ഹഡില്‍ ഗ്ലോബല്‍: ദ്വിദിന സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവ് നാളെ തുടങ്ങുന്നു, വിശദാംശങ്ങള്‍ അറിയാം

ഇന്ത്യന്‍ ടെക് സ്റ്റാര്‍ട്ടപ് ഇക്കോ സിസ്റ്റം കാത്തിരുന്ന സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവ് കോവളത്ത്

Update: 2022-12-14 12:42 GMT

സ്റ്റാര്‍ട്ടപ്പുകളുടെ 'മാമാങ്ക'ത്തിന് വീണ്ടും കോവളം വേദിയാകുന്നു. അലയടിക്കുന്ന സമുദ്രത്തിന് അഭിമുഖമായി നിന്ന് ആഗോളതലത്തിലെ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ അവരുടെ കിടിലന്‍ ആശയങ്ങള്‍ അവതരിപ്പിക്കും. നിലവിലുള്ള പലതിനെയും കീഴ്‌മേല്‍ മറിക്കാന്‍ ശേഷിയുള്ള ആശയങ്ങളെയും ഉല്‍പ്പന്നങ്ങളെയും തേടി ആഗോളതലത്തിലെ നിക്ഷേപകരെത്തും.

യുവ സംരംഭകര്‍ക്ക് ആശയത്തിന്റെ സാക്ഷാത്കാരം മുതല്‍ ബിസിനസ് സ്ട്രാറ്റജി, ഫണ്ട് സമാഹരണം തുടങ്ങി സംരംഭം വളര്‍ത്തുന്നതിന് വേണ്ട എല്ലാ കാര്യങ്ങളും കൃത്യമായി പറഞ്ഞുകൊടുക്കാന്‍ വിവിധ രംഗങ്ങളിലെ പ്രൊഫഷണലുകള്‍ മെന്റര്‍മാരായെത്തും. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന നാലാമത് ഹഡില്‍ ഗ്ലോബലാണ്, ആഗോളതലത്തിലെ ഇന്‍ഡസ്ട്രി ലീഡേഴ്‌സിനെയും നിക്ഷേപകരെയും മെന്റര്‍മാരെയും ഈ രംഗവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന പ്രമുഖരെയും ഒരുവേദിയില്‍ ഒന്നിപ്പിക്കുന്നത്.

ഇവിടെ ഒരുമിക്കും എല്ലാം

ഡിസംബര്‍ 15,16 തീയതികളില്‍ ദി ലീല കോവളമാണ് ഹഡില്‍ ഗ്ലോബലിന് ആതിഥേയത്വം വഹിക്കുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവരുടെ പ്രോഡക്റ്റുകള്‍ ഷോകേസ് ചെയ്യാനും ടെക്‌നോളജി, ഇന്‍ഡസ്ട്രി ലീഡേഴ്‌സുമായി നേരില്‍ സംസാരിക്കാനും അവരുടെ വിദഗ്ധ മാര്‍ഗനിര്‍ദേശങ്ങള്‍ തേടാനുമൊക്കെയുള്ള അവസരമാണ് ഹഡില്‍ ഗ്ലോബല്‍ ഒരുക്കുന്നത്.

മേഖലകള്‍ ഏതൊക്കെ?

  • ഓഗ്മെന്റഡ് റിയാലിറ്റി/വെര്‍ച്വല്‍ റിയാലിറ്റി
  • ഫിന്‍ടെക്
  • ലൈഫ് സയന്‍സ്
  • സ്‌പേസ് ടെക് ഹെല്‍ത്ത് ടെക്
  • ബ്ലോക്ക് ചെയ്ന്‍
  • ഐ.ഒ.ടി
  • ഇ-ഗവേണന്‍സ്
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്/മെഷീന്‍ ലേണിങ് 


ആരൊക്കെ സംബന്ധിക്കണം?

$ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍

ഹഡില്‍ ഗ്ലോബല്‍ യഥാര്‍ത്ഥത്തില്‍ സംരംഭകരെയും നിക്ഷേപകരെയും കസ്റ്റമേഴ്‌സിനെയും മീഡിയയെയും മെന്റര്‍മാരെയും ഒരുമിപ്പിക്കാനുള്ള വേദിയാണ്. സംഗമത്തിന്റെ ആദ്യ ദിനത്തില്‍ 100 സ്റ്റാര്‍ട്ടപ്പുകള്‍ പിച്ചിംഗ് നടത്തി മത്സരം തുടങ്ങും. രണ്ടാം ദിനം അതില്‍ നിന്ന് പത്തെണ്ണം ഷോര്‍ട്ട് ലിസ്റ്റ് ചെയ്യും. ഈ പത്ത് കമ്പനികള്‍ക്ക് ശരിയായ മെന്റര്‍ഷിപ്പും നല്‍കും. ഈ പത്തില്‍ നിന്ന് സെമിഫൈനലിസ്റ്റുകളെയും പീന്നീട് അന്തിമ വിജയിയെയും തെരഞ്ഞെടുക്കും.

$ നിക്ഷേപകര്‍

മതിയായ മൂല്യനിര്‍ണ്ണയത്തിന് വിധേയമായ സ്റ്റാര്‍ട്ടപ്പുകളെ കണ്ടെത്താനും അവയില്‍ നിക്ഷേപം നടത്താനു

മുള്ള അവസരം ലഭിക്കും. മാത്രമല്ല എക്‌സ്‌ക്ലൂസീവ് ഇന്‍വെസ്റ്റര്‍ മീറ്റില്‍ സംബന്ധിക്കാം. ബിസിനസ്, ഇന്നൊവേഷന്‍ പ്രഭാഷണങ്ങള്‍ കേള്‍ക്കാം.

$ അക്കാഡമിക് വിദഗ്ധര്‍, വിദ്യാര്‍ത്ഥികള്‍

അക്കാഡമിക് രംഗത്തുള്ളവരും സംരംഭകരും തമ്മിലുള്ള ആശയവിനിമയവും ഇടപെടലുകളും മെച്ചപ്പെടുത്താനുള്ള ലക്ഷ്യവും ഹഡില്‍ ഗ്ലോബലിനുണ്ട്. അതു പോലെ തന്നെ ഭാവിയില്‍ നവീന ആശയങ്ങളോടെ പുതുതലമുറ സംരംഭകര്‍ പിറവിയെടുക്കാന്‍ വേണ്ടി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഒരു പഠന കളരി കൂടിയാണിത്.

$ വ്യവസായ സമൂഹം

പുതിയ കാലത്ത് വ്യവസായികള്‍ക്ക് വേണ്ട എല്ലാ ടെക്‌നോളജികളും സ്വയം വികസിപ്പിച്ചെടുക്കാന്‍ പ്രയാസമായിരിക്കും. സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ നിന്ന് വ്യവസായ സമൂഹത്തിന് ഏറ്റവും അനുയോജ്യമായ ടെക്‌നോളജികളും സേവനങ്ങളും തേടാന്‍ പറ്റും. തങ്ങള്‍ക്ക് യോജിച്ചവയുണ്ടോയെന്ന് കണ്ടെത്താന്‍ പറ്റിയ വേദിയാണ്. അതുപോലെ തന്നെ ഏറ്റവും പുതിയ അറിവുകളാണ് ഈ വേദിയില്‍ പങ്കുവെയ്ക്കുന്നത്. സ്വന്തം അറിവുകള്‍ തേച്ചുമിനുക്കാനുള്ള അവസരമാണ് ഇവിടെ ലഭിക്കുക.

ഹഡില്‍ ഗ്ലോബലില്‍ എന്തിന് പങ്കെടുക്കണം?

പ്രചോദനം നേടാം

* ഉയര്‍ന്നുവരുന്ന ടെക് മേഖലകളേതെന്ന് വിദഗ്ധരോട് നേരിട്ട് ചോദിച്ചറിയാം. ലീഡേഴ്‌സിന്റെ പ്രഭാഷണങ്ങള്‍ കേള്‍ക്കാം. സ്റ്റാര്‍ട്ടപ്പ് സംരംഭകരുടെ സംരംഭക കഥകള്‍ കേള്‍ക്കാം. പ്രകൃതി സൗന്ദര്യം നിറഞ്ഞ കോവളം കടലോരത്ത് വെച്ച് അതത് രംഗങ്ങളിലെ വിദഗ്ധരുമായി നേരിട്ട് ഇടപഴകാനുള്ള അവസരം

* സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും നിക്ഷേപകരുടെയും പൊതുസമൂഹത്തിന്റെയും മീഡിയയുടെയും മുന്നില്‍ ഷോക്കേസ് ചെയ്യാനുള്ള അവസരം

* നിക്ഷേപകരുമായി സ്പീഡ് ഡേറ്റിംഗ്. ഫൗണ്ടേഴ്‌സ് ഇന്‍വെസ്റ്റേഴ്‌സ് മീറ്റ് എന്നിങ്ങനെ ഹഡില്‍ ഗ്ലോബലിലെ പ്രത്യേക വിഭാഗങ്ങള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് ബിസിനസ് കെട്ടിപ്പടുക്കാനും ഫണ്ട് കണ്ടെത്താനുമുള്ള അവസരം

* ലൈവ് പിച്ചിംഗും ഇന്‍ഡസ്ട്രി ചലഞ്ചും സ്റ്റാര്‍ട്ടപ്പുകളെ മറ്റൊരു ലെവലിലേക്ക് ഉയര്‍ത്തും. എവിടെയും ആരാലും ശ്രദ്ധിക്കപ്പെടാതെ കിടക്കാതെ ആഗോളതലത്തിലെ പ്രമുഖരുടെ മുന്നില്‍ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് അഭിമാനത്തോടെ അവരുടെ സംരംഭത്തെ അവതരിപ്പിക്കാം.

* ടെക് മഹാസംഗമത്തിനെത്തുന്ന സീനിയര്‍ ലെവല്‍ വ്യക്തികളുമായി സോഷ്യലൈസിംഗിനും അവസരം.

ഹഡില്‍ ഗ്ലോബലില്‍ സംബന്ധിക്കാനും കൂടുതല്‍ വിവരങ്ങള്‍ക്കും: 

Prajeet P, mail id:prajeet@startupmission.in  

huddleglobal.co.in

Tags:    

Similar News