റെക്കോഡ് കുതിപ്പിന് ബ്രേക്ക്! സ്വര്‍ണവിലയില്‍ ഈയാഴ്ച കുറഞ്ഞത് പവന് 2,000 രൂപ; ഇന്ന് വിലയില്‍ മാറ്റമില്ല
രാജ്യാന്തര സ്വര്‍ണവിലയില്‍ ആലസ്യം
റെക്കോഡ് കുതിപ്പിന് ബ്രേക്കിട്ട് കഴിഞ്ഞദിവസങ്ങളില്‍ കുത്തനെ ഇടിഞ്ഞ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 6,640 രൂപയിലും പവന് 53,120 രൂപയിലുമാണ് ഇന്ന് വ്യപാരം.
ഇക്കഴിഞ്ഞ തിങ്കളാഴ്ച (May 20) സംസ്ഥാനത്ത് വില ഗ്രാമിന് 6,890 രൂപയും പവന് 55,120 രൂപയും എന്ന സര്‍വകാല റെക്കോഡ് കുറിച്ചിരുന്നു. എന്നാല്‍, അതിനുശേഷം വില കുത്തനെ താഴുന്നതായിരുന്നു കാഴ്ച. റെക്കോഡില്‍ നിന്ന് ഇതിനകം ഗ്രാമിന് 250 രൂപയും പവന് 2,000 രൂപയും കുറഞ്ഞിട്ടുണ്ട്.
18 കാരറ്റും വെള്ളിയും
ലൈറ്റ്‌വെയ്റ്റ് (കനംകുറഞ്ഞ) ആഭരണങ്ങള്‍ നിര്‍മ്മിക്കാന്‍ പ്രധാനമായും ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണവിലയിലും ഇന്ന് മാറ്റമില്ല, ഗ്രാമിന് 5,520 രൂപ. ഇതിനും കഴിഞ്ഞ 4 ദിവസത്തിനിടെ ഗ്രാമിന് 220 രൂപ കുറഞ്ഞിട്ടുണ്ട്.
തിങ്കളാഴ്ച ഗ്രാമിന് 100 രൂപയെന്ന നാഴികക്കല്ല് തൊട്ട വെള്ളിവില ഇന്നുള്ളത് 96 രൂപയിലാണ്, ഇന്ന് വില മാറ്റമില്ല.
രാജ്യാന്തര വിലയില്‍ ആലസ്യം
ഈയാഴ്ചയുടെ തുടക്കത്തില്‍ ഔണ്‍സിന് 2,450 ഡോളറെന്ന റെക്കോഡ് തൊട്ട രാജ്യാന്തരവില ഇപ്പോഴുള്ളത് 2,334 ഡോളറിലാണ്.
അമേരിക്കയില്‍ അടിസ്ഥാന പലിശനിരക്ക് ഉടനൊന്നും കുറഞ്ഞേക്കില്ലെന്ന വിലയിരുത്തലാണ് സ്വര്‍ണവിലയെ ഇപ്പോള്‍ തളര്‍ത്തുന്നത്. പലിശനിരക്ക് ഉയര്‍ന്ന തലത്തില്‍ തുടരുമ്പോള്‍ ഡോളറും ബോണ്ട് യീല്‍ഡും മെച്ചപ്പെടും. ഇത് സ്വര്‍ണനിക്ഷേപങ്ങളുടെ ഡിമാന്‍ഡ് കുറയ്ക്കും; വില താഴേക്കും നീങ്ങും.