എല്‍.പി.ജി സിലിണ്ടറിന് ഏറ്റവും വിലക്കുറവ് ഇന്ത്യയിലെന്ന് കേന്ദ്രം
ഉജ്വല യോജന പ്രകാരമുള്ള കണക്കുകള്‍ ആധാരമാക്കിയാണ് കേന്ദ്രത്തിന്റെ അവകാശവാദം
അയല്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്താല്‍ പാചകവാതക (LPG) സിലിണ്ടറിന് ഏറ്റവും കുറഞ്ഞവില ഇന്ത്യയിലെന്ന് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി ഉജ്വല യോജന (PMUY) പ്രകാരമുള്ള എല്‍.പി.ജി വില അടിസ്ഥാനമാക്കിയാണ് കേന്ദ്രത്തിന്റെ അവകാശവാദം.
14.2 കിലോഗ്രാം ഉജ്വല എല്‍.പി.ജി സിലിണ്ടറിന് വില 603 രൂപയാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി പാര്‍ലമെന്റില്‍ പറഞ്ഞു. ഇതേ അളവിലെ എല്‍.പി.ജിക്ക് പാകിസ്ഥാനില്‍ വില 1,059.46 രൂപയാണ്. ശ്രീലങ്കയില്‍ 1,033.35 രൂപയും നേപ്പാളില്‍ 1,198.56 രൂപയുമാണ് വിലയെന്നും മന്ത്രി പറഞ്ഞു. ഈ രാജ്യങ്ങളിലെ വിലയേക്കാള്‍ പാതി വിലയ്ക്കാണ് ഇന്ത്യയിലെ വിതരണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
60 ശതമാനവും ഇറക്കുമതി
ഉപഭോഗത്തിനുള്ള എല്‍.പി.ജിയുടെ 60 ശതമാനത്തിനും ഇറക്കുമതിയെയാണ് ഇന്ത്യ ആശ്രയിക്കുന്നത്. സൗദിയില്‍ നിന്നുള്ള എല്‍.പി.ജിക്ക് വില ടണ്ണിന് 415 ഡോളറായിരുന്നത് രണ്ടുവര്‍ഷത്തിനിടെ 700 ഡോളറായി ഉയര്‍ന്നു. പക്ഷേ, ഈ വിലക്കയറ്റം ഉപയോക്താക്കളിലേക്ക് കൈമാറാതെ സര്‍ക്കാര്‍ തന്നെയാണ് വഹിച്ചതെന്നും കേന്ദ്രമന്ത്രി അവകാശപ്പെട്ടു.