ഇന്ത്യയില്‍ ആദ്യമായി ഗൃഹോപകരണ ഷോറൂം തുറന്ന് തോഷിബ

ഈ വര്‍ഷം 15 ഷോറൂമുകള്‍ കൂടി തുറക്കും

Update:2021-01-19 13:24 IST

ഇന്ത്യയിലെ ആദ്യത്തെ തോഷിബ എക്‌സ്‌ക്ലൂസിവ് ഗൃഹോപകരണ ഷോറൂം ബാംഗളൂരില്‍ തുറന്നു. തോഷിബ ലൈഫ് സ്റ്റൈല്‍ സെന്ററില്‍ റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, ഡിഷ് വാഷുകള്‍, വാട്ടര്‍ പ്യൂരിഫയറുകള്‍, എയര്‍ പ്യൂരിഫയര്‍ തുടങ്ങി വൈവിധ്യമാര്‍ന്ന് ഗൃഹോപകരണങ്ങള്‍ ഇനി ലഭിക്കും.

ഉല്‍പ്പന്നങ്ങള്‍ തൊട്ടും അനുഭവിച്ചും വാങ്ങുകയെന്നതാണ് കൂടുതല്‍ ഉപഭോക്താക്കളും ആവശ്യപ്പെടുന്നതെന്നും അതിന്റെ ഭാഗമായാണ് തോഷിബ ഷോറൂമുകള്‍ തുറക്കാനുള്ള പദ്ധതി തയാറാക്കിയതെന്നും തോഷിബ ഹോം അപ്ലയന്‍സസ് ബിസിനസ് ഹെഡ്ഡും വൈസ് പ്രസിഡന്റുമായ പ്രണബ് മൊഹന്തിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ വര്‍ഷം അവസാനത്തോടെ രാജ്യത്ത് 10 മുതല്‍ 15 വരെ ഷോറൂമുകള്‍ തുറക്കാനും കമ്പനി പദ്ധതിയിടുന്നു. ഇതിനായി മുംബൈ, ഡല്‍ഹി, അഹമ്മദാബാദ്, പൂന തുടങ്ങിയ നഗരങ്ങളില്‍ സ്ഥലം കണ്ടെത്തിയതായും അദ്ദേഹം പറയുന്നു.
ഈ വര്‍ഷം ഡീലര്‍ നെറ്റ് വര്‍ക്ക് വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. മാത്രമല്ല, ഗൃഹോപകരണങ്ങളുടെ നിര്‍മാണം ഇന്ത്യയില്‍ ആരംഭിക്കാനും പദ്ധതിയിടുന്നുണ്ട്. നിലവില്‍ 85 ശതമാനം ഉല്‍പ്പന്നങ്ങളും തായ്‌ലന്‍ഡിലുള്ള കമ്പനിയുടെ നിര്‍മാണ യൂണിറ്റില്‍ നിന്നും 15 ശതമാനം ചൈനയിലെ യൂണിറ്റില്‍ നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത്.


Tags:    

Similar News