ഈ വര്‍ഷത്തെ ഒമ്പതാമന്‍, യുണീകോണ്‍ ക്ലബ്ബില്‍ ഇടംപിടിച്ച് യുണിഫോര്‍
മദ്രാസ് ഐഐടി ഇന്‍കുബേറ്ററില്‍ 13 വര്‍ഷം മുമ്പ് ആരംഭിച്ച സ്റ്റാര്‍ട്ടപ്പാണ് യുണിഫോര്‍
2022 പിറന്ന് 58 ദിവസത്തിനുള്ളില്‍ യുണീകോണ്‍ ക്ലബ്ബിലേക്ക് ഒമ്പതാമത്തെ സ്റ്റാര്‍ട്ടപ്പ് കൂടി എത്തി. മദ്രാസ് ഐഐടി ഇന്‍കുബേറ്ററില്‍ 13 വര്‍ഷം മുമ്പ് ഉമേഷ് സച്ച്‌ദേവ്, രവി സരോഗി എന്നിവര്‍ ചേര്‍ന്ന് തുടങ്ങിയ യുണിഫോര്‍ ആണ് പുതുതായി യുണീകോണ്‍ ക്ലബ്ബില്‍ ഇടംനേടിയത്. സിരീസ്- ഇ ഫണ്ടിംഗില്‍ 400 മില്യണ്‍ യുഎസ് ഡോളറാണ് കമ്പനി സമാഹരിച്ചത്. ഇതോടെ യുണിഫോറിന്റെ മൂല്യം 2.5 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.
ഒരു ബില്യണ്‍ ഡോളറോ അതിന് മുകളിലോ മൂല്യം നേടുന്ന സ്റ്റാര്‍ട്ടപ്പുകളെയാണ് യുണികോണുകളെന്ന് വിശേഷിപ്പിക്കുന്നത്. കമ്പനികള്‍ക്കായി കോണ്‍വര്‍സേഷണല്‍ എഐ സൊല്യൂഷന്‍സ് വികസിപ്പിക്കുന്ന സ്ഥാപനമാണ് യുണിഫോര്‍. നിലവില്‍ ചെന്നൈയും കാലിഫോര്‍ണിയയും ആസ്ഥാനമാക്കിയാണ് ഇവരുടെ പ്രവര്‍ത്തനം. കോണ്‍വര്‍സേഷണല്‍ എഐ, നാച്ചുറല്‍ ലാംഗ്വേജ് പ്രൊസസിംഗ്(എന്‍എല്‍പി) എന്നിവ ചാറ്റ്‌ബോട്ട്, വോയ്‌സ് അസിസ്റ്റന്റ്, അല്ലെങ്കില്‍ ഇന്ററാക്ടീവ് വോയ്‌സ് റെക്കഗ്നിഷന്‍ സിസ്റ്റം എന്നിവയുമായി സംയജിപ്പിച്ച് ഉപഭോക്താക്കള്‍ക്കും മറ്റും സേവനദാതാക്കളുമായി ഇടപെടാനുള്ള അവസരമാണ് യുണിഫോര്‍ വികസിപ്പിക്കുന്നത്.
ഫണ്ടിംഗിലൂടെ ലഭിച്ച തുക വടക്കേ അമേരിക്ക, യുറോപ്പ്, ഏഷ്യ-പസഫിക് മേഖലകളിലെ സാന്നിധ്യം വര്‍ധിപ്പിക്കാനാവും യുണിഫോര്‍ പ്രധാനമായും ഉപയോഗിക്കുക. കൂടാതെ വോയിസ് എഐ, കംപ്യൂട്ടര്‍ വിഷന്‍, ടോണല്‍ ഇമോഷന്‍ സൊല്യൂഷന്‍ എന്നിവ മെച്ചപ്പെടുത്തുന്നതിനും ഫണ്ടിംഗ് വിനിയോഗിക്കും. 2021ല്‍ സ്പാനിഷ് കമ്പനി ഇമോഷണല്‍ റിസര്‍ച്ച് ലാബിനെയും ഇസ്രായേലി കമ്പനി ജക്കാഡയെയും യുണിഫോര്‍ സ്വന്തമാക്കിയിരുന്നു.