ഈ ജൂവല്‍റിയിലെ ആഭരണങ്ങള്‍ക്ക് വില ₹10ലക്ഷത്തിന് മുകളില്‍; കയറി കാണണമെങ്കിലും പ്രത്യേക ക്ഷണം വേണം

ടൈറ്റന്‍ കമ്പനിക്ക് കീഴില്‍ തുറക്കുന്ന ജൂവല്‍റിയുടെ പ്രത്യേകതകള്‍

Update:2023-10-28 13:23 IST

ഇന്ത്യയില്‍ ക്ഷണിക്കപ്പെട്ട ഉപഭോക്താക്കള്‍ക്ക് മാത്രമായി ആദ്യമായി ഒരു ജൂവല്‍റി തുറക്കപ്പെടുന്നു, ഇവിടുത്തെ ആഭരണം പറയും അതിന്റെ രഹസ്യം. 10 ലക്ഷം രൂപയും അതിനുമുകളിലുമുള്ള ആഭരണങ്ങള്‍ മാത്രമായിരിക്കും ഇവിടെ വില്‍ക്കുക. അതിനാല്‍ തന്നെ തെരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് മാത്രമേ ഇവിടേക്ക് കയറാന്‍ പോലും കഴിയൂ.

ടൈറ്റന്‍ കമ്പനി ലിമിറ്റഡിന് കീഴില്‍ ഡല്‍ഹിയില്‍ തുറക്കപ്പെടുന്ന വമ്പന്‍ ആഡംബര റീറ്റെയ്ല്‍ ജൂവല്‍റിയുടെ വിവരങ്ങള്‍ ഇക്കണോമിക് ടൈംസ് ആണ് പുറത്തു വിട്ടത്. 17,000 ചതുരശ്ര അടി വലുപ്പമുളള ഈ ജൂവല്‍റി രാജ്യത്തെ തന്നെ ഏറ്റവും വലിയ ജൂവല്‍റികളിലൊന്നായിരിക്കും.

നിലവിൽ തനിഷ്‌ക് ബ്രാൻഡിന് കീഴിൽ ഈ റോഡിൽ തന്നെ  10,000 ചതുരശ്ര അടി വലുപ്പമുള്ള ജൂവല്‍റി  പ്രവര്‍ത്തിക്കുന്നുണ്ട്. ആഭരണ വിപണിയില്‍ ലക്ഷ്വറി സെഗ്മെന്റ് വികസിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ടൈറ്റന്‍ കമ്പനിയുടെ പുതിയ പ്രവര്‍ത്തനങ്ങള്‍. 

ഒരു പൈലറ്റ് പ്രോഗ്രാമിന് കീഴിൽ പരീക്ഷണാടിസ്ഥാനത്തിലാണ് ടൈറ്റൻ ഈ ആഡംബര ജൂവൽറി ഷോറൂം തുറക്കുന്നത്.  രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ   ഇത്തരത്തിൽ കൂടുതൽ ഷോറൂമുകൾ ആരംഭിക്കാനും ടൈറ്റന് പദ്ധതിയുണ്ട്. 

തനിഷ്‌ക് വളരുന്നു

ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ടൈറ്റന് കീഴിലുള്ള തനിഷ്‌ക് സ്റ്റോറുകളുടെ എണ്ണം 436 ആയി വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ പാദത്തില്‍ മാത്രം 10 പുതിയ സ്‌റ്റോറുകളാണ് ഇവര്‍ ആരംഭിച്ചത്. സെപ്റ്റംബറില്‍ അവസാനിക്കുന്ന പാദത്തില്‍ ജൂവല്‍റി വിഭാഗം സെയില്സിൽ  20 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിക്കാന്‍ ഗ്രൂപ്പിന് കഴിഞ്ഞു. മാത്രമല്ല ഖത്തറില്‍ പുതിയ തനിഷ്‌ക് സ്റ്റോര്‍ ആരംഭിച്ച് കൊണ്ട് പശ്ചിമേഷ്യന്‍ വിപണിയിലേക്കും കമ്പനി പ്രവേശിച്ചിരിക്കുകയാണ്.

റീറ്റെയ്ല്‍ ആഭരണ വിപണിയിൽ താല്പര്യം മാറുന്നു  

റീറ്റെയ്ല്‍ വിപണിയില്‍ ചെറുകിട ജൂവല്‍റികളിലേക്കുള്ള ഉപഭോക്താക്കളുടെ വരവ് കുറഞ്ഞിരിക്കുകയാണ്. മീഡിയം, ലക്ഷ്വറി ജൂവല്‍റികളിലേക്കാണ് നിലവിൽ ഉപഭോക്തൃ താല്‍പ്പര്യമെന്ന് ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ് പറയുന്നു. റീറ്റെയ്‌ലേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം ജൂവല്‍റി വിഭാഗം 13 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചു. മൊത്ത റീറ്റെയ്ല്‍ വിപണിയുടെ വളര്‍ച്ച ഇക്കഴിഞ്ഞ വര്‍ഷം 9 ശതമാനമാണ്.

Tags:    

Similar News