ഇലക്ട്രിക് വിപണിയുടെ അങ്കത്തട്ടിലേക്ക് റിലയന്‍സും; ബിപിഎല്‍, കെല്‍വിനേറ്റര്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കും

ബിപിഎല്‍, കെല്‍വിനേറ്റര്‍ ബ്രാന്‍ഡുകള്‍ക്ക് കീഴിലുള്ള കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സ് നിര്‍മിച്ച് വില്‍ക്കാനുള്ള ലൈസന്‍സ് റിലയന്‍സ് റീറ്റെയില്‍ സ്വന്തമാക്കി.

Update:2021-08-27 18:13 IST

ബിപിഎല്‍, കെല്‍വിനേറ്റര്‍ എന്നീ സാധാരണക്കാരുടെ ബ്രാന്‍ഡ് മെല്ലെ ഇലക്രിക്കല്‍ അപ്ലൈയന്‍സ് വിപണിയില്‍ നിന്നും മാഞ്ഞു തുടങ്ങിയിരുന്നു. ഇപ്പോഴിതാ ഈ ബ്രാന്‍ഡിലെ ഉല്‍പ്പന്നങ്ങള്‍ക്ക് പുതുജീവന്‍ കൈവരിക്കുകയാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കീഴിലുള്ള റിലയന്‍സ് റീറ്റെയ്ല്‍ ഈ ബ്രാന്‍ഡുകളുടെ കീഴിലുള്ള ഉപകരണങ്ങള്‍ നിര്‍മിച്ച് വില്‍ക്കാനുള്ള അനുമതി നേടിയിരിക്കുകയാണ്.

കെല്‍വിനേറ്ററുമായുള്ള ഉടമ്പടി ഒപ്പുവച്ചതായും ബിപിഎല്ലുമായുള്ള കരാര്‍ ഉടനെ കമ്പനി പുറത്തുവിടുമെന്നുമാണ് റിപ്പോര്‍ട്ട്. ബിപിഎല്ലിന്റെ ബ്രാന്‍ഡില്‍ എസികള്‍, റഫ്രിജിറേറ്റര്‍, വാഷിംഗ് മെഷിന്‍, ടെലിവിഷന്‍ എന്നിവ കൂടാതെ താറ്റ് ബള്‍ബുകളും ഫാനും നിര്‍മിച്ച് വില്‍ക്കും.
റിലയന്‍സ് ഓഫ്‌ലൈന്‍, ഓണ്‍ലൈന്‍ ചാനലുകള്‍ വിഴിയാകും പ്രാരംഭ വില്‍പ്പന. ലോക്കല്‍ ഇലക്ട്രോണിക് സ്‌റ്റോറുകളില്‍ പോലും റിലയന്‍സ് ഇലക്ട്രിക് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കാനും പദ്ധതിയുണ്ട്.
റിലയന്‍സ് റീറ്റെയിലിന്റെ സ്റ്റോര്‍ പ്രവര്‍ത്തനങ്ങളെ കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ബാധിച്ചെങ്കിലും, കമ്പനിയുടെ അറ്റാദായം 123 ശതമാനം ഉയര്‍ന്ന് ജൂണ്‍ 30 ന് അവസാനിച്ച ആദ്യ പാദത്തില്‍ 962 കോടി രൂപയായി.
കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 22 ശതമാനം വര്‍ധിച്ച്, 38,547 കോടി രൂപയായി. പുതിയ ഏറ്റെടുക്കലുകള്‍ റിലയന്‍സിനെ റീറ്റെയ്ല്‍ മേഖലയില്‍ ഇനിയുമേറെ മുന്നിലാക്കും.


Tags:    

Similar News