പുരപ്പുറ സോളാര്‍: നൂതന പദ്ധതികൾക്ക് ധനസഹായം നൽകുമെന്ന് കേന്ദ്ര സർക്കാർ, സൂര്യഘർ പദ്ധതി വ്യാപകമാക്കുക ലക്ഷ്യം
നൂതനവുമായ ബിസിനസ് മോഡലുകൾ പ്രാവര്‍ത്തികമാക്കുന്നതിലൂടെ പുരപ്പുറ സോളാർ പദ്ധതികള്‍ വിപുലീകരിക്കുകയാണ് ലക്ഷ്യം
പ്രധാനമന്ത്രി സൂര്യ ഘർ-മുഫ്ത് ബിജ്‌ലി യോജനയ്ക്ക് കീഴിൽ നൂതന റൂഫ്‌ടോപ്പ് സോളാർ പദ്ധതികൾക്ക് പിന്തുണ നൽകുന്നതിനും ഭാഗികമായി ധനസഹായം നൽകുന്നതിനുമുള്ള മാർഗനിർദേശങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കി. പദ്ധതിയുടെ 'ഇന്നൊവേറ്റീവ് പ്രോജക്ട്സ്' വിഭാഗത്തിന് 500 കോടി രൂപയാണ് കേന്ദ്ര പുനരുപയോഗ ഊര്‍ജ മന്ത്രാലയം അനുവദിച്ചിരിക്കുന്നത്.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോളാർ എനർജി (NISE) ആയിരിക്കും പദ്ധതി നടപ്പാക്കുന്ന ഏജൻസി. പത്രങ്ങളിലും പ്രധാനമന്ത്രി സൂര്യ ഘർ: മുഫ്ത് ബിജ്‌ലി യോജനയുടെ വെബ്സൈറ്റിലും നല്‍കുന്ന പരസ്യങ്ങളിലൂടെ പദ്ധതിയില്‍ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അപേക്ഷകള്‍ നല്‍കാവുന്നതാണ്.
പുരപ്പുറ സോളാര്‍ വ്യാപകമാകും
സോളാര്‍ എനര്‍ജി രംഗത്ത് പുതിയ സാങ്കേതികവിദ്യകൾ, റൂഫ്‌ടോപ്പ് സോളാർ ഉൽപന്നങ്ങൾ, പുതിയ കണ്ടുപിടിത്തങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് സ്റ്റാർട്ടപ്പുകളേയും സ്ഥാപനങ്ങളേയും പിന്തുണയ്ക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് എം.എൻ.ആർ.ഇ അറിയിച്ചു.
പുതിയതും നൂതനവുമായ ബിസിനസ് മോഡലുകൾ പ്രാവര്‍ത്തികമാക്കുന്നതിലൂടെ ഈ മേഖലയില്‍ പുരപ്പുറ സോളാർ പദ്ധതികള്‍ വിപുലീകരിക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
മൊത്തം പദ്ധതിച്ചെലവിന്റെ 60 ശതമാനം അല്ലെങ്കിൽ 30 കോടി രൂപ (ഏതാണോ കുറവ്) എന്ന നിലയിലാണ് നല്‍കുക. നൂതന പദ്ധതികൾക്കുള്ള സാമ്പത്തിക സഹായം
ഒന്നര കൊല്ലത്തിനുളളില്‍ (18 മാസം) പദ്ധതി പൂര്‍ത്തിയാക്കേണ്ടതുണ്ട്. കൂടാതെ, റൂഫ്‌ടോപ്പ് സോളാറിലെ നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് വർഷം തോറും അവാര്‍ഡുകളും മന്ത്രാലയം നല്‍കും. പ്രശസ്തി പത്രവും ഒരു കോടി രൂപയുമായിരിക്കും ഒന്നാം സമ്മാനം. 50 ലക്ഷം, 30 ലക്ഷം രൂപ എന്നിങ്ങനെയും സമ്മാനങ്ങള്‍ നല്‍കും. 5 ലക്ഷം രൂപ വീതമുള്ള 10 പ്രോത്സാഹന സമ്മാനങ്ങളും നല്‍കുന്നതാണ്.
കമ്പനികളുടെ പ്രവൃത്തി പരിചയം പരിഗണിക്കും
നൂതന പദ്ധതികളുടെ ആശയത്തിന്റെ പുതുമ, വർക്ക് പ്ലാൻ, നൂതന പ്രോജക്റ്റ് നടപ്പാക്കുന്ന രീതി, നൂതന ആശയത്തിന്റെ മൂല്യം/പ്രയോജനം,, നൂതന ഗവേഷണ ഉൽപനത്തിന്റെ പ്രായോഗികത/സാധ്യത തുടങ്ങിയവ അടിസ്ഥാനത്തിലായിരിക്കും കമ്പനികളെ പരിഗണിക്കുക.
സോളാര്‍ കമ്പനികളുടെ മുൻ പ്രവൃത്തി പരിചയം, ജീവനക്കാരുടെ എണ്ണം, കമ്പനിയുടെ വൈദഗ്ധ്യം തുടങ്ങിയവയും പരിഗണിക്കുന്നതാണ്.
പി.എം സൂര്യഘർ പദ്ധതി പ്രകാരം ജനവാസ മേഖലയിൽ പുരപ്പുറ സോളാർ വഴി 30 ജിഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. അടുത്തടുത്ത് വീടുകള്‍ ഉളള കേരളം പോലുളള സംസ്ഥാനങ്ങളില്‍ പദ്ധതി കൂടുതല്‍ ജനങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകത വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 75,021 കോടി രൂപയാണ് പിഎം സൂര്യഘർ പദ്ധതിയുടെ മൊത്തം അടങ്കൽ തുക.
2 kW സോളാര്‍ സിസ്റ്റങ്ങള്‍ വീടുകളില്‍ സ്ഥാപിക്കുന്നതിന് 60,000 രൂപ കേന്ദ്രം സാമ്പത്തിക സഹായമായി (CFA) നൽകുന്നു. 2 മുതൽ 3 kW വരെ ശേഷിയുള്ള സോളാര്‍ സിസ്റ്റങ്ങൾക്ക് അധികമായി 18,000 രൂപയും സി.എഫ്.എ ആയി ലഭിക്കുന്നതാണ്.