പുതിയ ഹോള്‍മാര്‍ക്ക് നടപ്പാക്കുന്നതിന് 3 മാസത്തേക്ക് ഹൈക്കോടതിയുടെ സ്‌റ്റേ
തീരുമാനം സ്വര്‍ണ വ്യാപാരികള്‍ നല്‍കിയ ഹര്‍ജിയിന്മേല്‍, പുതിയ മുദ്ര പതിക്കാന്‍ മൂന്നുമാസം സമയം ലഭിക്കും
ഏപ്രില്‍ ഒന്നുമുതല്‍ പുതിയ ആറക്ക ആല്‍ഫാന്യൂമറിക് ഹോള്‍മാര്‍ക്ക് യുണീക് ഐഡന്റിഫിക്കേഷനുള്ള (എച്ച്.യു.ഐ.ഡി) സ്വര്‍ണാഭരണങ്ങള്‍ മാത്രമേ വില്‍ക്കാവൂ എന്ന ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിന്റെ (ബി.ഐ.എസ്) ഉത്തരവ് കേരള ഹൈക്കോടതി മൂന്ന് മാസത്തേക്ക് മരവിപ്പിച്ചു. സ്വര്‍ണ വ്യാപാരികളുടെ സംഘടനയായ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന് (എ.കെ.ജി.എസ്.എം.എ) വേണ്ടി സംസ്ഥാന ട്രഷറര്‍ അഡ്വ.എസ്. അബ്ദുല്‍ നാസര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. ഹൈക്കോടതിയുടെ ഈ തീരുമാനം രാജ്യമെമ്പാടും ബാധകമാണ്.
നിലവില്‍ സ്വര്‍ണക്കടകളിലുള്ള 50 ശതമാനത്തിലേറെ ആഭരണങ്ങളും പഴയ എച്ച്.യു.ഐ.ഡിയുള്ളവയാണ്. ഇവ പുതിയ ഹോള്‍മാര്‍ക്കിലേക്ക് മാറ്റാന്‍ ആറുമാസത്തെ സാവകാശമാണ് വ്യാപാരികള്‍ തേടിയത്. ബി.ഐ.എസിന്റെ ഉത്തരവ് നടപ്പായിരുന്നെങ്കില്‍ 50 ശതമാനത്തോളം വരുന്ന ആഭരണങ്ങളും വിറ്റഴിക്കാനാവാത്ത സ്ഥിതി വരുമായിരുന്നു.