പുതിയ ചുവടുവയ്പ്, ഡെന്മാര്‍ക്ക് ആസ്ഥാനമായുള്ള കമ്പനിയെ ഏറ്റെടുക്കാനൊരുങ്ങി ഇന്‍ഫോസിസ്

875 കോടി രൂപയ്ക്കാണ് ഏറ്റെടുക്കുന്നത്

Update: 2022-07-14 05:45 GMT

ഡെന്മാര്‍ക്ക് ആസ്ഥാനമായുള്ള കമ്പനിയെ ഏറ്റെടുക്കാനൊരുങ്ങി ഇന്ത്യന്‍ ഐടി കമ്പനിയായ ഇന്‍ഫോസിസ്. ഡെന്മാര്‍ക്ക് ആസ്ഥാനമായുള്ള ബേസ് ലൈഫ് സയന്‍സിനെ 110 മില്യണ്‍ യൂറോയ്ക്ക് (875 കോടി രൂപ) ക്യാഷ് ഇടപാടിലൂടെ ഏറ്റെടുക്കുമെന്ന് ഇന്‍ഫോസിസ് അറിയിച്ചു.

ഈ ഏറ്റെടുക്കലിലൂടെ ഇന്‍ഫോസിസിന്റെ ലൈഫ് സയന്‍സ് വിഭാഗത്തിലെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും യൂറോപ്പിലുടനീളം സാന്നിധ്യം ശക്തമാക്കാനാകുമെന്നുമാണ് ഇന്‍ഫോസിസ് പ്രതീക്ഷിക്കുന്നത്.

ഇന്‍ഫോസിസ് കുടുംബത്തിലേക്ക് ബേസ് ലൈഫ് സയന്‍സിനെയും അതിന്റെ നേതൃത്വ ടീമിനെയും സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്ന് ഇന്‍ഫോസിസ് പ്രസിഡന്റ് രവി കുമാര്‍ എസ് പറഞ്ഞു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഏറ്റെടുക്കല്‍ പൂര്‍ത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 'ഇന്‍ഫോസിസിന്റെ ഏറ്റെടുക്കലിലൂടെ അന്താരാഷ്ട്രതലത്തില്‍ ഞങ്ങളുടെ വിപുലീകരണം ത്വരിതപ്പെടുത്താനും ഞങ്ങളുടെ ആളുകള്‍ക്ക് വികസന അവസരങ്ങള്‍ സൃഷ്ടിക്കാനും ഞങ്ങള്‍ക്ക് കഴിയും,' ബേസ് ലൈഫ് സയന്‍സ് സിഇഒ മാര്‍ട്ടിന്‍ വോര്‍ഗാര്‍ഡ് പറഞ്ഞു.

ഓഹരി വിപണിയില്‍ ഇന്ന് 0.36 ശതമാനം ഉയര്‍ന്ന ഇന്‍ഫോസിസ് ഓഹരി 1449.55 രൂപയ്ക്കാണ് വ്യാപാരം നടത്തുന്നത്.

Similar News