ഉല്‍പ്പാദനച്ചെലവ് ഉയര്‍ന്നു, വസ്ത്രവിലയില്‍ വര്‍ധനവുമായി വ്യാപാരികള്‍

തുണി വിലയില്‍ 20-22 ശതമാനം വരെ വര്‍ധനവുണ്ടായതായി വ്യാപാരികള്‍ പറയുന്നു

Update:2022-04-05 15:32 IST

അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതോടെ വസ്ത്രങ്ങളുടെ വില വര്‍ധിപ്പിച്ച് വ്യാപാരികള്‍. വസ്ത്രങ്ങള്‍ക്ക് 10 മുതല്‍ 25 ശതമാനം വരെയാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. യുക്രെയ്ന്‍-റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ആഗോളതലത്തിലുണ്ടായ ചരക്ക് വില വര്‍ധനവാണ് ഇതിന് പ്രധാന കാരണം. നിലവില്‍ പരുത്തിയുടെ വില ഏറ്റവും ഉയര്‍ന്ന നിലയിലാണ് എത്തിനില്‍ക്കുന്നത്.

പരുത്തിയുടെ വില ഉയര്‍ന്നതോടെ തുണിയുടെ വിലയില്‍ 20-22 ശതമാനം വരെ വര്‍ധനവുണ്ടായതായി കോഴിക്കോട്ടെ മൊത്ത വസ്ത്ര വ്യാപാരിയായ സമീര്‍ പറയുന്നു. 'പ്രധാനമായും പരുത്തിയുടെ വില കുതിച്ചുയര്‍ന്നതാണ് വസ്ത്രങ്ങളുടെ വില ഉയരാന്‍ കാരണമായത്. കൂടാതെ, മെഷീനുകളില്‍ ഉപയോഗിക്കുന്ന ഓയ്‌ലുകളുടെ വിലയും ഉയര്‍ന്നിട്ടുണ്ട്' സമീര്‍ ധനത്തോട് പറഞ്ഞു. പോളിസ്റ്റര്‍, റേയോണ്‍ തുടങ്ങിയ സിന്തറ്റിക് തുണിത്തരങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന എണ്ണയുടെ വില 50 ശതമാനത്തോളമാണ് വര്‍ധിച്ചത്.

വിഷു, പെരുന്നാള്‍ സീസണ്‍ ആരംഭിക്കാനിരിക്കെ വസ്ത്രങ്ങളുടെ വില വര്‍ധിച്ചത് ഉപഭോക്താക്കള്‍ക്കും തിരിച്ചടിയാകും.

Tags:    

Similar News