റെയ്മണ്ട് തുണിത്തരങ്ങളില്‍ നിങ്ങള്‍ക്കും മുതല്‍മുടക്കാം, എക്‌സ്‌ക്ലൂസീവായി; അതിനു വഴിയുണ്ട്‌

ലൈഫ്‌സ്റ്റൈല്‍ ബിസിനസില്‍ വമ്പന്‍ വിപുലീകരണ പദ്ധതികളാണ് റെയ്മണ്ട് ഗ്രൂപ്പ് പദ്ധതിയിടുന്നത്

Update:2024-08-30 13:11 IST

ഗൗതം സിംഗാനിയ

റെയ്മണ്ട് ഗ്രൂപ്പില്‍ നിന്ന് വേര്‍പെടുത്തിയ വസ്ത്ര വ്യാപാര ബിസിനസ് വിഭാഗമായ റെയ്മണ്ട് ലൈഫ് സ്റ്റൈല്‍ അടുത്ത ആഴ്ച ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുമെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഗൗതം സിംഘാനിയ. കഴിഞ്ഞ വര്‍ഷമാണ് റെയ്മണ്ട് ഗ്രൂപ്പിനു കീഴിലെ മൂന്ന് ബിസിനസുകള്‍, റിയല്‍ എസ്റ്റേറ്റ്, ലൈഫ്‌സ്റ്റൈല്‍, എന്‍ജിനീയറിംഗ് എന്നിങ്ങനെ മൂന്നായി വിഭജിച്ചത്. റിയല്‍ എസ്റ്റേറ്റ് ബിസിനസ് അടുത്ത വര്‍ഷം വിപണിയില്‍ ലിസ്റ്റ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

ലൈഫ്‌സ്റ്റൈല്‍ ബിസിനസില്‍ വമ്പന്‍ വിപുലീകരണ പദ്ധതികളാണ് റെയ്മണ്ട് ഗ്രൂപ്പ് പദ്ധതിയിടുന്നത്. നിലവില്‍ 100ലധികം ഷോറുമുകള്‍ കമ്പനിക്കുണ്ട്. ഈ സാമ്പത്തിക വര്‍ഷം അത് 300 എണ്ണമാക്കി ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ഓഹരി വിപണി പ്രവേശത്തിനു മുന്നോടിയായി റെയ്മണ്ട് ലൈഫ് സ്റ്റൈല്‍ മാനേജ്‌മെന്റ് ഗുജറാത്തിലെ വാപി ഫാക്ടറിയിലേക്ക് സന്ദര്‍ശനവും അനലിസ്റ്റ് മീറ്റും സംഘടിപ്പിച്ചിരുന്നു. 2028 സാമ്പത്തിക വര്‍ഷത്തോടെ 12-15 ശതമാനം വരുമാന വളര്‍ച്ചയും ലാഭം (എബിറ്റ്ഡ) 2,000 കോടിയാക്കാനുമാണ് ലക്ഷ്യമിടുന്നത്.
പാര്‍ക്ക് അവന്യു, കളര്‍ പ്ലസ്, പാര്‍ക്‌സ്, റെയ്ണ്ട്‌ മെയ്ഡ് മെഷര്‍, എത്‌നിക്‌സ് തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ ഉടമസ്ഥരാണ് റെയ്മണ്ട് ലൈഫ് സ്റ്റൈല്‍. സ്ലീപ് വെയര്‍, ഹോം ഫര്‍ണീഷിംഗ് തുടങ്ങിയ വിഭാഗത്തിലേക്കും അടുത്തിടെ കമ്പനി കടന്നിരുന്നു.
മത്സരം ശക്തം 
വിവാഹ വിപണിയില്‍ റെയ്മണ്ട് സ്യൂട്ടുകള്‍ക്കും മറ്റും മികച്ച ഡിമാന്‍ഡുണ്ടെങ്കിലും എത്‌നിക്, ഇന്ത്യന്‍ വെയര്‍ വിപണിയില്‍ മാന്യവര്‍ ഉള്‍പ്പെടെയുള്ള ബ്രാന്‍ഡുകളില്‍ നിന്ന് കടുത്ത മത്സരമുണ്ട്. വേദാന്ത ഫാഷന്‍സിനു കീഴിലുള്ള മാന്യവര്‍ 2022 ഫെബ്രുവരിയില്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ ഈ ഓഹരി നിക്ഷേപകര്‍ക്ക് നല്‍കിയത് 20.5 ശതമാനം നേട്ടമാണ്. എന്നാല്‍ ഒരു വര്‍ഷക്കാലയളവില്‍ ഓഹരി അത്ര മികച്ച പ്രകടനമല്ല കാഴ്ചവച്ചിരിക്കുന്നത്.
റെയ്മണ്ട് ഓഹരികള്‍ ഇന്ന് നേരിയ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍  14.55 ശതമാനം നേട്ടമാണ് ഓഹരി നല്‍കിയത്. എന്നാല്‍ അഞ്ച് വര്‍ഷക്കാലയളവില്‍ ഓഹരി വില 250 ശതമാനത്തോളം  ഉയര്‍ന്നിട്ടുണ്ട്


Tags:    

Similar News