ഈ വര്‍ഷവും ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കുന്നില്ല; സ്‌കൂള്‍ സീസണ്‍ കച്ചവടമില്ല, ചെറുകിട വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും തിരിച്ചടി

തുടര്‍ച്ചയായി രണ്ടാം വര്‍ഷവും സ്‌കൂള്‍ വിപണി നഷ്ടമാകുമ്പോള്‍ പ്രതിസന്ധിയിലാകുന്നത് ആയിരക്കണക്കിന് ചെറുകിട വ്യാപാരികളും വ്യവസായികളും

Update:2021-05-07 13:44 IST

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കേണ്ടെന്ന് കേരള സര്‍ക്കാര്‍ തീരുമാനിച്ചതോടെ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും കേരളത്തിലെ സ്‌കൂള്‍ സീസണ്‍ കച്ചവടം ഇല്ലാതെയായി.

ഓണം, പെരുന്നാള്‍, വിഷു സീസണുകള്‍ പോലെ കോടികളുടെ വിപണിയായിരുന്നു കേരളത്തില്‍ സ്‌കൂള്‍ തുറക്കല്‍ സീസണും. മക്കളുടെ വിദ്യാഭ്യാസത്തിനായി പണം ചെലവിടാന്‍ കേരളത്തിലെ ഭൂരിഭാഗം പേരും മടിക്കാറില്ല. അതുകൊണ്ട് തന്നെ സംസ്ഥാനത്തെ ഉള്‍ഗ്രാമങ്ങളിലെ കടകളില്‍ പോലും 2500- 3000 രൂപ വിലയുള്ള സ്‌കൈ ബാഗുകള്‍ പോലും സ്‌കൂള്‍ സീസണില്‍ നല്ല രീതിയില്‍ വിറ്റുപോയിരുന്നു.
അസംഘടിത മേഖലയില്‍ നിന്നുവരുന്ന നോട്ട് ബുക്കുകള്‍ക്കൊപ്പം ഐ ടി സിയുടെ ക്ലാസ്‌മേറ്റ്, കാമലിന്‍ തുടങ്ങിയ ബ്രാന്‍ഡഡ് നോട്ടു ബുക്കുകളും വന്‍തോതില്‍ വിറ്റഴിഞ്ഞിരുന്നു.

മഴയുള്ള ദിവസവും ഇല്ലാത്ത ദിവസവും അണിഞ്ഞ് സ്‌കൂളില്‍ പോകാനായി ഏറ്റവും ചുരുങ്ങിയത് രണ്ട് ജോഡി പാദരക്ഷകള്‍ കുട്ടികള്‍ക്കായി സ്‌കൂള്‍ തുറക്കുന്നതിനേ മുമ്പേ മാതാപിതാക്കള്‍ വാങ്ങിയിരുന്നു. വാട്ടര്‍ബോട്ടില്‍, പൗച്ച് തുടങ്ങി അമ്പതോളം ഉല്‍പ്പന്നങ്ങളാണ് സ്‌കൂള്‍ വിപണിയില്‍ നിറഞ്ഞിരുന്നത്.

ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയതോടെ കുടയ്ക്ക് മുതല്‍ നോട്ട് ബുക്കിന് വരെ വില്‍പ്പന കുത്തനെ ഇടിഞ്ഞു. കോവിഡിന്റെ തീവ്ര വ്യാപനം മുന്നില്‍ കണ്ട് ഈ വര്‍ഷം വ്യാപാരികള്‍ സ്റ്റോക്കുകള്‍ എടുക്കാത്തതുകൊണ്ട് നഷ്ടം കുറവാണെന്ന് മാത്രം. പക്ഷേ, ഇത്തരം സീസണല്‍ കച്ചവടം നടത്തി ഉപജീവനമാര്‍ഗം കണ്ടെത്തുന്ന ആയിരക്കണക്കിനാളുകള്‍ക്ക് വലിയ തിരിച്ചടിയുമായി.

ഡയറക്ടറേറ്റ് ഓഫ് ജനറല്‍ എഡ്യൂക്കേഷന്‍ നല്‍കുന്ന കണക്ക് പ്രകാരം ഒന്ന് മുതല്‍ പത്തു വരെയുള്ള ക്ലാസുകളില്‍ 33.27 ലക്ഷം കുട്ടികളാണ് 2019- 20 ല്‍ പഠിക്കുന്നത്. സര്‍ക്കാര്‍, ഐഡഡ് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മാത്രം കണക്കാണിത്. അനൈഡഡ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍, കോളേജ് വിദ്യാര്‍ഥികള്‍ എന്നിവര്‍ കൂടി വരുമ്പോള്‍ സംഖ്യ ഇതിലും കൂടും. ഈ വലിയ വിദ്യാര്‍ഥി വിപണിയാണ് തിരിച്ചു പിടിക്കാന്‍ കഴിയാതെ ഈ വര്‍ഷവും കൈവിട്ടു പോയത്.
സ്‌കൂള്‍ തുറന്നാല്‍ കാലിയാകും പിന്നെ ഓണത്തിന് നോക്കിയാല്‍ മതി
കേരളത്തിലെ വിപണി സ്‌കൂള്‍ കച്ചവടം കഴിഞ്ഞാല്‍ ഓണക്കാലം വരെ ഒരുതരം മയക്കത്തിലാകുമായിരുന്നു. മാതാപിതാക്കള്‍ കൈയിലുള്ളതെല്ലാം തൂത്തുപെറുക്കിയാണ് മക്കള്‍ക്കായി എല്ലാം ഒരുക്കിയിരുന്നത്. പുതിയ വസ്ത്രങ്ങള്‍ മുതല്‍, സ്‌കൂള്‍ യൂണിഫോമിന് പുറമേ ആണിത്, എല്ലാം പുതിയതു വാങ്ങിയാണ് മക്കളെ സ്‌കൂളില്‍ വിട്ടിരുന്നത്. പിന്നീട് മൂന്ന് നാല് മാസം അവരുടെ കൈയില്‍ പണമുണ്ടാകില്ല. കേരളത്തിലെ വിപണിയും മയക്കത്തിലാകും. വര്‍ഷങ്ങളായി ഓണ വിപണിക്ക് കേരളത്തില്‍ കാര്യമായ തിളക്കമില്ല. ഇപ്പോള്‍ സ്‌കൂള്‍ വിപണിയും പോയി.
കോടികളുടെ നഷ്ടം
കോവിഡ് കാലത്തിന് മുമ്പ് കേരളത്തിലെ വന്‍കിട കുട നിര്‍മാതാക്കളായ പോപ്പിയും ജോണ്‍സും കൂടി 200 കോടി രൂപയുടെ കുടകളാണ് സീസണില്‍ വിറ്റഴിച്ചിരുന്നത്. മുപ്പതോളം വരുന്ന മറ്റ് കുട നിര്‍മാതാക്കള്‍ മൊത്തം മറ്റൊരു 100 കോടി രൂപയുടെ കുടകള്‍ കൂടി വിറ്റിരുന്നു. 300 കോടി രൂപയുടെ കുട വിപണിയില്‍ നല്ലൊരു ശതമാനവും വിദ്യാര്‍ത്ഥികളുടേതായിരുന്നു. കുടകള്‍ വീട്ടിലിരുന്ന് ഉണ്ടാക്കി ഉപജീവന മാര്‍ഗം കണ്ടെത്തിയവരുടെ കാര്യവും കഷ്ടത്തിലായി.
വിപണിയില്‍ നിന്ന് പോയത് 45 ലക്ഷം പ്ലാസ്റ്റിക് സ്‌കൂള്‍ ബാഗ്
തൃശൂര്‍ കേന്ദ്രമായുള്ള ബാഗിധാരി എന്ന എന്‍ ജി ഒയുടെ 2019 ലെ കണക്കനുസരിച്ച് 45 ലക്ഷം പ്ലാസ്റ്റിക് സ്‌കൂള്‍ ബാഗുകളാണ് ആ വര്‍ഷം കേരളത്തില്‍ വിറ്റത്. ബാഗൊന്നിന് ശരാശരി 400 രൂപ കണക്കാക്കിയാല്‍ ഏറ്റവും ചുരുങ്ങിയത് 180 കോടിയുടെ സ്‌കൂള്‍ ബാഗ് ബിസ്സിനസാണ് നടന്നിരുന്നത്. ഈ വില്‍പ്പന മൊത്തത്തില്‍ ഇല്ലാതെയായി.

സ്‌കൂള്‍ തുറക്കുമ്പോള്‍ വില്‍പ്പനയില്‍ മുന്നില്‍ നിന്നിരുന്ന ഷൂസ് ഇപ്പോള്‍ കടകളില്‍ കെട്ടികിടക്കുകയാണ്. കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളില്‍ നിന്നുള്ള 115 പാദ രക്ഷ നിര്‍മാണ യൂണിറ്റുകള്‍ക് സ്‌കൂള്‍ തുറക്കാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഗ്രാമ പ്രദേശങ്ങളില്‍ ഷൂസിന് പകരം, ചെരുപ്പുകള്‍ ധരിച്ചായിരുന്നു കുട്ടികള്‍ സ്‌കൂളില്‍ പോയിരുന്നത്. ഷൂ നിര്‍ബന്ധമായ സ്‌കൂളുകളിലും മഴയുള്ള ദിവസങ്ങളില്‍ ചെരുപ്പ് ഉപയോഗിക്കാന്‍ അനുവദിച്ചിരുന്നു.

സ്‌കൂള്‍ തുറക്കാത്തതു മൂലം കഷ്ടത്തിലായത് കൈത്തറി യൂണിഫോം നെയ്തുകാരും തയ്യല്‍ക്കാരുമാണ്. യൂണിഫോം വിപണിയില്‍ മഫത്‌ലാല്‍ പോലുള്ള വന്‍കിട ബ്രാന്‍ഡുകളുണ്ട്.

2019 ലെ കണക്ക് അനുസരിച്ച് സര്‍ക്കാര്‍ സ്‌കൂളിലെ 8.5 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് 42 ലക്ഷം മീറ്റര്‍ കൈത്തറി യൂണിഫോം സര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്തിരുന്നു. സ്‌കൂളുകള്‍ അടച്ചിട്ടത്തോടെ ആയിരകണക്കിന് കൈത്തറി തൊഴിലാളികളാണ് ഇപ്പോള്‍ നട്ടംതിരിയുന്നത്.


Tags:    

Similar News