കേരളത്തിന്റെ ഉപ്പേരിയെ ആഗോള സെന്‍സേഷനാക്കി മാനസ് മധു
മുംബൈയിലേക്കുള്ള ഒരു യാത്രയാണ് കേരള കായ ഉപ്പേരിയുടെയും ഈ ആലപ്പുഴക്കാരന്റെയും തലവര മാറ്റിയത്
കായ ഉപ്പേരി (ചിപ്‌സ്) ഇഷ്ടമല്ലാത്ത മലയാളിയുണ്ടോ? പ്രത്യേകിച്ച് ഒരു ദീര്‍ഘദൂര യാത്ര നടത്തുമ്പോള്‍ കൈയില്‍ കുറച്ച് ഉപ്പേരി കിട്ടിയാല്‍ തിന്നാതിരിക്കാന്‍ തോന്നുമോ!
ആലപ്പുഴക്കാരന്‍ മാനസ് മധു മുംബയിലേക്ക് യാത്ര നടത്തുകയായിരുന്നു. വഴിയില്‍ കായ ഉപ്പേരി വാങ്ങാനിടയായി. പക്ഷേ, സകല പ്രതീക്ഷകളും പൊലിഞ്ഞു. കേരള ഉപ്പേരി എന്ന പേരില്‍ കിട്ടിയത് നിലവാരമോ സ്വാദോ ഇല്ലാത്ത ചിപ്‌സായിരുന്നു.
യാത്രയ്ക്കിടെ വാങ്ങിയ ആ കായ ഉപ്പേരിയില്‍ നിന്നാണ് മാനസ് മധുവിന്റെ മനസ്സില്‍ സംരംഭക ആശയം ഉദിച്ചത്. കേരളത്തിന്റെ സ്വന്തം കായ ഉപ്പേരി ഏറ്റവും മോശം രൂപത്തില്‍ കഴിക്കാന്‍ ഇടവന്നതോടെ അതിനെ പുതുലമുറയ്ക്കും ലോകത്തിനാകെയും ആസ്വാദ്യകരമാക്കും വിധം എങ്ങനെ അവതരിപ്പിക്കാമെന്നായി മാനസ് മധുവിന്റെ ചിന്ത.
ബിയോണ്ട് സ്‌നാക്ക്
ആ ചിന്തയില്‍ നിന്നാണ് ബിയോണ്ട് സ്‌നാക്കിന്റെ പിറവി. ആലപ്പുഴയില്‍ പിറന്ന ബിയോണ്ട് സ്‌നാക്കിലൂടെ കേരളത്തിന്റെ സ്വന്തം കായ ഉപ്പേരി ഒരു ഗ്ലോബല്‍ സെന്‍സേഷനായി മാറുന്ന കാഴ്ചയാണ് പിന്നീട് ലോകം കണ്ടത്.
മികച്ച നിലവാരം, ഗുണമേന്മയില്‍ വിട്ടുവീഴ്ചയില്ലാത്ത ഉത്പാദനം, തനത് സ്വാദ് ഒട്ടുംചോരാത്ത കായ ചിപ്‌സ് - ഇവയാണ് ബിയോണ്ട് സ്‌നാക്കിന്റെ പ്രധാന മികവുകള്‍.
2019ലാണ് ബിയോണ്ട് സ്‌നാക്ക് പിറന്നത്. 2020ൽ ഉത്പന്നങ്ങൾ വിപണിയിലെത്തിച്ചു. ആഞ്ഞടിച്ച കൊവിഡ് മഹാമാരിക്കാലത്തെ നേരിടുകയെന്നതായിരുന്നു ആദ്യ വെല്ലുവിളി. എന്നാല്‍, അവയെയെല്ലാം മറികടന്ന് ഓണ്‍ലൈനിലൂടെ ബിയോണ്ട് സ്‌നാക്കിന്റെ ചിപ്‌സ് ഉപഭോക്താക്കളിലേക്കെത്തി.
ഓണ്‍ലൈനിലൂടെയുള്ള വില്‍പന അതിവേഗം വിപണിയും ഉപഭോക്തൃ മനവും കീഴടക്കാന്‍ ബിയോണ്ട് സ്‌നാക്കിനെ സഹായിച്ചു.
ആഗോളപ്പെരുമ
2021ല്‍ തന്നെ ബിയോണ്ട് സ്‌നാക്കിന്റെ പെരുമ ദേശീയതലത്തിലുമെത്തി. ഷാര്‍ക്ക് ടാങ്ക് ഇന്ത്യയില്‍ നിന്ന് ഫണ്ടിംഗ് നേടിയതിലൂടെയായിരുന്നു അത്.
മാനസ് മധുവിന്റെ സ്റ്റാര്‍ട്ടപ്പ് കാഴ്ചപ്പാടുകളും നേതൃമികവും ഈ നേട്ടത്തിന് വലിയ കരുത്തായി. തൊട്ടുപിന്നാലെ നബാര്‍ഡിന്റെ പിന്തുണയുള്ള നാബ്‌വെഞ്ച്വേഴ്‌സില്‍ നിന്ന് 35 ലക്ഷം ഡോളര്‍ നിക്ഷേപവും ബിയോണ്ട് സ്‌നാക്ക് സ്വന്തമാക്കി.
എട്ട് സ്വാദൂറും ഫ്‌ളേവറുകള്‍
നാവില്‍ കപ്പലോടിക്കുന്ന എട്ട് സ്വാദൂറും ഫ്‌ളേവറുകളില്‍ ബിയോണ്ട് സ്‌നാക്കിന്റെ കായ ഉപ്പേരി ലഭിക്കും. ഓണ്‍ലൈന്‍ വിപണിയില്‍ തരംഗമാണ് ബിയോണ്ട് സ്‌നാക്ക് ഉപ്പേരിയുടെ കച്ചവടം. റീറ്റെയ്ല്‍ വിപണിയും അതിവേഗം വിപുലമാക്കുകയാണ് ബിയോണ്ട് സ്‌നാക്ക്. മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി തലസ്ഥാന മേഖല (Delhi NCR), ബംഗാള്‍, അന്താരാഷ്ട്ര വിപണി എന്നിവിടങ്ങളിലാി 10,000ലേറെ സ്റ്റോറുകളില്‍ ബിയോണ്ട് സ്‌നാക്ക് ഉത്പന്നങ്ങള്‍ ലഭ്യമാണ്.
ധനം റീറ്റെയ്ല്‍ സ്റ്റാര്‍ട്ടപ്പ് പുരസ്‌കാരം
സ്റ്റാര്‍ട്ടപ്പ് രംഗത്തെയും റീറ്റെയ്ല്‍ മേഖലയിലെയും മികവ് പരിഗണിച്ച് ഈ വര്‍ഷത്തെ ധനം റീറ്റെയ്ല്‍, ഫ്രാഞ്ചൈസ് ആന്‍ഡ് അവാര്‍ഡ് നൈറ്റ്-2023ല്‍ 'ധനം റീറ്റെയ്ല്‍ സ്റ്റാര്‍ട്ടപ്പ് ഓഫ് ദി ഇയര്‍-2023' പുരസ്‌കാരം നല്‍കി മാനസ് മധുവിന്റെ ബിയോണ്ട് സ്‌നാക്കിനെ ധനം ആദരിച്ചു. 2024-25ഓടെ 100 കോടി രൂപ വിറ്റുവരവ് നേടുകയെന്ന ലക്ഷ്യവുമായാണ് ബിയോണ്ട് സ്‌നാക്കിന്റെ ജൈത്രയാത്ര.
തന്റെ നേട്ടങ്ങളില്‍ ധനം നല്‍കിയ സ്വാധീനം നിസ്തുലമാണെന്ന് അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് മാനസ് മധു പറഞ്ഞു.
''വര്‍ഷങ്ങളായി ധനത്തിന്റെ വായനക്കാരനാണ്. 2019ലെ ധനം റീറ്റെയ്ൽ സമിറ്റിൽ ഞാൻ സദസ്സിലുണ്ടായിരുന്നു. ഈ വേദിയിലെത്തി പുരസ്‌കാരം നേടാനാകുമെന്ന് അന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. ഇപ്പോള്‍ ഈ വേദിയിൽ, ഈ പുരസ്‌കാരം ഏറ്റുവാങ്ങുമ്പോള്‍ വലിയ അഭിമാനമുണ്ട്'' - മാനസ് മധു പറഞ്ഞു.