ഉപഭോക്താക്കളെ കയ്യിലെടുക്കാന്‍ റിലയന്‍സ്; ഈയടുത്ത് ഏറ്റെടുത്ത ഹോള്‍സെയ്ല്‍ ബിസിനസ് റീറ്റെയ്ല്‍ ആക്കുന്നു
മാര്‍ച്ചോടെ ഡീല്‍ പൂര്‍ത്തിയാകും
റിലയന്‍സ് റീറ്റെയ്ല്‍ ഏറ്റെടുക്കലുകളുടെ പാതയിലാണ്. വിവിധ ബ്രാന്‍ഡുകളാണ് ഇതിനോടകം റിലയന്‍സിന്റെ റീറ്റെയ്ല്‍ ബിസിനസ് ഏറ്റെടുത്ത് കഴിഞ്ഞത്. ഡണ്‍സോ, ജസ്റ്റ് ഡയല്‍, ക്ലോവിയ എന്നിവയ്‌ക്കെല്ലാം ഉപഭോക്താക്കള്‍ക്കിടയില്‍ മികച്ച സ്വീകാര്യതയാണ് ഉള്ളത്. എസ്എച്ച്ബിപിഎല്‍ എന്ന കുപ്പിവെള്ള കമ്പനിയെയും റിലയന്‍സ് ഏറ്റെടുത്തിരുന്നു.
രാജ്യത്തെ പ്രമുഖ ഹോള്‍ സെയ്ല്‍ ബിസിനസ് ബ്രാന്‍ഡ് ആയ മെട്രോ എജിയുടെ ഏറ്റെടുക്കലിലാണ് ഇപ്പോള്‍ റിലയന്‍സ്. വിവിരങ്ങളിലൂടെ അറിയുന്നത്, മെട്രോയുടെ ബി ടു ബി ബിസിനസിനെ 'ലോക്കല്‍'ആക്കുകയാണ് എന്നതാണ്. മെട്രോ എജി ബിസിനസ് 2085 കോടി രൂപ ഇടപാടിലൂടെയാണ് റിലയന്‍സ് ഏറ്റെടുത്തിരിക്കുന്നത്. നിലവില്‍ ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍, കാറ്ററിംഗ് സംരംഭങ്ങള്‍ എന്നിവയ്ക്ക് സാധനങ്ങള്‍ എത്തിച്ചിരുന്ന മെട്രോ എജി ഇനി മുതല്‍ 'ഡയറക്റ്റ് ടു കസ്റ്റമര്‍' ബിസിനസിലേക്കാണ് കടക്കുന്നത്.
100 ശതമാനം വിദേശ നിക്ഷേപമുള്ള (Foreign direct investment (FDI) സംരംഭങ്ങള്‍ക്ക് രാജ്യത്ത് ക്യാഷ് ആന്‍ഡ് ക്യാരി, ഹോള്‍സെയ്ല്‍ ബിസിനസ് മാത്രമേ അനുവദനീയമായിരുന്നുള്ളു. എന്നാല്‍ റിലയന്‍സിന്റെ ഏറ്റെടുക്കല്‍ നടന്നതോടെ റീറ്റെയ്ല്‍ ബിസിനസിലേക്കും മെട്രോ എജിക്ക് കടക്കാം. പുതിയ ഏറ്റെടുക്കല്‍ മാര്‍ച്ചോടെ പൂര്‍ണമാകും. ഡീല്‍ അനുസരിച്ച് മൂന്നു വര്‍ഷം വരെ ബ്രാന്‍ഡ് നാമം മെട്രോ എജി എന്നു തന്നെ നിലനിര്‍ത്തിയേക്കും.
ഈ ഡീല്‍ വഴി മെട്രോയുടെ 31 വലിയ സ്‌റ്റോറുകളാണ് റിലയന്‍സിന് കീഴിലാകുന്നത്. 3500 ജീവനക്കാരുള്‍പ്പെടുന്ന മൂന്ന് ദശലക്ഷം ബിടുബി കസ്റ്റമേഴ്‌സ് ഉള്‍പ്പെടുന്ന വലിയ സ്ഥാപനത്തെ സ്വന്തമാക്കുക വഴി അംബാനി രാജ്യത്തെ റീറ്റെയ്ല്‍ ഭീമാനാകാനുള്ള ഒരുക്കത്തിലാണ്. ഈ ഡീല്‍ മാത്രമല്ല കേരളത്തിലുള്‍പ്പെടെ വിവിധ റീറ്റെയ്ല്‍ ശൃംഖലകളെ സ്വന്തമാക്കുകയാണ് റിലയന്‍സ്.