ദേ, സ്വര്‍ണവില പിന്നേം മേലോട്ട്; പവന് വീണ്ടും ₹46,000 കടന്നു, അനങ്ങാതെ വെള്ളി

ഡോളര്‍ ദുര്‍ബലം, രാജ്യാന്തര സ്വര്‍ണവിലയും മുന്നോട്ട്

Update:2023-12-20 10:33 IST

Image Courtesy : Malabar Gold and Diamonds website

ആഗോള വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും സ്വര്‍ണവില മുന്നോട്ട്. സംസ്ഥാനത്ത് ഇന്ന് ഗ്രാമിന് 35 രൂപ വര്‍ധിച്ച് വില 5,775 രൂപയായി. 280 രൂപ ഉയര്‍ന്ന് 46,200 രൂപയിലാണ് പവന്‍ വ്യാപാരം.

ഈ മാസം കനത്ത ചാഞ്ചാട്ടമാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ദൃശ്യമായത്. ഡിസംബര്‍ നാലിന് പവന്‍ വില 47,080 രൂപയായിരുന്നു. ഇത് സര്‍വകാല റെക്കോഡാണ്. തുടര്‍ന്ന് പക്ഷേ, വില കുത്തനെ ഇടിഞ്ഞ് ഡിസംബര്‍ 13ന് 45,320 രൂപയിലെത്തി. പിന്നീട് വില വീണ്ടും കയറുകയായിരുന്നു.
ചാഞ്ചാട്ടത്തിന് പിന്നില്‍
അമേരിക്കയാണ് മുഖ്യ കാരണം! അമേരിക്കന്‍ ഡോളറും അമേരിക്കന്‍ സര്‍ക്കാരിന്റെ കടപ്പത്രങ്ങളുടെ യീല്‍ഡും (കടപ്പത്രങ്ങളില്‍ നിന്ന് ലഭിക്കുന്ന ആദായം) താഴുന്നതാണ് സ്വര്‍ണത്തിന് നേട്ടമാകുന്നത്.
നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമെന്നോണം സ്വര്‍ണത്തിലേക്ക് നിക്ഷേപം മാറ്റുകയാണ്. അതായത്, ഡിമാന്‍ഡ് കൂടിയതോടെ സ്വര്‍ണവില മേലോട്ടുയരുന്നു. കഴിഞ്ഞവാരം ഔണ്‍സിന് 2,019 ഡോളറായിരുന്ന രാജ്യാന്തര വില ഇപ്പോഴുള്ളത് 2,040 ഡോളറിലാണ്.
അമേരിക്കയുടെ ഉപയോക്തൃ വിപണിയുടെ വളര്‍ച്ചാക്കണക്ക് ഈയാഴ്ച പുറത്തുവരും. കണക്കുകള്‍ ഭദ്രമെങ്കില്‍ അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുന്ന നടപടികളിലേക്ക് 2024ല്‍ കടക്കും. കണക്കുകള്‍ നിരാശപ്പെടുത്തിയാല്‍, പലിശ കുറയാന്‍ കാത്തിരിപ്പ് ഏറെ നീളും. ഈ ആശങ്കയാണ് ഡോളറിനെയും യീല്‍ഡിനെയും തളര്‍ത്തുന്നത്.
ചാഞ്ചാടാതെ വെള്ളി
സ്വര്‍ണത്തിന്റെ ചാഞ്ചാട്ടം പക്ഷേ, വെള്ളിക്കില്ല. കഴിഞ്ഞ 4 ദിവസമായി കേരളത്തില്‍ വെള്ളി വില ഗ്രാമിന് 80 രൂപയില്‍ തന്നെ തുടരുകയാണ്. 18 കാരറ്റ് സ്വര്‍ണവില ഇന്ന് ഗ്രാമിന് 30 രൂപ ഉയര്‍ന്ന് 4,785 രൂപയായിട്ടുണ്ട്.
Tags:    

Similar News