മൊബൈല്‍ കണക്ഷനില്‍ ജിയോ തന്നെ രാജാവ്; വൊഡാ-ഐഡിയയില്‍ കൊഴിഞ്ഞുപോക്ക്
പുതിയ ഉപയോക്താക്കളുടെ ഒഴുക്കില്‍ പക്ഷേ ജിയോ നേരിട്ടതും ഇടിവ്
ഇന്ത്യയിലെ മൊബൈല്‍ നെറ്റ്വര്‍ക്ക് കമ്പനികളില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി ശതകോടീശ്വരന്‍ മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ടെലികോം വിഭാഗമായ റിലയന്‍സ് ജിയോയുടെ മുന്നേറ്റം. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഓഗസ്റ്റില്‍ 32.4 ലക്ഷം പുതിയ വരിക്കാരെ ജിയോ സ്വന്തമാക്കി. ഇതോടെ ജിയോയുടെ മൊത്തം ഉപയോക്താക്കള്‍ 44.57 കോടിയായി. അതേസമയം, ജൂലൈയില്‍ 39 ലക്ഷം പുതിയ വരിക്കാരെ ജിയോ സ്വന്തമാക്കിയിരുന്നു.
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെലിന്റെ ആകെ വരിക്കാര്‍ 37.64 കോടിയാണ്. ജൂലൈയില്‍ കമ്പനിയിലേക്ക് പുതുതായി 12.17 ലക്ഷം ഉപയോക്താക്കളെത്തി.
അതേസമയം, ജൂലൈയിലും വൊഡാഫോണ്‍-ഐഡിയ (വീ/Vi) നേരിട്ടത് ഉപയോക്താക്കളുടെ കൊഴിഞ്ഞുപോക്കാണ്. 49,782 പേരെയാണ് കമ്പനിക്ക് നഷ്ടപ്പെട്ടത്. വീയുടെ ആകെ ഉപയോക്താക്കള്‍ 22.82 കോടിയാണ്. ഓഗസ്റ്റില്‍ ഉപയോക്തൃ കൊഴിഞ്ഞുപോക്ക് 50,000ന് താഴെ എത്തിക്കാന്‍ കഴിഞ്ഞുവെന്ന ആശ്വാസം വൊഡാഫോണ്‍-ഐഡിയയ്ക്കുണ്ട്. മുന്‍മാസങ്ങളിലെല്ലാം തുടര്‍ച്ചയായി 50,000ലധികം ഉപയോക്താക്കളെ കമ്പനിക്ക് നഷ്ടപ്പെട്ടിരുന്നു.
പോര്‍ട്ട് ചെയ്യാനും തിരക്ക്
മൊബൈല്‍ നമ്പര്‍ നിലനിറുത്തിക്കൊണ്ട് മറ്റൊരു കമ്പനിയിലേക്ക് ഉപയോക്താവിന് മാറാവുന്ന മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റിക്ക് (MNP) വലിയ സ്വീകാര്യതയാണുള്ളത്.
1.26 കോടിപ്പേര്‍ ഓഗസ്റ്റില്‍ എം.എന്‍.പി അപേക്ഷ നല്‍കിയെന്ന് ട്രായ് വ്യക്തമാക്കി. ഇതോടെ ഇന്ത്യയിലിതുവരെ എം.എന്‍.പി അപേക്ഷ നല്‍കിയ ആകെ ഉപയോക്താക്കളുടെ എണ്ണം 87.7 കോടിയായി.
ബ്രോഡ്ബാന്‍ഡിലും ജിയോ
ഓഗസ്റ്റിലെ കണക്കുപ്രകാരം ഇന്ത്യയിലാകെ 87.6 കോടി ബ്രോഡ്ബാന്‍ഡ് വരിക്കാരുണ്ട്. ജൂലൈയെ അപേക്ഷിച്ച് 0.96 ശതമാനമാണ് വര്‍ധന.
45.5 കോടിപ്പേരും റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്റെ ഉപയോക്താക്കളാണ്. 25.3 കോടിപ്പേരുമായി എയര്‍ടെല്ലാണ് രണ്ടാംസ്ഥാനത്ത്. വൊഡാഫോണ്‍-ഐഡിയയ്ക്ക് 12.5 കോടി വരിക്കാരുണ്ട്. 2.5 കോടിപ്പേരാണ് പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്.എന്‍.എല്ലിനുള്ളത്.