സ്വര്‍ണവില ചാഞ്ചാട്ടത്തിന് ഇന്ന് ഇടവേള; വെള്ളിവില താഴേക്ക്
രാജ്യാന്തര വിലയില്‍ നേരിയ കയറ്റം
കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 6,670 രൂപയിലും പവന് 53,360 രൂപയിലുമാണ് വ്യാപാരം. 18 കാരറ്റ് സ്വര്‍ണവിലയും 5,540 രൂപയില്‍ മാറ്റമില്ലാതെ തുടരുന്നു.
അതേസമയം, വെള്ളിവിലയില്‍ ഇന്ന് മികച്ച കുറവുണ്ടായി. ഗ്രാമിന് രണ്ടുരൂപ താഴ്ന്ന് വില 98 രൂപയിലെത്തി. രണ്ടുദിവസം മുമ്പ് വില 101 രൂപയെന്ന റെക്കോഡ് രേഖപ്പെടുത്തിയിരുന്നു.
ചാഞ്ചാട്ടത്തിന് ബ്രേക്ക്!
ഈമാസം 20ന് കുറിച്ച ഗ്രാമിന് 6,890 രൂപയും പവന് 55,120 രൂപയുമാണ് കേരളത്തിലെ എക്കാലത്തെയും ഉയര്‍ന്ന വില. അതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോള്‍ ഗ്രാമിന് 220 രൂപയും പവന് 1,760 രൂപയും കുറവാണ്.
അതേസമയം മൂന്ന് ശതമാനം ജി.എസ്.ടി., 53.10 രൂപ എച്ച്.യു.ഐ.ഡി ഫീസ്, കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവ ചേരുമ്പോള്‍ 57,800 രൂപയെങ്കിലും കൊടുത്താലേ ഇന്നൊരു പവന്‍ ആഭരണം വാങ്ങാനാകൂ.
അമേരിക്കയിലേക്ക് കണ്ണുംനട്ട്
ഇന്നലെ ഔണ്‍സിന് 2,335 ഡോളറായിരുന്ന രാജ്യാന്തര സ്വര്‍ണവില ഇന്ന് 2,341 ഡോളറിലെത്തിയിട്ടുണ്ട്.
അമേരിക്കയുടെ കഴിഞ്ഞമാസത്തെ പണപ്പെരുപ്പക്കണക്ക് ഇന്ന് പുറത്തുവരാനിരിക്കേ, നിക്ഷേപകര്‍ കരുതലോടെയാണ് സ്വര്‍ണവിപണിയെ കാണുന്നത്. പണപ്പെരുപ്പം കൂടിയാല്‍ അടിസ്ഥാന പലിശനിരക്ക് വീണ്ടും കൂട്ടാന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് മുതിര്‍ന്നേക്കും.
ഇത് ബോണ്ടുകളില്‍ നിന്നുള്ള ആദായനിരക്ക് കൂടാനിടയാക്കും. ഫലത്തില്‍, സ്വര്‍ണത്തെ കൈവിട്ട് നിക്ഷേപകര്‍ ബോണ്ടുകളിലേക്ക് ചേക്കേറും. സ്വര്‍ണവില താഴുകയും ചെയ്യും. അതേസമയം, പണപ്പെരുപ്പം ആശ്വാസതലത്തിലേക്ക് താഴ്ന്നാല്‍ അത് സ്വര്‍ണവില കൂടാനാണ് കളമൊരുക്കുക.