തവിടില്‍ നിന്ന് പ്ലേറ്റും സ്‌ട്രോയും, ലോക ശ്രദ്ധ നേടി ഒരു കേരള സ്റ്റാര്‍ട്ടപ്പ്

'തൂശന്‍' ബ്രാന്‍ഡില്‍ അങ്കമാലിയില്‍ ആരംഭിച്ച സംരംഭം തമിഴ്നാട്ടില്‍ പുതിയ ഉത്പാദന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു, വിദേശത്തേക്കും കടക്കാന്‍ പദ്ധതി

Update:2023-07-07 18:06 IST

ഉമിയും തവിടും ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദമായ പ്‌ളേറ്റുകള്‍, സ്‌ട്രോ എന്നിവ നിര്‍മിച്ച് ലോകശ്രദ്ധനേടുകയാണ് കേരളത്തിലെ ഒരു സ്റ്റാര്‍ട്ടപ്പ്. തൃശൂര്‍ സ്വദേശിയായ വിനയ് ബാലകൃഷ്ണനും ഭാര്യ ഇന്ദിരയും ചേര്‍ന്ന് 2020 ല്‍ അങ്കമാലിയിലെ ഇന്‍കെല്‍ ബിസിനസ് പാര്‍ക്കില്‍ തുടക്കം കുറച്ച വി.ഐ.ആര്‍ നാച്ചുറല്‍സ് പ്രൈവറ്റ് ലിമിറ്റഡാണ് 'തൂശന്‍' എന്ന നൂതന സംരംഭത്തിനു പിന്നില്‍.

'തൂശന്റെ' പിറവി
മൗറീഷ്യസിലെ ഒരു ഇന്‍ഷുറന്‍സ് കമ്പനിയുടെ സി.ഇ.ഒ ആയിരുന്ന വിനയ് അവിടെ ഒരു ചടങ്ങിലാണ് ഭക്ഷ്യധാന്യവേസ്റ്റ് ഉപയോഗിച്ച് നിര്‍മിച്ച പ്ലേറ്റുകള്‍ കാണുന്നത്. പോളണ്ട് നിര്‍മിത ഉത്പന്നമായിരുന്നു അത്. കൂടുതല്‍ വിവരങ്ങള്‍ക്കായി കമ്പനിയെ  സമീപിച്ചപ്പോള്‍ ഇന്ത്യയില്‍ ഇവ നിര്‍മിക്കുക സാധ്യമല്ലെന്നു  പറഞ്ഞു. ആ വാശിയിലാണ് ജോലി രാജി വച്ച് നാട്ടിലെത്തിയ വിനയ് കേരളത്തിലും ഇവ നിര്‍മിക്കാന്‍ ശ്രമം തുടങ്ങുന്നത്. സി.എസ്.ഐ.ആറിന്റെ ഗവേഷണ സാങ്കേതിക സഹായത്തോടെയാണ് ജൈവ പാത്രങ്ങളുടെ നിര്‍മാണം സാധ്യമാക്കിയത്.

വിനയ് ബാലകൃഷ്ണനും ഭാര്യ ഇന്ദിരയും

ഉപയോഗം കഴിഞ്ഞാല്‍ കളയുന്നതിന് പകരം ഭക്ഷിക്കാം എന്നതാണ് തൂശന്‍ ബ്രാന്‍ഡില്‍ പുറത്തിറക്കുന്ന ഈ സ്‌ട്രോകളുടേയും പ്ലേറ്റുകളുടേയും സവിശേഷത. കഴിക്കാന്‍ താത്പര്യമില്ലെങ്കില്‍ കാലിത്തീറ്റയായിട്ടോ, കോഴിത്തീറ്റയായോ നല്‍കാം. 2023 ഏപ്രിലില്‍ കുമരകത്ത് നടന്ന ജി 20 ഉച്ചകോടി സമ്മേളനത്തില്‍ ഗോതമ്പ് തവിടു കൊണ്ട് നിര്‍മിച്ച പ്ലേറ്റുകളും അരിപൊടി കൊണ്ട് നിര്‍മിച്ച സ്ട്രായും താരമായിരുന്നു. ഇപ്പോള്‍ 'തൂശന്‍' പ്ലേറ്റുകള്‍ക്ക് ധാരാളം വിവാഹ ഓര്‍ഡറുകളും ലഭിക്കുന്നുണ്ട്.
 ണ്ടു ജീവനക്കാര്‍ മാത്രം

അങ്കമാലി ഇന്‍കെല്‍ ബിസിനസ് പാര്‍ക്കില്‍ പൂര്‍ണമായും യന്ത്രവല്‍കൃത സംവിധാനത്തിലാണ് ഗോതമ്പ് തവിട് കൊണ്ട് പാത്രങ്ങള്‍ നിര്‍മിക്കുന്നത്. രണ്ടു ജീവനക്കാര്‍ മാത്രമാണ് ഇവിടെ ഉള്ളത്. ഒരു കിലോഗ്രാം തവിട് കൊണ്ട് 10 ഇഞ്ചുള്ള 8 വലിയ പാത്രങ്ങള്‍ നിര്‍മിക്കാം. 6 ഇഞ്ച് വലിപ്പത്തില്‍ 30 എണ്ണവും നിര്‍മിക്കാന്‍ സാധിക്കും. അരി പൊടി ഉപയോഗിച്ച് വിവിധ തരം സ്ട്രാകള്‍ ഉത്പാദിപ്പിക്കുന്ന കേന്ദ്രം തെലങ്കാനയിലാണ്.
പുതിയ പദ്ധതികള്‍
വിപണിയില്‍ ഡിമാന്‍ഡ് വര്‍ധിക്കുന്നത് അനുസരിച്ച് വികസന പദ്ധതികള്‍ ആവിഷ്‌കരിച്ച് മുന്നോട്ട് പോവുകയാണ് വിനയ് ബാലകൃഷ്ണനും ഇന്ദിരയും. കോയമ്പത്തൂരില്‍ സ്ഥാപിക്കുന്ന പുതിയ പ്ലേറ്റ് ഉത്പാദന കേന്ദ്രം ഡിസംബറില്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇത് കൂടാതെ 6 മാസം കൊണ്ട് മണ്ണില്‍ അലിഞ്ഞു പോകുന്ന ജൈവ ഫോര്‍ക്ക്, സ്പൂണ്‍, കത്തി എന്നിവ ഉത്പാദിപ്പിക്കാനുള്ള പുതിയ കേന്ദ്രം തമിഴ്നാട്ടില്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. കഴിഞ്ഞ 6-7 മാസമായി കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോ കെമിക്കല്‍സ് എഞ്ചിനിയറിംഗ് ആന്‍ഡ് ടെക്നോളജിയുടെ (സിപെറ്റ്) സാങ്കേതിക സഹായത്തോടെ ഉത്പന്നങ്ങള്‍ വികസിപ്പിച്ച് വിജയകരമായി പരീക്ഷണം പൂര്‍ത്തിയാക്കി. തമിഴ്‌നാട്, തെലങ്കാന സര്‍ക്കാരുകള്‍ വ്യവസായികള്‍ക്ക് മികച്ച പിന്തുണയാണ് നല്‍കുന്നത് എന്ന് വിനയ് അഭിപ്രായപ്പെട്ടു. തമിഴ്നാട് സര്‍ക്കാര്‍ 50 ലക്ഷം രൂപ ഗ്രാന്റും അനുവദിച്ചിട്ടുണ്ട്.
വിദേശ വിപണികളിലേക്കും 
നിലവില്‍ ആസ്ട്രേലിയ, കാനഡ എന്നിവിടങ്ങളില്‍ കയറ്റുമതി ചെയ്യുന്നുണ്ട്. അമേരിക്കയിലും വിപണന സാധ്യതകള്‍ ഉണ്ട്. റഷ്യ, നൈജീരിയ, യു കെ എന്നിവിടങ്ങളില്‍ പങ്കാളിത്ത വ്യവസ്ഥയില്‍ ഉത്പാദനം നടത്താന്‍ ആലോചനയുണ്ട്. യു.കെ സര്‍ക്കാര്‍ മുന്‍കൈ എടുത്ത് സര്‍വകലാശാലയില്‍ ഗവേഷണ-വികസന പദ്ധതിയായിട്ടാണ് ഭക്ഷ്യ പ്ലേറ്റും സ്പൂണും മറ്റും നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. റഷ്യയില്‍ സ്വകാര്യ പങ്കാളിത്തത്തിലും നൈജീരിയയില്‍ സര്‍ക്കാര്‍ പങ്കാളിത്തത്തോടെയും ആകും ഉത്പാദന കേന്ദ്രം ആരംഭിക്കുക. നിരവധി ദേശിയ അന്തര്‍ ദേശിയ പുരസ്‌കാരങ്ങള്‍ തൂശന് ലഭിച്ചിട്ടുണ്ട്.
Tags:    

Similar News