നിശ്ചലം സ്വര്‍ണവില; അന്താരാഷ്ട്ര വിലയിലും ആലസ്യം
വെള്ളി വിലയിലും ഇന്ന് മാറ്റമില്ല
കഴിഞ്ഞയാഴ്ച പുത്തന്‍ ഉയരത്തിലേക്ക് കുതിച്ചുചാട്ടം നടത്തിയ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാം വില 6,125 രൂപയും പവന്‍വില 49,000 രൂപയിലും തുടരുന്നു. 18 കാരറ്റ് സ്വര്‍ണവിലയും 5,100 രൂപയില്‍ തുടരുകയാണ്. വെള്ളി വിലയിലും മാറ്റമില്ല, ഗ്രാമിന് 80 രൂപ.
കുതിപ്പിന്റെ കാലം
കഴിഞ്ഞ 21ന് (March 21) കേരളത്തില്‍ പവന്‍വില എക്കാലത്തെയും ഉയരമായ 49,440 രൂപയിലെത്തിയിരുന്നു. ഗ്രാമിന് അന്ന് 6,180 രൂപയുമായിരുന്നു വില.
രാജ്യാന്തര വില ഔണ്‍സിന് 2,200 ഡോളറും കടന്ന് റെക്കോഡ് ഭേദിച്ചതാണ് കേരളത്തിലെ വിലയെയും പുതിയ ഉയരത്തിലെത്തിച്ചത്.
രാജ്യാന്തരവില ഇപ്പോള്‍ 2,170 ഡോളറിലാണുള്ളത്. അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് കഴിഞ്ഞ ധനനയ നിര്‍ണയ യോഗത്തില്‍ അടിസ്ഥാന പലിശനിരക്കില്‍ മാറ്റം വരുത്താതിരുന്നതോടെ ഡോളറിന്റെ മൂല്യം കുതിച്ചുയര്‍ന്നിരുന്നു. ഇതാണ് രാജ്യാന്തര സ്വര്‍ണവിലയെ താഴേക്ക് വീഴ്ത്തിയത്.
എന്നാല്‍, 2024ന്റെ അവസാന മാസങ്ങള്‍ ആകുമ്പോഴേക്കും വില 2,300 ഡോളര്‍ ഭേദിക്കുമെന്നാണ് വിലയിരുത്തലുകള്‍. അങ്ങനെ സംഭവിച്ചാല്‍ കേരളത്തിലെ വില പവന് 52,000 രൂപ ഭേദിച്ചേക്കാമെന്നും വിലയിരുത്തപ്പെടുന്നു.