ഹൈപ്പര്‍മാര്‍ക്കറ്റ് രംഗത്ത് 200 ഉം കടന്ന് ലുലു ഗ്രൂപ്പ്
ഈജിപ്തിലെ കെയ്‌റോയിലാണ് 200 ാമത്തെ ഹൈപ്പര്‍മാര്‍ക്കറ്റ് ആരംഭിച്ചത്
വ്യാപാര രംഗത്ത് ഇരുന്നൂറിന്റെ തിളക്കത്തില്‍ ലുലു ഗ്രൂപ്പ്. പ്രവാസി മലയാളിയായ എം.എം യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഗ്രൂപ്പ് ഈജിപ്തിലെ കെയ്‌റോയിലാണ് 200 ാമത്തെ ഹൈപ്പര്‍മാര്‍ക്കറ്റ് ആരംഭിച്ചത്. ഈജിപ്തിലെ മൂന്നാമത്തെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് 8,700 സ്‌ക്വയര്‍ ഫീറ്റിലാണ് ഒരുക്കിയിട്ടുള്ളത്.
200ാം നാഴികക്കല്ലായ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം ഈജിപ്ഷ്യന്‍ ആഭ്യന്തര വാണിജ്യ ഉപമന്ത്രി ഡോ. ഇബ്രാഹിം അഷ്മവിയുടെ സാന്നിധ്യത്തില്‍ വിതരണ, ആഭ്യന്തര വാണിജ്യ മന്ത്രി അലി എല്‍-മൊസെല്‍ഹിയാണ് നിര്‍വഹിച്ചത്.
165 ദശലക്ഷം ഈജിപ്ത്യന്‍ പൗണ്ട് നിക്ഷേപത്തില്‍ ആരംഭിച്ച ഈ ഹൈപ്പര്‍മാര്‍ക്കറ്റ് ആഗോളതലത്തില്‍ ലുലു ഗ്രൂപ്പിന്റെ സുപ്രധാന നേട്ടമായി അടയാളപ്പെടുത്തുന്നു.
അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈജിപ്തില്‍ 11 ഹൈപ്പര്‍മാര്‍ക്കറ്റുകളും നാല് മിനി മാര്‍ക്കറ്റുകളും തുറക്കുമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു. കൂടാതെ, ഈജിപ്ഷ്യന്‍ റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ക്ക് സേവനം നല്‍കുന്നതിന് എല്ലാ സൗകര്യങ്ങളുമുള്ള ഒരു അത്യാധുനിക ലോജിസ്റ്റിക് കേന്ദ്രത്തിലും ഗ്രൂപ്പ് നിക്ഷേപം നടത്തും.
'ഇത് വളരെ സംഭവബഹുലമാണ്, പക്ഷേ വളരെ സംതൃപ്തമായ ഒരു യാത്രയാണ്, നിലവിലുള്ളതും പുതിയതുമായ വിപണികളില്‍ ഞങ്ങള്‍ തുടര്‍ന്നും വളരും. ഞങ്ങളുടെ പുതിയ പ്രോജക്റ്റുകള്‍ സമാരംഭിക്കുന്നതില്‍ ചില കാലതാമസങ്ങളുണ്ടാകാം, പക്ഷേ അവയൊന്നും ഒഴിവാക്കിയിട്ടില്ല.
2021 അവസാനത്തോടെ ഹൈപ്പര്‍മാര്‍ക്കറ്റുകളുടെ എണ്ണം 225 ആക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത് ' ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം.എ യൂസഫലി പറഞ്ഞു.
ഈജിപ്തിലെ ആദ്യത്തെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ന്യൂ കെയ്റോയിലെ എമറാള്‍ഡ് ട്വിന്‍ പ്ലാസ മാളില്‍ 2015 ലാണ് ആരംഭിച്ചത്. രണ്ടാമത്തെ ഹൈപ്പര്‍ മാര്‍ക്കറ്റ് 2020 ജൂലൈയില്‍ ഷെറട്ടണ്‍ ഹെലിയോപോളിസിലെ വാദി ഡെഗ്ല ക്ലബില്‍ ആരംഭിച്ചു.
ലുലു ഗ്രൂപ്പിന് നിലവില്‍ ലോകത്താകമാനം 55,000 ജീവനക്കാരാണുള്ളത്. 1,600,000 ലധികം ഉപഭോക്താക്കള്‍ക്ക് ലുലു ഗ്രൂപ്പ് സേവനം നല്‍കുന്നു.