ബംഗാളിലേക്കും ലുലു ഗ്രൂപ്പ്; മമതാ ബാനര്‍ജിയുമായി ഇന്ന് കൂടിക്കാഴ്ച

റീറ്റെയ്ല്‍, മാനുഫാക്ചറിംഗ് മേഖലകളിലാണ് നിക്ഷേപം പ്രതീക്ഷിക്കുന്നത്

Update: 2023-09-22 07:04 GMT

Image : Lulugroupinternational.com /MA Yousuf Ali

പശ്ചിമ ബംഗാളിലും സാന്നിദ്ധ്യമറിയിക്കാന്‍ ലുലു ഗ്രൂപ്പ്. റീറ്റെയ്ല്‍, മാനുഫാക്ചറിംഗ് മേഖലകളില്‍ നിക്ഷേപത്തിനാണ് പ്രമുഖ പ്രവാസി വ്യവസായിയും മലയാളിയുമായ എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പ് ഒരുങ്ങുന്നത്. ഇത് സംബന്ധിച്ച് ലുലു ഗ്രൂപ്പ് അധികൃതര്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി ഇന്ന് ദുബൈയില്‍ കൂടിക്കാഴ്ച നടത്തും.

അബുദബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ലുലു ഗ്രൂപ്പ് പശ്ചിമ ബംഗാളില്‍ റീറ്റെയ്ല്‍ ബിസിനസില്‍ നിക്ഷേപം നടത്താനും മാനുഫാക്ചറിംഗ് യൂണിറ്റ് തുടങ്ങാനുമാണ് ഉദ്ദശിക്കുന്നതെന്നാണ് കരുതുന്നത്. സംസ്ഥാനത്ത് കൂടുതല്‍ തൊഴിലസരങ്ങള്‍ സൃഷ്ടിക്കാന്‍ ലുലുവിന്റെ നിക്ഷേപം സഹായിക്കും.

നിരവധി പദ്ധതികള്‍
ഇന്ത്യയില്‍ വിവിധ പദ്ധതികളിലായി 10,000 കോടി രൂപയുടെ നിക്ഷേം നടത്തുമെന്ന് ഇക്കഴിഞ്ഞ ജൂണില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി വ്യക്തമാക്കിയിരുന്നു. ഇതിനകം തന്ന 20,000 കോടി രൂപയോളം ലുലു ഗ്രൂപ്പ് രാജ്യത്ത് നിക്ഷേപിച്ചിട്ടുണ്ട്. 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. നിലവില്‍ വിവിധ സ്ഥാപനങ്ങളിലായി 22,000ത്തിലധികം പേര്‍ ജോലി ചെയ്യുന്നുണ്ട്.
രാജ്യം മുഴുവന്‍ സാന്നിധ്യം ശക്തമാക്കാന്‍ ശ്രമം നടത്തുന്ന ലുലു ഗ്രൂപ്പിന്റെ പുതിയ മാള്‍ ഹൈദരാബാദില്‍ സെപ്റ്റംബര്‍ 27ന് തുറക്കും. കൂടാതെ അഹമ്മദാബാദ്, ചെന്നൈ, ശ്രീനഗര്‍, ഗ്രെയ്റ്റര്‍ നോയ്ഡ, വാരാണസി എന്നിവിടങ്ങളിലും വലിയ നിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലും നാലിടങ്ങളിലായി ഹൈപ്പര്‍മാര്‍ക്കറ്റുകളും മാളുകളും സജ്ജമാക്കാനും ലുലുവിന് പദ്ധതിയുണ്ട്.
നിലവില്‍ 22 രാജ്യങ്ങളിലായി 250 ഹൈപ്പര്‍മാര്‍ക്കറ്റുകളും 24 ഷോപ്പിംഗ് മാളുകളുമാണ് ലുലു ഗ്രൂപ്പിനുള്ളത്.
Tags:    

Similar News