ആലിയ ഭട്ടിന്റെ 'എഡ്-എ-മമ്മ' ഇനി ഇഷ അംബാനിക്ക് സ്വന്തം
റിലയന്‍സ് റീറ്റെയ്‌ലിന്റെ ഈ പുതിയ ഏറ്റെടുക്കലോടെ രാജ്യത്തെ വന്‍കിട കിഡ്‌സ് ബ്രാന്‍ഡുകളായ ഫസ്റ്റ് ക്രൈ ഉള്‍പ്പെടെയുള്ളവയുമായി ഇനി മത്സരം മുറുകും.
നടിയും സംരംഭകയുമായ ആലിയ ഭട്ടിന്റെ എഡ്-എ-മമ്മ Ed-a-mamma) ബ്രാന്‍ഡിനെ ഏറ്റെടുത്ത് റിലയന്‍സ് റീറ്റെയ്ല്‍ വെഞ്ച്വേഴ്‌സ് (RRVL). 2020 ല്‍ ആലിയ ഭട്ട് ആരംഭിച്ച കുട്ടികളുടെ വസ്ത്ര ബ്രാന്‍ഡായ എഡ്-എ-മമ്മയെ (300-350 കോടി രൂപയ്ക്ക് റിലയന്‍സ് ഏറ്റെടുക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും ഇപ്പോഴാണ് ഏറ്റെടുക്കല്‍ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. എന്നാല്‍ എത്രയാണ് കരാര്‍ തുക എന്ന് പുറത്ത് വിട്ടിട്ടില്ല. ഇഷ അംബാനിയുടെ റിലയന്‍സ് റീറ്റെയ്‌ലിന്റെ ഈ പുതിയ ഏറ്റെടുക്കലോടെ രാജ്യത്തെ വന്‍കിട കിഡ്‌സ് ബ്രാന്‍ഡുകളായ ഫസ്റ്റ് ക്രൈ ഉള്‍പ്പെടെയുള്ളവയുമായി ഇനി മത്സരം മുറുകും.
ബോളിവുഡ് താരം ആലിയ ഭട്ടിനും നടന്‍ രണ്‍ബീര്‍ കപൂറിനും ഒരു മകളാണുള്ളത്, ഇഷ അംബാനിക്ക് ഇരട്ടക്കുട്ടികളും. ഈ സഖ്യം സംരംഭകര്‍ എന്നതിനപ്പുറം അമ്മമാര്‍ എന്ന നിലയില്‍ ഏറെ സന്തോഷം നല്കുന്നതാണെന്നാണ് താല്‍പര്യമെന്നാണ് ഇരുവരും പ്രതികരിച്ചത്.
''ആലിയയുടെ കുട്ടിയും എന്റെ മക്കളും തമ്മില്‍ ആഴ്ചകളുടെ വ്യത്യാസമേ ഉള്ളൂ, ഞങ്ങള്‍ ഇരുവരും ഗര്‍ഭകാലത്ത് അണിഞ്ഞിരുന്നത് എഡ്-എ-മമ്മയുടെ ഉല്‍പ്പന്നങ്ങളാണ്. ഇപ്പോള്‍ ഞങ്ങളുടെ കുട്ടികള്‍ക്ക് എഡ്-എ-മമ്മയുടെ കുഞ്ഞുടുപ്പുകള്‍ ഉപയോഗിക്കുന്നു. അതിനാല്‍ തന്നെ ഇത് വളരെ വിശേഷപ്പെട്ട അനുഭവമാണ്. ഈ ബ്രാന്‍ഡ് പങ്കാളിത്തം, ഉല്‍പ്പന്നങ്ങള്‍ എല്ലാം എന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്നു''. ഇഷ അംബാനി കുറിച്ചു.
പുതിയ അമ്മമാര്‍ എന്ന നിലയില്‍ ഈ ബ്രാന്‍ഡ് തങ്ങള്‍ക്കേറെ പ്രിയപ്പെട്ടതാണ്. റീറ്റെയ്ല്‍ മാര്‍ക്കറ്റിംഗില്‍ റിലയന്‍സിനുള്ള കരുത്ത് എഡ്-എ-മമ്മയുടെ വിപണി വിപുലമാക്കുന്നതിന് സഹായകമാകുമെന്നായിരുന്നു ആലിയ ഭട്ടിന്റെ പ്രതികരണം.
എഡ്-എ-മമ്മ ഇതുവരെ
മിതമായ നിരക്കില്‍ കുട്ടികള്‍ക്ക് മെച്ചപ്പെട്ട വസ്ത്രങ്ങള്‍ നല്‍കുന്ന ലോകോത്തര നിലവാരത്തിലുള്ള ഇന്ത്യന്‍ ബ്രാന്‍ഡിന്റെ അഭാവമാണ് ആലിയ ഭട്ടിനെ 2020ല്‍ എഡ്-എ-മമ്മ ആരംഭിക്കാന്‍ പ്രേരിപ്പിച്ചതെന്ന് അവര്‍ അന്ന് പറഞ്ഞിരുന്നു. എഡ്-എ-മമ്മയുടെ സ്വന്തം വെബ്‌സ്റ്റോര്‍ കൂടാതെ ഫസ്റ്റ്ക്രൈ (FirstCry), അജിയോ (AJIO), മിന്ത്ര (Myntra), ആമസോണ്‍ (Amazon), ടാറ്റ ക്ലിക് (Tata cliq) തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും കമ്പനിയുടെ വസ്ത്രങ്ങള്‍ ലഭ്യമാണ്.
ലൈഫ്‌സ്റ്റൈല്‍, ഷോപ്പേഴ്‌സ് സ്റ്റോപ്പ് തുടങ്ങിയ റീട്ടെയില്‍ ശൃംഖലകള്‍ വഴിയും ബ്രാന്‍ഡ് വില്‍ക്കുന്നു. 4നും 12നും ഇടയില്‍ പ്രായമുള്ള കുട്ടികളെ ലക്ഷ്യമിട്ടാണ് ബ്രാന്‍ഡ് ആരംഭിച്ചത്. ഈ വര്‍ഷമാദ്യം കുട്ടികളുടെ സ്ലീപ്പ് സ്യൂട്ടുകള്‍, ബോഡി സ്യൂട്ടുകള്‍ എന്നിവയുടെ ഒരു വസ്ത്ര നിരയും എഡ്-എ-മമ്മ ആരംഭിച്ചു. എഡ്-എ-മമ്മയുടെ ഏറ്റെടുക്കല്‍ നടക്കുകയാണെങ്കില്‍ അത് കുട്ടികള്‍ക്കുള്ള റിലയന്‍സിന്റെ വസ്ത്രങ്ങുടെ ഉല്‍പ്പന്നനിരയെ ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു. അഭിനയത്തിനും വസ്ത്ര ബ്രാന്‍ഡിനും പുറമേ ആലിയ ഭട്ട് 'കോഎക്സ്സിസ്റ്റ്' എന്നൊരു പാരിസ്ഥിതിക സംരംഭവും ആരംഭിച്ചിട്ടുണ്ട്.