ഇ-കോമേഴ്‌സില്‍ ഇന്ത്യ ഇഴയുന്നു. കയറ്റുമതി കൂട്ടണം; പുതിയ നയം വരുന്നു

എയര്‍പോര്‍ട്ടുകളില്‍ കയറ്റുമതി ഹബ്ബുകള്‍

Update:2024-07-18 17:20 IST
E- COMMERCE


ഇ-കോമേഴ്‌സ് കയറ്റുമതിയില്‍ ചൈന ഉള്‍പ്പടെയുള്ള വികസിത രാജ്യങ്ങള്‍ മുന്നേറുമ്പോള്‍ ഇന്ത്യക്ക് ഒച്ചിന്റെ വേഗത. ഈ മേഖലയില്‍ ചൈനയുടെ കയറ്റുമതി മൂല്യം 300 ബില്യണ്‍ ഡോളറാണെങ്കില്‍ ഇന്ത്യയുടേത് വെറും അഞ്ച് ബില്യണ്‍ ഡോളറാണ്. പരമ്പരാഗത കയറ്റുമതി ശീലങ്ങളില്‍ നിന്ന് മറ്റു രാജ്യങ്ങള്‍ മാറി ചിന്തിച്ചതിന്റെ ഫലമായി ഇ കോമേഴ്‌സ് കയറ്റുമതിയിലൂടെ വരുമാനം വര്‍ധിക്കുകയാണ്. ഇന്ത്യ വൈകിയാണെങ്കിലും ഈ രംഗത്ത് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനൊരുങ്ങുകയാണ്. ഇ കോമേഴ്‌സ് കയറ്റുമതി വര്‍ധിപ്പിക്കുന്നതിനുതകുന്ന ചട്ടങ്ങള്‍ക്ക് കേന്ദ്ര വാണിജ്യ വകുപ്പ് രൂപം നല്‍കും. പുതിയ നയവും ചട്ടങ്ങളും സെപ്തംബറോടെ നിലവില്‍ വരുമെന്ന് കേന്ദ്ര വാണിജ്യ വകുപ്പ് സെക്രട്ടറി സുനില്‍ ബര്‍ത്വാള്‍ വ്യക്തമാക്കി.


കരകൗശലം കൊണ്ട് കാര്യമില്ല

മിന്നല്‍ വേഗത്തിലാണ് ലോകത്ത് ഇ കോമേഴ്‌സ് വിപണി വളരുന്നത്. ഇന്ത്യയാകട്ടെ ഇതിന്റെ സാധ്യത ഇപ്പോഴും മനസ്സിലാക്കിയിട്ടില്ല. പ്രധാനമായും വില കുറഞ്ഞ ഉല്‍പ്പന്നങ്ങളാണ് ഇന്ത്യയില്‍ നിന്ന് വിദേശേേത്തക്ക് പോകുന്നത്. കരകൗശല വസ്തുക്കള്‍, കലാരൂപങ്ങള്‍, പുസ്തകങ്ങള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ജ്വല്ലറി ഉല്‍പ്പന്നങ്ങള്‍ എന്നിവയാണ് പട്ടികയില്‍ മുന്നിലുള്ളത്. ഇവയുടെ ശരാശരി വില 25 ഡോളറിനും 1000 ഡോളറിനും ഇടയിലാണൊണ് കണക്കാക്കിയിട്ടുള്ളത്. ഉയര്‍ന്ന മൂല്യമുള്ള ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി നടന്നാല്‍ മാത്രമേ വിദേശപണം കൂടുതലായി രാജ്യത്ത് എത്തുവെന്ന തിരിച്ചറിവില്‍ നിന്നാണ് പുതിയ നയത്തെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ചിന്തിക്കുന്നത്.


അടിമുടി മാറ്റം വേണം

ഇ കോമേഴ്‌സ് വഴി കയറ്റുമതി വരുമാനം കൂട്ടണമെങ്കില്‍ ചട്ടങ്ങളില്‍ പൊളിച്ചെഴുത്ത് വേണ്ടി വരും. നിലവില്‍ ബി2ബി വ്യാപാരത്തിന്റെ നിയമങ്ങളാണ് ഇ കോമേഴ്‌സ് കയറ്റുമതിക്ക് ബാധകം. ഇത് ഒട്ടേറെ തടസ്സങ്ങളുണ്ടാക്കുന്നുണ്ടെന്നും വളര്‍ച്ചാ സാധ്യത കുറക്കുന്നെന്നുമാണ് വ്യാപാരികള്‍ പറയുന്നത്. ഈ രംഗത്തെ വാണിജ്യ പ്ലാറ്റ്‌ഫോമുകളെയും ലോജിസ്റ്റിക്‌സ് കമ്പനികളെയും ചേര്‍ത്ത് നിര്‍ത്തിയുള്ള വ്യാപാര തന്ത്രമാണ് ആവശ്യം. ഈ മേഖലയില്‍ ഇന്ത്യക്ക് വലിയ സാധ്യതകളുണ്ടെന്നാണ് കണ്ടത്തിയിട്ടുള്ളത്. നിലവിലുള്ള അഞ്ചു ബില്യണ്‍ ഡോളര്‍ വിപണിയെ 2030 ആകുമ്പോഴേക്ക് 350 ബില്യണ്‍ വിപണിയാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര വാണിജ്യ സെക്രട്ടറി സുനില്‍ ബര്‍ത്വാള്‍ വ്യക്തമാക്കി.

കയറ്റുമതി ഹബുകള്‍ ആലോചനയില്‍

കയറ്റുമതി ലക്ഷ്യമിട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേക കയറ്റുമതി ഹബുകള്‍ക്ക് രൂപം നല്‍കും. എയര്‍പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചാണ് ഇവ ആരംഭിക്കുുക. നൂറ് ദിവസത്തിനുള്ളില്‍ പുതിയ നയവും അനുബന്ധ നടപടികളും പൂര്‍ത്തിയാകും. ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഐ.ടി രംഗത്തുണ്ടായ കയറ്റുമതി മുന്നേറ്റത്തിന്റെ മാതൃകയാണ് ഇ കോമേഴ്‌സില്‍ രാജ്യം പിന്തടരുകയെന്നും വാണിജ്യ വകുപ്പ് സെക്രട്ടറി പറഞ്ഞു

Tags:    

Similar News