സ്വര്‍ണവില കുതിപ്പിന് വീണ്ടും ബ്രേക്ക്; വെള്ളിവിലയിലും മാറ്റമില്ല
ഇന്നലെ പവന് 320 രൂപ കൂടിയിരുന്നു
ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഇന്നലെ മുന്നേറ്റത്തിന്റെ ട്രാക്കിലേറിയ സ്വര്‍ണവില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 6,060 രൂപയും പവന് 48,480 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ പവന് 320 രൂപയും ഗ്രാമിന് 40 രൂപയും ഉയര്‍ന്നിരുന്നു.
18 കാരറ്റ് സ്വര്‍ണവിലയിലും ഇന്ന് മാറ്റമില്ല; ഗ്രാമിന് 5,030 രൂപ. വെള്ളിവിലയും ഗ്രാമിന് 80 രൂപയെന്ന റെക്കോഡ് വിലയില്‍ തുടരുന്നു. ഈ മാസം 9ന് കുറിച്ച ഗ്രാമിന് 6,075 രൂപയും പവന് 48,600 രൂപയുമാണ് കേരളത്തില്‍ സ്വര്‍ണവിലയുടെ എക്കാലത്തെയും ഉയരം.
എന്തുകൊണ്ട് വില മാറിയില്ല?
ഔണ്‍സിന് 2,150 ഡോളര്‍ നിലവാരത്തില്‍ നിന്ന് ഇന്നലെ 2,170 ഡോളറിന് മുകളിലേക്ക് കയറിയ രാജ്യാന്തരവില പിന്നീട് 2,161 ഡോളറിലേക്ക് താഴ്ന്നിരുന്നു. ഇപ്പോള്‍ വിലയുള്ളത് 2,164 ഡോളറിലാണ്.
ഈ ചാഞ്ചാട്ടത്തിന് പുറമേ ഇന്നലെ ഡോളറിനെതിരെ രൂപയുടെ മൂല്യം നേരിയതോതില്‍ താഴ്ന്നതും ഇന്ന് ആഭ്യന്തര സ്വര്‍ണവിലയെ മാറ്റമില്ലാതെ തുടരാന്‍ ഇടയാക്കിയിട്ടുണ്ട്.