അപവാദപ്രചരണങ്ങള്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങി ഐഡി ഫ്രഷ്
വാട്ട്‌സ്ആപ്പ് ഗ്രീവന്‍സ് സെല്ലിനും സൈബര്‍ സെല്ലിനും പരാതി നല്‍കിയിരിക്കുകയാണ് കമ്പനി
കമ്പനിക്കും അതിന്റെ ഉല്‍പ്പന്നങ്ങള്‍ക്കും എതിരെ സോഷ്യമീഡിയയിലും വാട്ട്‌സ്ആപ്പിലും നടക്കുന്ന അപവാദപ്രചരണങ്ങള്‍ക്കെതിരെ മലയാളി കമ്പനിയായ ഐഡി ഫ്രഷ് ഫുഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. ഐഡി ഫ്രഷിന്റെ ഉല്‍പ്പന്നങ്ങളില്‍ മൃഗക്കൊഴുപ്പ് ഉപയോഗിക്കുന്നുണ്ടെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി വാര്‍ത്ത പരന്നത്. എന്നാല്‍ ഇത് വാസ്തവ വിരുദ്ധമാണെന്ന് ഐഡി ഫ്രഷ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. വാട്ട്‌സ് ആപ്പ് ഗ്രീവന്‍സ് സെല്ലിനും ബാംഗളൂര്‍ സൈബര്‍ ക്രൈം വിഭാഗത്തിനുമാണ് കമ്പനി അപവാദപ്രചരണം നടത്തുന്നവര്‍ക്കെതിരെ പരാതി നല്‍കിയത്.
ഐഡി ഫ്രഷ് ആരോഗ്യദായകവും പ്രിസര്‍വേറ്റീവ്‌സ് ഇല്ലാത്തതുമായ ഉല്‍പ്പന്നങ്ങള്‍ മാത്രമാണ് വിപണിയിലെത്തിക്കുന്നതെന്ന് കമ്പനി പറയുന്നു. അരി, ഉഴുന്ന്, വെള്ളം, ഉലുവ എന്നിവ മാത്രമാണ് ഇഡ്‌ലി, ദോശ മാവുകളില്‍ ഐഡി ഫ്രഷ് ഉപയോഗിക്കുന്നതെന്നും മറിച്ചുള്ള പ്രചരണങ്ങളില്‍ കഴമ്പില്ലെന്നും അവര്‍ പറയുന്നു.
ബാംഗളൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐഡി ഫ്രഷ് ഫുഡ് സേഫ്റ്റി സിസ്റ്റം സര്‍ട്ടിഫിക്കേഷന്‍ 22000 നേടിയിട്ടുണ്ടെന്നും കഴിഞ്ഞ 15 വര്‍ഷമായി ഭക്ഷ്യോല്‍പ്പന്ന രംഗത്ത് കരുത്തുറ്റ ബ്രാന്‍ഡ് സൃഷ്ടിക്കാന്‍ ഐഡി ഫ്രഷിന് കഴിഞ്ഞിട്ടുണ്ടെന്നും മാനേജ്‌മെന്റ് പറയുന്നു.