സ്വര്‍ണത്തിന് വീണ്ടും വിലക്കുതിപ്പിന്റെ പേമാരി; വെള്ളിവിലയും കത്തിക്കയറി

രാജ്യാന്തരവില വീണ്ടും മുന്നോട്ട്

Update:2024-05-28 10:28 IST

Image : Canva

കഴിഞ്ഞയാഴ്ചയിലെ വിലക്കുറവിന്റെ ട്രെന്‍ഡിന് വിരാമമിട്ട് സ്വര്‍ണവില വീണ്ടും കൂടുന്നു. കേരളത്തില്‍ ഇന്ന് ഗ്രാമിന് 20 രൂപ വര്‍ധിച്ച് 6,685 രൂപയായി. പവന് 160 രൂപ ഉയര്‍ന്ന് വില 53,480 രൂപയിലെത്തി.
ഇന്നലെയും പവന് 200 രൂപയും ഗ്രാമിന് 25 രൂപയും വര്‍ധിച്ചിരുന്നു. ലൈറ്റ്‌വെയ്റ്റ് (കനംകുറഞ്ഞ) ആഭരണങ്ങള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണവില ഇന്ന് ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5,550 രൂപയായി.
മൂന്ന് ശതമാനം ജി.എസ്.ടിയും 53.10 രൂപ ഹോള്‍മാര്‍ക്ക് (HUID) ചാര്‍ജും മിനിമം 5 ശതമാനം പണിക്കൂലിയും കണക്കാക്കിയാല്‍ ഇന്ന് 58,000 രൂപയ്ക്കടുത്ത് കൊടുത്താലേ കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാനാകൂ.
വെള്ളിക്ക് വീണ്ടും സെഞ്ച്വറി
വെള്ളിവില ഇന്ന് ഗ്രാമിന് മൂന്നുരൂപ വര്‍ധിച്ച് 100 രൂപയിലെത്തി. കഴിഞ്ഞയാഴ്ചയും ചരിത്രത്തിലാദ്യമായി വെള്ളിവില ഗ്രാമിന് 100 രൂപ രേഖപ്പെടുത്തിയിരുന്നു.
ആഗോളതലത്തില്‍ സോളാര്‍ പാനലുകള്‍, വൈദ്യുത വാഹനങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിന് വെള്ളി ഉപയോഗം കൂടിയത് വിലവര്‍ധനയ്ക്ക് ആക്കംകൂട്ടുന്നുണ്ട്.
രാജ്യാന്തരവില വീണ്ടും കത്തുന്നു
ഒരിടവേളയ്ക്ക് ശേഷം രാജ്യാന്തരവിലയും വീണ്ടും കുതിക്കുകയാണ്. അമേരിക്കയില്‍ പണപ്പെരുപ്പം താഴ്‌ന്നേക്കുമെന്നും അത് കണക്കിലെടുത്ത് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് കാലതാമസം വരുത്താതെ അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കുമെന്നുമുള്ള വിലയിരുത്തലാണ് സ്വര്‍ണത്തിന് നേട്ടമാകുന്നത്.
അടിസ്ഥാന പലിശനിരക്ക് കുറയുമ്പോള്‍ കടപ്പത്രങ്ങള്‍ അനാകര്‍ഷകമാകും. ഇത് സ്വര്‍ണ നിക്ഷേപങ്ങള്‍ക്ക് പ്രിയം കൂട്ടും; വിലയും ഉയരും.
കഴിഞ്ഞവാരം ഔണ്‍സിന് 2,325 ഡോളറിലേക്ക് വീണ രാജ്യാന്തരവില ഇപ്പോള്‍ 2,350 ഡോളറിലേക്ക് ഉയര്‍ന്നത് കേരളത്തില്‍ വില കൂടാന്‍ സ്വാധീനിച്ചിട്ടുണ്ട്.
Tags:    

Similar News