സ്റ്റാര്‍ട്ടപ്പ് സംഗമം 'ഹഡില്‍ ഗ്ലോബല്‍' നവംബര്‍ 16-18ന് കോവളത്ത്‌

ആഗോളപ്രശസ്തരായ സ്റ്റാര്‍ട്ടപ്പ് സംരംഭകരുടെ അനുഭവങ്ങള്‍ ഹഡില്‍ ഗ്ലോബലില്‍ പങ്കുവെയ്ക്കും

Update:2023-08-11 10:43 IST

Image courtesy: canva

രാജ്യത്തെ ഏറ്റവും വലിയ കടൽത്തീര സ്റ്റാര്‍ട്ടപ്പ് ഉത്സവമെന്ന് കരുതപ്പെടുന്ന ഹഡില്‍ ഗ്ലോബല്‍ (Huddle Global) നവംബറില്‍ തിരുവനന്തപുരത്ത് നടക്കും. സ്റ്റാര്‍ട്ടപ്പ് മേഖലയിലെ തുടക്കക്കാരേയും സംരംഭകരേയും നിക്ഷേപകരേയും ഒരേ വേദിയിലെത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് സംഗമമാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന ഈ പരിപാടി. നവംബര്‍ 16 മുതല്‍ 18 വരെ കോവളം ചൊവ്വര സോമതീരം ബീച്ചില്‍ നടക്കുന്ന ഹഡില്‍ ഗ്ലോബലിന്റെ അഞ്ചാമത് എഡിഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

പതിനായിരത്തിലധികം പേര്‍

നൂറ്റന്‍പതോളം നിക്ഷേപകരെത്തുന്ന സ്റ്റാര്‍ട്ടപ്പ് സംഗമത്തില്‍ 5000ത്തില്‍ അധികം സ്റ്റാര്‍ട്ടപ്പുകളും 200 അധികം മാര്‍ഗനിര്‍ദേശകരും പങ്കെടുക്കും. മൊത്തം പതിനായിരത്തിലധികം പേര്‍ ഹഡില്‍ ഗ്ലോബലിന്റെ ഭാഗമാകും. കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് മേഖലയെ ഉന്നതിയിലേക്ക് എത്തിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഹഡില്‍ ഗ്ലോബലില്‍ എഡ്യൂടെക്, ഓഗ്മെന്റഡ് റിയാലിറ്റി/ വെര്‍ച്വല്‍ റിയാലിറ്റി, ഫിന്‍ടെക്, ലൈഫ് സയന്‍സ്, സ്‌പേസ്‌ടെക്, ഹെല്‍ത്ത്‌ടെക്, ബ്ലോക്ക് ചെയ്ന്‍, ഐ.ഒ.ടി, ഇ-ഗവേണന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് / മെഷീന്‍ ലേണിംഗ് മേഖലകളിലെ സംരംഭങ്ങള്‍ക്ക് പങ്കെടുക്കാം.

വിദഗ്ധരുടെ മാര്‍ഗനിര്‍ദേശം

ആഗോളപ്രശസ്തരായ സ്റ്റാര്‍ട്ടപ്പ് സംരംഭകരുടെ അനുഭവങ്ങള്‍ ഹഡില്‍ ഗ്ലോബലില്‍ പങ്കുവെയ്ക്കും. സംരംഭങ്ങള്‍ക്കുള്ള ആശയ രൂപകല്പന, ബിസിനസ് തന്ത്രങ്ങള്‍, ഫണ്ട് സമാഹരണം, കമ്പോളവല്‍ക്കരണം തുടങ്ങിയവയില്‍ യുവസംരംഭകര്‍ക്ക് വിവിധ രംഗങ്ങളിലെ വിദഗ്ധര്‍ മാര്‍ഗനിര്‍ദേശം നല്‍കും. വ്യവസായ പ്രമുഖര്‍, ഗവേഷണ സ്ഥാപന മേധാവികള്‍, സര്‍വകലാശാലാ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും സാങ്കേതിക-വ്യാവസായിക മേഖലകളിലെ പ്രമുഖരുമായി നേരിട്ട് സംവദിക്കുന്നതിനുമുള്ള അവസരം ഹഡില്‍ ഗ്ലോബലിലുണ്ടാകും.

നിക്ഷേപകര്‍ക്ക് മികച്ച സ്റ്റാര്‍ട്ടപ്പുകളെ കണ്ടെത്താനും നിക്ഷേപം നടത്താനുമുള്ള അവസരവും ലഭിക്കും. അക്കാഡമിക് വിദഗ്ധര്‍ക്കും സംരംഭകര്‍ക്കുമിടയിലെ ആശയവിനിമയം മെച്ചപ്പെടുത്തണമെന്ന ലക്ഷ്യവും ഹഡില്‍ ഗ്ലോബലിനുണ്ട്. സ്റ്റാര്‍ട്ടപ്പ് എക്‌സ്‌പോ, റൗണ്ട് ടേബിള്‍ ചര്‍ച്ചകള്‍, നിക്ഷേപക സംഗമങ്ങള്‍, ശില്‍പശാലകള്‍, മെന്റര്‍ മീറ്റിംഗുകള്‍ തുടങ്ങിയവയ്‌ക്കൊപ്പം സ്റ്റേജ് പരിപാടികളും ഇത്തവണത്തെ സംഗമത്തിന്‍ഫെ സവിശേഷതകളാണ്. https://huddleglobal.co.in/ എന്ന് വെബ്‌സൈറ്റിലൂടെ നിങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നടത്താം.



Tags:    

Similar News