കയറ്റുമതിയില്‍ ഉണര്‍വ്, ആവശ്യകതയും കൂടി; കര്‍ഷകര്‍ക്ക് ആശ്വാസമായി പൈനാപ്പിള്‍ വിലയിലെ കുതിപ്പ്

വിദേശത്തേക്ക് ഉള്‍പ്പെടെ കയറ്റുമതി വര്‍ധിച്ചതാണ് പൈനാപ്പിളിന്റെ സമയം തെളിയാന്‍ കാരണം

Update:2024-04-15 12:46 IST

Image courtesy: canva


കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പൈനാപ്പിളിന് വിലയില്ലാതിരുന്നത് കര്‍ഷകരെ വലിയ തോതില്‍ ബുദ്ധിമുട്ടിച്ചിരുന്നു. കൃഷിയിറക്കാന്‍ മുടക്കുന്ന പണം പോലും തിരിച്ചു കിട്ടാത്ത അവസ്ഥയായിരുന്നു ഈ മേഖലയിലുണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ വിലയില്‍ ഉള്‍പ്പെടെ കുതിപ്പ് രേഖപ്പെടുത്തിയതോടെ പൈനാപ്പിള്‍ കൃഷിയുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവര്‍ ആവേശത്തിലാണ്.

കേരളത്തിലെ പൈനാപ്പിള്‍ കൃഷിയുടെ ഏറിയപങ്കും എറണാകുളത്തെ വാഴക്കുളത്താണ്. ഇവിടെ നിന്നാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കും വിദേശത്തേക്കും പൈനാപ്പിള്‍ കയറ്റുമതി ചെയ്യുന്നത്. നിലവില്‍ ഒരു കിലോയ്ക്ക് 62 രൂപ വരെ പൈനാപ്പിളിന് ലഭിക്കുന്നുണ്ട്. പഴുക്കാത്ത പൈനാപ്പിളിന് 56 രൂപ വരെയാണ് വില. വരുംദിവസങ്ങളില്‍ വില ഇനിയും കൂടുമെന്നാണ് ഈ മേഖലയിലുള്ളവര്‍ പറയുന്നത്.

വിദേശ കയറ്റുമതിയില്‍ ഉണര്‍വ്

വിദേശത്തേക്ക് ഉള്‍പ്പെടെ കയറ്റുമതി വര്‍ധിച്ചതാണ് പൈനാപ്പിളിന്റെ സമയം തെളിയാന്‍ കാരണം. ഗള്‍ഫ് രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കും വലിയ അളവില്‍ പൈനാപ്പിള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. വില കൂടാന്‍ കാരണവും കയറ്റുമതിക്കുള്ള ആവശ്യകത വര്‍ധിച്ചതാണ്. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി യൂറോപ്പില്‍ നിന്നുള്ള അന്വേഷണവും കൂടിയിട്ടുണ്ട്.

ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ കിലോയ്ക്ക് 20-25 രൂപയിലേക്ക് വില ഇടിഞ്ഞിരുന്നു. ഇതോടെ കര്‍ഷകരില്‍ പലരും താല്‍ക്കാലികമായി കൃഷിയില്‍ നിന്ന് പിന്‍വാങ്ങുകയും ചെയ്തിരുന്നു. വില വീണ്ടും കൂടിയതോടെ വാഴക്കുളം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വീണ്ടും കൃഷിയിടങ്ങള്‍ സജീവമായിട്ടുണ്ട്.

കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം പൈനാപ്പിള്‍ വില വളരെ താഴെയായിരുന്നു. വേനല്‍ ശക്തമായതോടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും വന്‍ തോതില്‍ ചരക്ക് കയറ്റിപ്പോകാന്‍ തുടങ്ങി. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ വില്‍പന നടക്കുന്നത്.

ചില്ലറ വില വര്‍ധിക്കും

കയറ്റുമതി കൂടിയതോടെ പ്രാദേശിക മാര്‍ക്കറ്റുകളില്‍ പൈനാപ്പിള്‍ ലഭ്യത കുറഞ്ഞിട്ടുണ്ട്. ഇതു വരും ദിവസങ്ങളില്‍ വില വീണ്ടും കൂടാന്‍ ഇടയാക്കും. മാര്‍ച്ച് മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ കേരളത്തില്‍ വില്‍പന കൂടുന്ന സമയമാണ്. ചില്ലറ വില 90-100 രൂപയിലേക്ക് കുതിക്കാന്‍ സാധ്യതയുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്.
ഏറ്റവും പുതിയ ധനംഓണ്‍ലൈന്‍ വാര്‍ത്തകളും അപ്‌ഡേറ്റുകളും ലഭിക്കാന്‍ അംഗമാകൂ: വാട്‌സാപ്പ്, ടെലഗ്രാം

അതേസമയം, വില കൂടിയ സമയത്ത് ഉല്‍പാദനം കുറഞ്ഞത് കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നുണ്ട്. കടുത്ത ചൂടും കാലാവസ്ഥ വ്യതിയാനവും മൂലം ഓരോ വര്‍ഷവും വിളവ് കുറയുന്ന പ്രവണതയാണുള്ളത്. പൈനാപ്പിള്‍ പഴുക്കാന്‍ പതിവിലും കൂടുതല്‍ ദിവസങ്ങള്‍ വേണ്ടിവരുന്നു.
പൈനാപ്പിള്‍ തോട്ടങ്ങളില്‍ കടുത്ത ചൂടിനെ പ്രതിരോധിക്കാന്‍ ഒരേക്കറില്‍ 20,000 രൂപയോളം കൂടുതല്‍ തുകയാണ് കര്‍ഷകര്‍ക്ക് ചെലവഴിക്കേണ്ടി വരുന്നത്. അനുകൂല കാലാവസ്ഥയില്‍ 80 ശതമാനം വരെ എ ഗ്രേഡ് പൈനാപ്പിള്‍ ലഭിച്ചിരുന്ന സ്ഥാനത്ത് 40 ശതമാനം പോലും ലഭിക്കുന്നില്ലെന്നു കര്‍ഷകര്‍ പറയുന്നു.


Tags:    

Similar News