ഹുറൂണ്‍ സമ്പന്ന പട്ടികയില്‍ നിന്ന് ബൈജു രവീന്ദ്രന്‍ 'ഔട്ട്'

തിരിച്ചടിയായത് നിക്ഷേപകര്‍ മൂല്യം കുറച്ചത്‌; സോഹോ, സീറോദ ഉടമകള്‍ ലിസ്റ്റില്‍ മുന്നിലേക്ക്‌

Update:2023-10-10 21:41 IST

ബൈജു രവീന്ദ്രന്‍

ഹുറൂണും 360 വണ്‍ വെല്‍ത്തും ചേര്‍ന്ന് പുറത്തിറക്കിയ 2023ലെ ഇന്ത്യന്‍ അതിസമ്പന്നരുടെ പട്ടികയില്‍ നിന്ന് വിദ്യാഭ്യാസ സാങ്കേതിക (എഡ്‌ടെക്/EdTech) സ്ഥാപനമായ ബൈജൂസിന്റെ സ്ഥാപകനും സി.ഇ.ഒയുമായ ബൈജു രവീന്ദ്രന്‍ പുറത്ത്. വായ്പാ തിരിച്ചടവ് ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ മൂലം നിക്ഷേപകര്‍ ബൈജൂസിന്റെ വാല്വേഷന്‍ കുറച്ചതാണ് ബൈജു രവീന്ദ്രന് തിരിച്ചടിയായത്. കഴിഞ്ഞവര്‍ഷം 30,600 കോടി രൂപയുടെ ആസ്തിയുമായി 49-ാം സ്ഥാനത്തായിരുന്നു ബൈജു രവീന്ദ്രന്‍.

1,000 കോടി രൂപയിലധികം ആസ്തിയുള്ള 1,319 പേരാണ് പട്ടികയിലിടം പിടിച്ചത്. 216 പേര്‍ പുതുതായി പട്ടികയിലുള്‍പ്പെട്ടു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 76 ശതമാനം വര്‍ധനയാണ് 1,000 കോടി വരുമാനം നേടുന്ന വ്യക്തികളുടെ എണ്ണത്തിലുണ്ടായത്.

സോഹോ, സീറോദ ഉടമകളും

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനികളായ സോഹോയുടെയും സീറോദയുടേയും ഉടമകളും പട്ടികയില്‍ സ്ഥാനം മെച്ചപ്പെടുത്തി. സോഹോയുടെ സ്ഥാപകന്‍ ശ്രീധര്‍ വെമ്പുവിന്റെ സഹോദരിയും മുഖ്യ ഓഹരി ഉടമയുമായ രാധാ വെമ്പു 36,500 കോടി രൂപ ആസ്തിയുമായി 40-ാം സ്ഥാനത്തെത്തി. കഴിഞ്ഞ വര്‍ഷം 50-ാംസ്ഥാനത്തായിരുന്നു.

ബ്രോക്കറേജ് സ്ഥാപനമായ സീറോദയുടെ സ്ഥാപകരും സഹോദരങ്ങളുമായ നിതിന്‍ കാമത്ത് 35,300 കോടി രൂപയുടെ ആസ്തിയുമായി 42-ാം സ്ഥാനത്തും നിഖില്‍ കാമത്ത് 22,500 കോടി രൂപ ആസ്തിയുമായി 81-ാം സ്ഥാനത്തുമാണ്. 2022ല്‍ യഥാക്രമം 70, 101 സ്ഥാനത്തായിരുന്നു ഇരുവരും.

22,500 കോടി രൂപ ആസ്തിയുമായി നൈകയുടെ ഫല്‍ഗുനി നയ്യാറും കുടുംബവും ലിസ്റ്റില്‍ മുന്നിലെത്തിയിട്ടുണ്ട്.

പലചരക്ക് ഡെലിവറി സ്ഥാപനമായ സെപ്‌റ്റോയുടെ സഹസ്ഥാപകന്‍ ഇരുപതുകാരനായ കൈവല്യ വോഹ്രയാണ് ലിസ്റ്റിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി. 10 വര്‍ഷം മുന്‍പ് ഹുറൂണ്‍ ലിസ്റ്റ് പുറത്തിറക്കുമ്പോള്‍ 37 വയസുള്ള സംരംഭകനായിരുന്നു ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി.

ബൈജൂസിന്റെ വീഴ്ച

2022ല്‍ ഹുറൂണ്‍ റിച്ച് ലിസ്റ്റ് പുറത്തിറക്കിയപ്പോള്‍ വിപ്രോ സ്ഥാപകൻ അസീം പ്രേംജിക്കും ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ നാരായണ മൂർത്തിക്കും മുന്നിലായിരുന്നു ബൈജുവിന്റെ സ്ഥാനം.

കോവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ഓണ്‍ലൈന്‍ പഠന മേഖലയുടെ വളര്‍ച്ചയാണ് ബൈജു രവീന്ദ്രന്റെയും കുടുംബത്തിന്റെയും സമ്പത്ത് വര്‍ധിപ്പിച്ചത്. നിരവധി വമ്പന്‍ നിക്ഷേപകര്‍ ബൈജുവിന്റെ കമ്പനിയിലേക്ക് എത്തുകയും ചെയ്തു.

ഏറ്റെടുക്കലുകൾ 

2011ലാണ് മലയാളിയായ ബൈജു രവീന്ദ്രന്‍ ബംഗളൂരുവില്‍ ബൈജൂസ് എന്ന സ്റ്റാര്‍ട്ടപ്പിന് തുടക്കമിട്ടത്. ഏറ്റെടുക്കലുകളും വളര്‍ച്ചയും എല്ലാം വളരെ പെട്ടെന്നായിരുന്നു. 2012ല്‍ വിദ്യാര്‍ത്ഥ എന്ന കമ്പനിയെ സ്വന്തമാക്കികൊണ്ടാണ് ബൈജൂസ് ഏറ്റെടുക്കലുകള്‍ക്ക് തുടക്കം കുറിച്ചത്. പിന്നീട് 2022 വരെയുള്ള കാലയളവിലായി എഡ്‌ടെക് രംഗത്തെ എതിരാളികളായേക്കുമെന്ന് വിലയിരുത്തപ്പെട്ട കമ്പനികളെ ഒന്നൊന്നായി ഏറ്റെടുത്തു. 20 ഓളം കമ്പനികളെയാണ് ബൈജൂസ് സ്വന്തമാക്കിയത്. 2,200 കോടി ഡോളര്‍ (1.80 ലക്ഷം കോടി) വരെ മൂല്യം ഉയര്‍ന്ന കമ്പനി പക്ഷെ നടത്തിപ്പിലെ പോരായ്മകൾ മൂലം അതിവേഗം തകര്‍ച്ചയിലേക്ക് നീങ്ങി. 

വിപുലീകരണത്തിനും മറ്റുമായി 2021ലാണ് അമേരിക്കന്‍ വായ്പാദാതാക്കളില്‍ നിന്ന് 5 വര്‍ഷവായ്പ എടുത്തത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി കനത്തതോടെ പലിശ തിരിച്ചടവില്‍ വീഴ്ചയുണ്ടായി. ഇതേതുടർന്ന് വായ്പാ ദാതാക്കൾ കമ്പനിക്കെതിരെ രംഗത്തെത്തി. 2021-22 മുതലുള്ള പ്രവര്‍ത്തനഫലവും കമ്പനി പുറത്തുവിട്ടില്ല. ഇതില്‍ പ്രതിഷേധിച്ച് ഓഡിറ്റര്‍ സ്ഥാപനമായ ഡിലോയിറ്റ് രാജിവച്ചു. തുടര്‍ന്ന് കമ്പനിയുടെ തലപ്പത്തു നിന്ന് നിരവധി പ്രമുഖര്‍ രാജിവച്ചൊഴിയുകയും ചെയ്തു. ഏറ്റെടുത്ത കമ്പനികളിൽ ചിലത് വിറ്റഴിച്ച് വായ്പ തിരിച്ചടക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ബൈജൂസ്.

Tags:    

Similar News