പ്രതിസന്ധി മാറാതെ ബൈജൂസ്; 400 ജീവനക്കാരെ കൂടി പിരിച്ചു വിട്ടു

പ്രവര്‍ത്തന മികവ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടലെന്ന് കമ്പനി

Update:2023-08-19 17:33 IST

Image : Byju Raveendran

വിദ്യാഭ്യാസ സാങ്കേതിക  (EdTech) സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ബൈജൂസ് വീണ്ടും ജീവനക്കാരെ പിരിച്ചുവിട്ടു.  പ്രവര്‍ത്തന മികവ് വിലയിരുത്തല്‍ (performance review process) നടപടികള്‍ക്ക് ശേഷം 400 ജീവനക്കാരെ കൂടി പിരിച്ചു വിട്ടതായാണ്‌ മണി കണ്‍ട്രോള്‍റിപ്പോര്‍ട്ട്. എന്നാല്‍ 100 പേര്‍ക്ക് മാത്രമാണ് നോട്ടീസ് നല്‍കിയതെന്നും  പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാത്ത ജീവനക്കാരെയാണ് കമ്പനി മെച്ചപ്പെടുത്തലിന്റെ ഭാഗമായി പിരിച്ചുവിടുന്നതെന്നും  ബൈജൂസിന്റെ വക്താക്കള്‍ പറയുന്നു.

അതേസമയം,  പ്രോഡ്ക്റ്റ് എക്‌സ്‌പേര്‍ട്ട്‌  വിഭാഗത്തിൽ  400 ഓളം പേര്‍ക്ക് പിരിച്ചുവിടല്‍ മെയില്‍ ലഭിച്ചതായാണ് ജീവനക്കാരെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജീവനക്കാരോട് സ്വയം പിരിഞ്ഞുപോകാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും ഫൈനല്‍ സെറ്റില്‍മെന്റായി ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസത്തെ ശമ്പളം വാഗ്ദാനം ചെയ്തതിട്ടുണ്ടെന്നും കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. സ്വയം പിരിഞ്ഞുപോകാത്ത ജീവനക്കാരെ ഓഗസ്റ്റ് 17 വരെയുള്ള ശമ്പളം നല്‍കി പിരിച്ചുവിട്ടതായും അറിയുന്നു. പിരിച്ചുവിട്ട ജീവനക്കാരുടെ ഇ-മെയില്‍ അക്കൗണ്ടുകളും മറ്റും രണ്ടു മണിക്കൂറിനുള്ളില്‍ നിഷ്‌ക്രിയമാകുമെന്നും അതിനു മുന്‍പ് സാലറി സ്ലിപ് ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട രേഖകള്‍ ഡൗണ്‍ലോഡ് ചെയ്യമെന്നും എച്ച്.ആര്‍ വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതുവരെ പിരിച്ചു വിട്ടത് 5,000 പേരെ

ബൈജൂസിന്റെ മാനവ വിഭശേഷി വിഭാഗം കൈകാര്യം ചെയ്യുന്നതിന് ഇന്‍ഫോസിസിന്റെ മുന്‍ എക്‌സിക്യൂട്ടീവായ റിച്ചാഡ് ലോബോയെ നിയമിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് പുതിയ നീക്കം. ഇക്കഴിഞ്ഞ ജൂണില്‍ ചെലവ് ചുരുക്കലിന്റെ ഭാഗമായി ബൈജൂസ് 500-1000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഇതുവരെ 5,000 ത്തിലധികം ജീവനക്കാരെയാണ് കമ്പനിയില്‍ നിന്ന് പുറത്താക്കിയിട്ടുള്ളത്.

പിടി വിടാതെ പ്രശ്നങ്ങൾ 

ഒരു കാലത്ത് ലോകത്തെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയായിരുന്ന ബൈജൂസിന്റെ പ്രതിസന്ധികള്‍ അവസാനിക്കുന്നില്ലെന്ന സൂചനയാണ് പിരിച്ചുവിടല്‍ വാര്‍ത്തകള്‍ നല്‍കുന്നത്. അമേരിക്കന്‍ വായാപാദാതാക്കളില്‍ നിന്നെടുത്ത കടം തിരിച്ചടയ്ക്കുന്നതിലുള്ള വീഴ്ചകള്‍ ഉള്‍പ്പെടെ നിരവധി പ്രശ്‌നങ്ങളാണ് ബൈജൂസ് അഭിമുഖീകരിക്കുന്നത്. 120 കോടി ഡോളറിന്റെ കടം അടയ്ക്കുന്നതിന് ഈ മാസം ആദ്യം നിശ്ചയിച്ചിരുന്ന തീയതി കഴിഞ്ഞിരിക്കുകയാണ്. ഇതുകൂടാതെ ബൈജൂസിന്റെ നിക്ഷേപകരില്‍ ചിലര്‍ അവരുടെ ഓഹരികളുടെ മൂല്യം കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.

Tags:    

Similar News