മലയാളവും പച്ചവെള്ളംപോലെ; ഓല സ്ഥാപകന്‍ ഭവിഷ് അഗര്‍വാളിന്റെ എ.ഐ ചാറ്റ് ബോട്ട് ഞെട്ടിക്കും
കഴിഞ്ഞമാസമാണ് കൃത്രിം രാജ്യത്തെ ആദ്യ എ.ഐ യൂണികോണായി മാറിയത്
ഓല സ്ഥാപകന്‍ ഭവിഷ് ആഗര്‍വാളിന്റെ നേതൃത്വത്തിലുള്ള നിര്‍മിത ബുദ്ധി പ്ലാറ്റ്‌ഫോമായ കൃത്രിം പുതിയ ചാറ്റ്‌ബോട്ട് അവതരിപ്പിച്ചു. മലയാളമടക്കം 10ലധികം ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുന്ന ചാറ്റ് ബോട്ട് മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഓപ്പണ്‍ എ.ഐയുടെ ചാറ്റ് ജി.പി.റ്റിയോടും ഗൂഗിളിന്റെ ജെമിനിയോടുമാണ് (പഴയ ബാര്‍ഡ്) മത്സരിക്കുന്നത്. ചാറ്റ് ജി.പി.റ്റിയില്‍ ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ മാത്രമാണ് ലഭ്യം.
ബാര്‍ഡില്‍ ഒരു പ്രോംപ്റ്റില്‍ മൂന്ന് ചോയ്‌സുകള്‍ നല്‍കുമെങ്കില്‍ കൃത്രിം ഒറ്റ ഉത്തരമാണ് നല്‍കുക. മാത്രമല്ല ചാറ്റ് ജി.പി.റ്റിക്ക് സമാനമായ രീതിയില്‍ പ്രോംപ്റ്റ് എഡിറ്റ് ചെയ്യാനുമാകില്ല.
പരീക്ഷണഘട്ടത്തിലുള്ള എ.ഐ ചാറ്റ്‌ബോട്ട് കഴിഞ്ഞ ഡിസംബറില്‍ അവതരിപ്പിച്ചിരുന്നെങ്കിലും പൊതുജനങ്ങള്‍ക്കായി ലഭ്യമാക്കിയത് ഇന്നലെയാണ്. ഇത് ഫസ്റ്റ് ജനറേഷന്‍ ഉത്പന്നമാണെന്നും കൂടുതല്‍ ഉത്പന്നങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നും സാമൂഹിക മാധ്യമമായ എക്‌സില്‍ കുറിച്ച ഭവിഷ് അഗര്‍വാള്‍ ഉപയോക്താക്കളോട് ഫീഡ് ബാക്ക് അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.