സ്വര്‍ണവില വീണ്ടും താഴേക്ക്; വെള്ളിവിലയും കുറഞ്ഞു, ദുർബലമായി ഡോളർ
രാജ്യാന്തര സ്വർണവിലയിൽ ചാഞ്ചാട്ടം
രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തില്‍ സ്വര്‍ണവില ഇന്ന് കുറഞ്ഞു. ഗ്രാമിന് 20 രൂപ കുറഞ്ഞ് വില 6,650 രൂപയായി 160 രൂപ താഴ്ന്ന് 53,200 രൂപയാണ് പവന്‍ വില.
ലൈറ്റ്‌വെയ്റ്റ് (കനംകുറഞ്ഞ) ആഭരണങ്ങള്‍ നിര്‍മ്മിക്കാന്‍ പ്രധാനമായും ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 15 രൂപ കുറഞ്ഞ് 5,525 രൂപയിലെത്തി. വെള്ളവിലയും തുടര്‍ച്ചയായി താഴുകയാണ്. ഇന്ന് ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 97 രൂപയിലാണ് വ്യാപാരം. ഏതാനും ദിവസം മുമ്പ് ഗ്രാമിന് 101 രൂപയായിരുന്നു വില.
രാജ്യാന്തരവില താഴേക്ക്
ഇന്നലെ ഔണ്‍സിന് 2,341 ഡോളറായിരുന്ന രാജ്യാന്തരവില നിലവില്‍ 2,327 ഡോളറിലേക്ക് താഴ്ന്നത് കേരളത്തിലും വിലക്കുറവിന് വഴിയൊരുക്കി.
അമേരിക്കയുടെ റീറ്റെയ്ല്‍ പണപ്പെരുപ്പം, ഉപയോക്തൃച്ചെലവ് ഡേറ്റ എന്നിവ പുറത്തുവരാനിരിക്കേ നിക്ഷേപകര്‍ വില്‍പനസമ്മര്‍ദ്ദം സൃഷ്ടിച്ചതാണ് വില കുറയാനിടയാക്കിയത്.
പണപ്പെരുപ്പം ഏപ്രിലില്‍ 2.7 ശതമാനമാണ്. ഇത് രണ്ടുശതമാനമായി കുറയ്ക്കുകയാണ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ ലക്ഷ്യം. വ്യക്തിഗത ഉപഭോഗച്ചെലവ് (PCE) നിരീക്ഷകര്‍ പ്രതീക്ഷിച്ച 0.3 ശതമാനത്തിലുമെത്തി.
1.3 ശതമാനമാണ് അമേരിക്കയുടെ ജനുവരി-മാര്‍ച്ചുപാദ ജി.ഡി.പി വളര്‍ച്ചാനിരക്ക്. നേരത്തേ വിലയിരുത്തിയ 1.6 ശതമാനത്തില്‍ നിന്ന് കുറഞ്ഞു.
ഈ കണക്കുകളുടെ പശ്ചാത്തലത്തില്‍ ഫെഡറല്‍ റിസര്‍വ് സെപ്റ്റംബറോടെ അടിസ്ഥാന പലിശനിരക്ക് താഴ്ത്തിയേക്കുമെന്നാണ് വിലയിരുത്തലുകള്‍. ഇതോടെ ഡോളറും ബോണ്ട് യീല്‍ഡും ദുര്‍ബലമായി.
ലോകത്തെ ആറ് മുന്‍നിര കറന്‍സികള്‍ക്കെതിരായ ഡോളര്‍ ഇന്‍ഡെക്‌സ് 106 നിലവാരത്തില്‍ നിന്ന് 104.63ലേക്കും സര്‍ക്കാരിന്റെ 10-വര്‍ഷ ട്രഷറി യീല്‍ഡ് 4.619 ശതമാനത്തില്‍ നിന്ന് 4.502 ശതമാനത്തിലേക്കും താഴ്ന്നു. വരുംദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ കയറ്റിറക്കങ്ങള്‍ക്ക് ഇത് വഴിവച്ചേക്കുമെന്നാണ് വിലയിരുത്തലുകള്‍.