പ്രതിസന്ധി മറികടക്കാന്‍ ആകാശിനെ വിറ്റൊഴിയുമോ ബൈജൂസ്?

പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങളുമായി ചര്‍ച്ച നടക്കുന്നതായി റിപ്പോര്‍ട്ട്

Update:2023-10-20 20:41 IST

Byju Raveendran

കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന എഡ് ടെക് (EdTech) സ്ഥാപനമായ ബൈജൂസ് പ്രതാപകാലത്ത് ഏറ്റെടുത്ത ആകാശ് എഡ്യുക്കേഷന്‍ സര്‍വീസസിന്റെ (AESL) ഭൂരിഭാഗം ഓഹരികളും വിറ്റഴിക്കാനൊരുങ്ങുന്നതായി സൂചനകള്‍. ബൈജൂസ് സി.ഇ.ഒ ബൈജു രവീന്ദ്രനും സാമ്പത്തിക ഉപദേഷ്ടകരും പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങളായ ബെയിന്‍ ക്യാപിറ്റല്‍, കെ.കെ.ആര്‍ എന്നിവയുമായി ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ബൈജൂസിന്റെ കൈയിലെ അവസാന തുറപ്പുചീട്ടാണ് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ആകാശ്.

ആകാശിന്റെ മുന്‍ സി.ഇ.ഒയും സ്ഥാപക കുടുംബാംഗങ്ങളിലൊരാളുമായ ആകാശ് ചൗധരിക്ക് 
 കമ്പനി തിരികെ വാങ്ങുന്നതിന്
 പിന്തുണ നല്‍കാമെന്ന് അറിയിച്ച് കാര്‍ലൈല്‍ ഉള്‍പ്പെടെയുള്ള ചില പി.ഇ സ്ഥാപനങ്ങള്‍ മുന്നോട്ടു വരുന്നുമുണ്ട്. മുന്‍പ് ചൗധരിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുള്ള പി.ഇ സ്ഥാപനങ്ങളാണിവ. ചൗധരിയും കുടുംബവും കൂടാതെ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ബ്ലാക്ക്‌സ്റ്റോണും ചേര്‍ന്നാണ് 2021 ഏപ്രിലില്‍ ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആന്‍ഡ് ലേണിന് 950 മില്യണ്‍ ഡോളറിന് (ഏകദേശം 7,900 കോടി രൂപ) ആകാശിനെ വിറ്റത്. എന്നാല്‍ വില്‍പ്പന ഇനിയും പൂര്‍ത്തിയായിട്ടില്ല.
ഇതുവരെ സമീപിച്ചിട്ടുള്ള മിക്ക ഫണ്ടുകളും മാനേജ്മെന്റ് നിയന്ത്രണത്തില്‍ മാറ്റം വരുത്തുകയും 51% ഓഹരിയെങ്കിലും അവര്‍ക്ക് വില്‍ക്കുകയും ചെയ്യുന്ന ഡീലുകളില്‍ മാത്രമേ താല്‍പ്പര്യമുള്ളൂവെന്ന് അറിയിച്ചതായാണ് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്നാല്‍ ആകാശ് എഡ്യുക്കേഷന്‍ സര്‍വീസസ് ലിമിറ്റഡിന്റെ വില്‍പ്പനയെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും കമ്പനിയുടെ വളര്‍ച്ചയുടെ മുഖ്യ ശക്തികേന്ദ്രമാണ് ആകാശ് എന്നുമാണ് തിങ്ക് ആന്‍ഡ് ലേണ്‍ വക്താക്കള്‍ പറയുന്നത്.
അനുമതി വേണം
പ്രാഥമിക ചര്‍ച്ചകള്‍ നടക്കുന്നതായി തന്നെയാണ് സ്ഥീരികരിക്കാത്ത റിപ്പോര്‍ട്ടുകള്‍. കമ്പനിയുടെ വാല്വേഷന്‍ കണക്കിലെടുത്ത ശേഷം ഓഹരിയുടമകളുടെ അംഗീകാരം ലഭിച്ചാലാണ് മുന്നോട്ടു പോകാനാകുക. കൂടാതെ ഹെഡ്ജ് ഫണ്ടായ ഡേവിഡ്‌സണ്‍ കെംപ്‌നെറില്‍ നിന്ന് 96 മില്യണ്‍ ഡോളര്‍ (ഏകദേശം 790 കോടി രൂപ) വായ്പയെടുത്തിട്ടുണ്ട്. അത് ഉടന്‍ തീര്‍ക്കുകയും വേണം.
കഴിഞ്ഞ മാസം ആകാശില്‍ നിന്ന് പിരിഞ്ഞുപോയ അഭിഷേക് മഹേശ്വരിയുടെ സ്ഥാനം ഏറ്റെടുത്ത് കമ്പനിയിലേക്ക് തിരികെ വരണമെന്ന് ചൗധരിയോട് ബൈജൂസ് ആവര്‍ത്തിച്ച് അപേക്ഷിക്കുന്നുമുണ്ട്. 2021ലെ കരാര്‍ പ്രകാരം ബൈജൂസൂമായുള്ള ഓഹരി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഇത്.
രക്ഷകനാകാൻ  മണിപ്പാല്‍ ഗ്രൂപ്പ് ചെയര്‍മാന്‍
ബൈജൂസിന്റെ കടം വീട്ടാനും ലാഭക്ഷമതയിലേക്ക് കൊണ്ടുവരാനും മണിപ്പാല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ രഞ്ജന്‍ പൈ ആകാശിന് 900 കോടി രൂപയുടെ വായ്പയും അധിക മൂലധനവും ലഭ്യമാക്കാന്‍ മുന്നോട്ടു വന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ രഞ്ജന്‍ പൈയുടെ നിക്ഷേപത്തിന്റെ നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കും പി.ഇ ഫണ്ടുകളുമായി ചര്‍ച്ച നടത്തുക.
തിങ്ക് ആന്‍ഡ് ലേണ്‍ ഉടമകളുടെ കൈവശമുള്ള ആകാശ് ഓഹരി വാങ്ങാനായി 100 മില്യണ്‍ ഡോളറും ഡേവിഡ്‌സണ്‍ കെംപ്‌നെറിന്റെ വായ്പ തിരിച്ചടയ്ക്കാന്‍ 170 മില്യണ്‍ ഡോളറും എന്ന രീതിയിലായിരിക്കും പൈയുടെ നിക്ഷേപമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കില്‍ ആകാശിലുള്ള ബൈജൂസിന്റെ ഓഹരി വിഹിതം കുറയും. നിലവില്‍ തിങ്ക് ആന്‍ഡ് ലേണിന് 43 ശതമാനവും ബൈജു രവീന്ദ്രന് 27 ശതമാനം ചേര്‍ത്ത് മൊത്തം 70 ശതമാനം ഓഹരികളാണ് ബൈജൂസിന് ആകാശിലുള്ളത്. ചൗധരി കുടുംബത്തിന്റെ കൈവശം 18 ശതമാനവും ബ്ലാക്ക്സ്‌റ്റോണിന് 12 ശതമാനവുമുണ്ട്. 
പ്രവര്‍ത്തന ഫലം അടുത്തയാഴ്ച

7,000-8,000 കോടി രൂപയാണ് ആകാശിന് ബൈജു രവീന്ദ്രന്‍ കണക്കാക്കുന്ന വാല്വേഷന്‍. ഏറ്റെടുക്കല്‍ സമയത്തുള്ള വാല്വേഷന് ഏകദേശം സമാനമാണിത്. എന്നാല്‍ കമ്പനി 2021ന് ശേഷം സാമ്പത്തിക ഫലങ്ങള്‍ പുറത്തുവിട്ടിട്ടില്ലെന്നത് സ്ഥാപനങ്ങളെ പുതിയ നിക്ഷേപത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയേക്കാം.
ഇന്‍ഡസ്ട്രിയുടെ കണക്കുകൂട്ടലനുസരിച്ച് 2023 സാമ്പത്തിക വര്‍ഷത്തില്‍ ആകാശിന്റെ നികുതിക്കും പലിശയ്ക്കും മറ്റും  മുന്‍പുള്ള ലാഭം 300 കോടി രൂപയും വരുമാനം 2,300 കോടി രൂപയുമാണ്. 2024ല്‍ ഇതില്‍ വലിയ കുറവുണ്ടാകാമെന്നും കരുതുന്നു.  19 മാസം വൈകിയെങ്കിലും  അടുത്തയാഴ്ച തിങ്ക് ആന്‍ഡ് ലേണ്‍ 2021-22ലെ പ്രവര്‍ത്തന ഫലം പുറത്തുവിടുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
Tags:    

Similar News