ബൈജൂസിന്റെ പ്രതീക്ഷയ്ക്ക് വീണ്ടും മങ്ങല്‍: 95% തകര്‍ന്നടിഞ്ഞ് മൂല്യം

ഉപകമ്പനികളെ വിറ്റഴിച്ചും മറ്റും കടം വീട്ടാനുള്ള പണം സമാഹരിക്കാന്‍ ശ്രമം നടത്തുന്നതിനിടെയാണ് ബ്ലാക്ക് റോക്കിന്റെ പുതിയ നീക്കം

Update:2024-01-12 13:28 IST

Image Courtesy : Twitter

സാമ്പത്തിക പ്രതിസന്ധിയിലായ പ്രമുഖ വിദ്യാഭ്യാസ ടെക്‌നോളജി കമ്പനിയായ ബൈജൂസിന്റെ മൂല്യം വീണ്ടും വെട്ടിക്കുറച്ച് അമേരിക്കന്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയായ ബ്ലാക്ക്‌റോക്ക് (BlackRock). 2022ന്റെ ആദ്യ നാളുകളിലെ 2,200 കോടി ഡോളര്‍ (1.82 ലക്ഷം കോടി രൂപ) മൂല്യത്തില്‍ നിന്ന് വെറും 100 കോടി ഡോളറായാണ് (8,200 കോടി രൂപ) ഇത്തവണ മൂല്യം കുറച്ചിരിക്കുന്നത്. 95 ശതമാനത്തോളം കുറവ്. കഴിഞ്ഞ ഒക്ടോബറില്‍ ബ്ലാക്ക് റോക്കിന്റെ കൈവശമുള്ള ബൈജൂസിന്റെ ഒരു ഓഹരിക്ക് 209.6 ഡോളർ (17,300 രൂപ) മൂല്യമാണ് കണക്കാക്കുന്നതെന്ന് അറിയിച്ചിരുന്നു. 2022ല്‍ 4,460 ഡോളര്‍ (37,000 രൂപ) വരെ കണക്കാക്കിയിരുന്ന സ്ഥാനത്താണിത്.

മ്യൂച്വല്‍ഫണ്ട് നിക്ഷേപക സ്ഥാപനങ്ങളെ പോലെ അസറ്റ് മാനേജര്‍മാരും ഒരു വര്‍ഷം പല തവണ അവരുടെ പോര്‍ട്ട്‌ഫോളിയോയെ കുറിച്ച് വെളിപ്പെടുത്താറുണ്ട്. എന്നാല്‍ വാല്വേഷന്‍ അഡ്ജസറ്റ്‌മെന്റിന് പിന്നിലെ മാനദണ്ഡം വിശദമാക്കാറില്ല. ബ്ലാക്ക് റോക്കിന് ബൈജൂസില്‍ ഒരു ശതമാനത്തോളം ഓഹരിയാണുള്ളത്. മൂല്യം കുറച്ചതിനെ കുറിച്ച് ബൈജൂസ് പ്രതികരിച്ചിട്ടില്ല.
തുടര്‍ച്ചയായ തിരിച്ചടി
ബ്ലാക്ക്‌റോക്ക് ഉള്‍പ്പെടെയുള്ള നിക്ഷേപ സ്ഥാപനങ്ങള്‍ 2022 മുതൽ പല തവണ ബൈജൂസിന്റെ മൂല്യം വെട്ടിക്കുറച്ചിട്ടുണ്ട്. ബൈജൂസില്‍ ഒമ്പത് ശതമാനത്തോളം ഓഹരിയുള്ള പ്രോസസ് കഴിഞ്ഞ വര്‍ഷം മൂല്യം മൂന്ന് ബില്യണ്‍ ഡോളറായി കുറച്ചിരുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയിലായതിനു പിന്നാലെ  വീണ്ടും വീണ്ടും മൂല്യം കുറയ്ക്കല്‍ നടപടികളുമായി നിക്ഷേപകര്‍ നീങ്ങുന്നത് പ്രതിസന്ധിയില്‍ നിന്ന് കരകയാറാന്‍ ശ്രമിക്കുന്ന ബൈജൂസിന് തിരിച്ചടിയാണ്. പുതിയ ഫണ്ടിംഗ് തേടുന്നതിന് ഇത് വിലങ്ങുതടിയാകും. മാത്രമല്ല പല തവണയായി ബൈജൂസ് ഏറ്റെടുത്ത കമ്പനികളെ വിറ്റഴിച്ച് പണം സമാഹരിക്കാനുള്ള നീക്കത്തെയും ഇത് ബാധിക്കും.
2021 ജൂലൈയില്‍ ഏറ്റെടുത്ത അമേരിക്കന്‍ ഡിജിറ്റല്‍ റീഡിംഗ് പ്ലാറ്റ്‌ഫോമായ എപിക്, ആ വര്‍ഷം തന്നെ സ്വന്തമാക്കിയ സിംഗപ്പൂരിലെ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമായ ഗ്രേറ്റ് ലേണിംഗ് എന്നിവയെ വിറ്റഴിച്ച് കടബാധ്യതകള്‍ തീര്‍ക്കാനുള്ള ശ്രമത്തിലാണ് ബൈജൂസെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഏറ്റെടുക്കല്‍ വിനയായി
2021ല്‍ വലിയ ഏറ്റെടുക്കലുകളാണ് ബൈജൂസ് നടത്തിയത്. ആകാശ് എഡ്യുക്കേഷന്‍ സര്‍വീസസ് ഉള്‍പ്പെടെ ഇരുപതോളം കമ്പനികളെ ഇക്കാലയളവില്‍ ഏറ്റെടുത്തു. ഇതില്‍ മിക്കവയും വന്‍ നഷ്ടത്തിലാണ്. ഇതാണ് കമ്പനിയെ കടക്കെണിയിലാക്കാന്‍ കാരണം. അമേരിക്കയില്‍ മാത്രം 9,800 കോടി രൂപയോളം കടമുണ്ട് ബൈജൂസിന്. വായ്പാ പലിശ തിരിച്ചടയ്ക്കാത്തതിനെതിരെ കമ്പനികള്‍ ബൈജൂസിനെതിരെ നീങ്ങുകയും ചെയ്തിരുന്നു.
ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്, സ്വെകേയ ക്യാപിറ്റല്‍, പീക്ക് എക്‌സ്.വി പാര്‍ട്‌ണേഴ്‌സ്, യു.ബി.എസ് തുടങ്ങി നിരവധി കമ്പനികള്‍ക്ക് നിക്ഷേപമുള്ള കമ്പനിയാണ് മലയാളിയായ ബൈജു രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള ബൈജൂസ്.  2,200 കോടി ഡോളര്‍ മൂല്യമുണ്ടായിരുന്ന ബൈജൂസ് ഒരു കാലത്ത് ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ സ്റ്റാര്‍ട്ടപ്പ് കമ്പനിയായിരുന്നു. മാര്‍ക്വീ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കേഴ്‌സ്  5,000 കോടി ഡോളര്‍ വരെ മൂല്യം ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.
Tags:    

Similar News