മലപ്പുറത്തെ ഏറ്റവും വലിയ മാളുമായി ഹൈലൈറ്റ് ഗ്രൂപ്പ് നിലമ്പൂരിലേക്ക്
8.65 ഏക്കറില്‍ നിലമ്പൂര്‍ ഹൈലൈറ്റ് സെന്റര്‍, തൃശൂരില്‍ പുതിയ മാള്‍ ഉടനെ
മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ മാളുമായി കേരളത്തിലെ പ്രമുഖ റീട്ടെയ്ല്‍ ശൃംഖലയായ ഹൈലൈറ്റ് ഗ്രൂപ്പ് നിലമ്പൂരിലേക്ക്. ഹൈലൈറ്റ് സെന്ററിന്റെ നിര്‍മ്മാണ ഉദ്ഘാടനം സെപ്തംബര്‍ ഒന്നിന് രാവിലെ 10 മണിക്ക് നിലമ്പൂരില്‍ നടക്കും. മലപ്പുറത്ത് ഹൈലൈറ്റ് ഗ്രൂപ്പിന്റെ രണ്ടാമത്തെ മാളാണ് നിലമ്പൂരില്‍ ഉയരുന്നത്. 8.65 ഏക്കര്‍ സ്ഥലത്താണ് നിലമ്പൂര്‍ ഹൈലൈറ്റ് സെന്റര്‍ നിര്‍മ്മിക്കുക. 7.15 ലക്ഷം ചതുരശ്ര അടി വലുപ്പത്തിലുള്ള കെട്ടിടത്തില്‍ 45,000 ചതുരശ്ര അടിയില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്, അഞ്ച് സ്‌ക്രീനുകളുമായി പലാക്‌സി സിനിമാസ്, 30,000 ചതുരശ്രയടിയില്‍ വിശാലമായ എന്റര്‍ടെയ്ന്‍മെന്റ് സോണ്‍, 1500 പേര്‍ക്ക് ഇരിക്കാവുന്ന ബാങ്ക്വറ്റ് ഹാള്‍ തുടങ്ങിയവയാണ് പ്രത്യേകതകള്‍. 850 വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിങ് സൗകര്യവുമുണ്ടാകും.
ഒരുക്കുന്നത് അന്താരാഷ്ട്ര ഷോപ്പിംഗ് അനുഭവം
അന്താരാഷ്ട്ര ഷോപ്പിംഗ് അനുഭവം കേരളത്തിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹൈലൈറ്റ് ഗ്രൂപ്പ് മാള്‍ പദ്ധതികള്‍ നടപ്പിലാക്കുന്നതെന്ന് ഹൈലൈറ്റ് ഗ്രൂപ്പ് സി.ഇ.ഒ അജില്‍ മുഹമ്മദ്, ഹൈലൈറ്റ് ബില്‍ഡേഴ്‌സ് സി.ഇ.ഒ മുഹമ്മദ് ഫസീം, ഹൈലൈറ്റ് അര്‍ബന്‍ സി.ഇ.ഒ മുഹമ്മദ് ഫവാസ്, ഗ്രൂപ്പ് ഡയറക്ടര്‍ നിമ സുലൈമാന്‍ എന്നിവര്‍ മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വലിയ നഗരങ്ങള്‍, ഇടത്തരം നഗരങ്ങള്‍, ചെറുപട്ടണങ്ങള്‍, എന്നിങ്ങനെ തരംതിരിച്ചാണ് മാളുകള്‍ നിര്‍മ്മിക്കുന്നത്. നിലമ്പൂര്‍ ഉള്‍പ്പടെയുള്ള ഇടത്തരം നഗരങ്ങളില്‍ 'ഹൈലൈറ്റ് സെന്റര്‍' എന്ന പേരിലും, മലപ്പുറം ജില്ലയിലെ ചെമ്മാട് ഉള്‍പ്പടെയുള്ള ചെറുപട്ടണങ്ങളില്‍ 'ഹൈലൈറ്റ് കണ്‍ട്രിസൈഡ്' എന്ന പേരിലും വ്യാപാര സമുച്ചയങ്ങള്‍ ഉയരും. ചെമ്മാട് 'ഹൈലൈറ്റ് കണ്‍ട്രിസൈഡിന്റെ' നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ഫോക്കസ് മാളിന് ശേഷം കോഴിക്കോട് ഹൈലൈറ്റ് മാള്‍ ആരംഭിക്കാനും രാജ്യാന്തര ഷോപ്പിംഗ് അനുഭവം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനും ഹൈലൈറ്റിന് സാധിച്ചതായി അവര്‍ പറഞ്ഞു. ഹൈലൈറ്റ് നടപ്പിലാക്കുന്ന ഏഴാമത്തെ റീട്ടെയ്ല്‍ സംരംഭമാണ് നിലമ്പൂരിലേത്.
തൃശൂരില്‍ പുതിയ മാള്‍ ഉടന്‍
തൃശൂരിലും ഹൈലൈറ്റ് മാള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഹൈലൈറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ പി.സുലൈമാന്‍ അറിയിച്ചു. തൃശൂരിലെ പ്രധാന വാണിജ്യ നഗരമായ കുട്ടനെല്ലൂരില്‍ ജില്ലയിലെ ഏറ്റവും വലിയ മാളാകും ഹൈലൈറ്റിന്റേത്. ഇന്ത്യന്‍ ലൈഫ്‌സ്‌റ്റൈല്‍ ബ്രാന്‍ഡുകള്‍, നൂറിലധികം രാജ്യാന്തര ബ്രാന്‍ഡുകളുടെ സ്‌റ്റോറുകള്‍, പലാക്‌സി സിനിമാസ്, വിശാലമായ ഫുഡ്‌കോര്‍ട്ട് എന്നിവ മാളിന്റെ മറ്റ് പ്രധാന ആകര്‍ഷണങ്ങളാകും. കൂടാതെ കൊച്ചി വില്ലിംഗ്ടണ്‍ ഐലന്‍ഡില്‍ 'ഹൈലൈറ്റ് ബൊലെവാഡ്' നിര്‍മ്മാണം അതിവേഗം പുരോഗമിക്കുകയാണ്. 1.5 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് ഐലന്‍ഡില്‍ ഹൈലൈറ്റിന്റെ വാട്ടര്‍ഫ്രണ്ട് ഷോപ്പിംഗ് സോണ്‍ ഒരുങ്ങുന്നത്.
ഏറ്റവും പുതിയ സാങ്കേതികവിദ്യയായ എപിക് ഫോര്‍മാറ്റില്‍ ദൃശ്യവിസ്മയങ്ങളുമായി പലാക്‌സി സിനിമാസ് മള്‍ട്ടിപ്ലെക്‌സ് തീയറ്ററുകള്‍ ഹൈലൈറ്റ് മാളുകളുടെ പ്രധാന സവിശേഷതയാകും. ഹൈലൈറ്റിന്റെ ജി.സി.സി ഗ്ലോബല്‍ റിയല്‍ എസ്‌റ്റേറ്റ് ഓപ്പറേഷനുകള്‍ നടക്കുന്നത് ബുര്‍ജ് ഖലീഫയിലെ ഓഫീസ് കേന്ദ്രീകരിച്ചാണ്.