയറി പുത്തന്‍ റെക്കോഡിട്ട സ്വര്‍ണവില അതേവേഗത്തില്‍ ഇന്ന് താഴേക്കിറങ്ങി. ഗ്രാമിന് 60 രൂപ കുറഞ്ഞ് വില ഇന്ന് 6,830 രൂപയായി. 480 രൂപ താഴ്ന്ന് 54,640 രൂപയാണ് പവന്‍വില.
ഇന്നലെ പവന് 400 രൂപയും ഗ്രാമിന് 50 രൂപയും വര്‍ധിച്ചിരുന്നു. ചരിത്രത്തില്‍ ആദ്യമായി പവന്‍വില 55,000 രൂപ കടന്നതും ഇന്നലെയായിരുന്നു. ഇന്നലെ രേഖപ്പെടുത്തിയ പവന് 55,120 രൂപയും ഗ്രാമിന് 6,890 രൂപയുമാണ് കേരളത്തിലെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്നവില.
വെള്ളി സെഞ്ച്വറിയിലേക്ക്
ലൈറ്റ്‌വെയ്റ്റ് (കനംകുറഞ്ഞ) ആഭരണങ്ങള്‍ നിര്‍മ്മിക്കാന്‍ പ്രധാനമായും ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണവിലയും ഇന്ന് ഗ്രാമിന് 50 രൂപ കുറഞ്ഞ് 5,690 രൂപയിലെത്തി.
അതേസമയം, പൊന്നിന് കടകവിരുദ്ധമായി വെള്ളിവില മുന്നേറുകയാണ്. ഇന്ന് വില ഗ്രാമിന് കേരളത്തില്‍ രണ്ടുരൂപ വര്‍ധിച്ച് 99 രൂപയിലെത്തി. നിലവിലെ ട്രെന്‍ഡ് തുടര്‍ന്നാല്‍ വില വൈകാതെ 100 രൂപ കടന്നേക്കുമെന്നാണ് വിലയിരുത്തല്‍.
'ഭാവിയിലെ പൊന്ന്' എന്ന വിശേഷണവുമായി രാജ്യാന്തരതലത്തിലും വെള്ളിവില കത്തിക്കയറുകയാണ്. ഇന്നലെ വില ഔണ്‍സിന് 2.5 ശതമാനം ഉയര്‍ന്ന് 32.28 ഡോളറെന്ന 11-വര്‍ഷത്തെ ഉയരത്തിലെത്തിയിരുന്നു.
വ്യവസായ മേഖലയില്‍ നിന്നുള്ള ആവശ്യങ്ങള്‍, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ആഗോള സമ്പദ്‌മേഖലയില്‍ സൃഷ്ടിക്കുന്ന ആശങ്ക, വിതരണശൃംഖലയിലെ തടസ്സങ്ങള്‍ എന്നിവയാണ് വെള്ളിക്ക് കുതിപ്പാകുന്നത്.
രാജ്യാന്തര സ്വര്‍ണവില താഴ്ന്നു
അമേരിക്ക അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കുമെന്ന വിലയിരുത്തലും ഇറാന്‍ പ്രസിഡന്റിന്റെ മരണം മധ്യേഷ്യയില്‍ വിതച്ച ആശങ്കകളും മുതലെടുത്ത് ഇന്നലെ ഔണ്‍സിന് 2,440 ഡോളറെന്ന റെക്കോഡിലെത്തിയ രാജ്യാന്തര സ്വര്‍ണവില ഇന്ന് താഴേക്കിറങ്ങി 2,413 ഡോളറായി. ഇത് കേരളത്തിലും വില കുറയാന്‍ വഴിയൊരുക്കി.
ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്ന് 6 പൈസ ഉയര്‍ന്ന് 83.31 എന്ന നിലയിലെത്തിയതും സ്വര്‍ണവിലക്കുറവിന് സഹായിച്ചിട്ടുണ്ട്.

ഇന്നൊരു പവന്‍ ആഭരണത്തിന്റെ വില

ജി.എസ്.ടിയും പണിക്കൂലിയും ഹോള്‍മാര്‍ക്ക് ഫീസുമടക്കം മിനിമം 59,700 രൂപയെങ്കിലും കൊടുത്താലായിരുന്നു ഇന്നലെ ഒരു പവന്‍ ആഭരണം വാങ്ങാമായിരുന്നത്. ഇന്ന് വില കുറഞ്ഞതോടെ മിനിമം വാങ്ങല്‍വിലയും 59,000 രൂപയിലേക്ക് താഴ്ന്നിട്ടുണ്ട്.

Tags:    

Similar News