'സി.ഇ.ഒ ഞാന്‍ തന്നെ, ഓഹരിയുടമകളുടെ യോഗം വെറും പ്രഹസനം', ജീവനക്കാരോട് ബൈജു
കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ചല്ലാതെ കമ്പനിയുടെ നടത്തിപ്പില്‍ മാറ്റം വരുത്താനാകില്ല
പ്രമുഖ എഡ്‌ടെക് സ്ഥാപനമായ ബൈജൂസിന്റെ സ്ഥാപകനും സി.ഇ.ഒയുമായ ബൈജു രവീന്ദ്രനെ കമ്പനിയുടെ ബോര്‍ഡില്‍ നിന്ന് പുറത്താക്കാന്‍ ഓഹരിയുടമകള്‍ തീരുമാനമെടുത്തെന്ന വാര്‍ത്തകളെ നിഷേധിച്ചുകൊണ്ട് ജീവനക്കാര്‍ക്ക് ബൈജു രവീന്ദ്രന്റെ കത്ത്.
വെള്ളിയാഴ്ച നടന്ന ഓഹരിയുടമകളുടെ അസാധാരണ പൊതുയോഗത്തെ പ്രഹസനമെന്ന് വിശേഷിപ്പിച്ച ബൈജു രവീന്ദ്രന്‍ ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വളരെ അതിശയോക്തിപരമാണെന്നും ഒട്ടും തന്നെ കൃത്യതയില്ലാത്തതാണെന്നുമാണ് ജീവനക്കാര്‍ക്കയച്ച കത്തില്‍ പറഞ്ഞിരിക്കുന്നത്.
സി.ഇ.ഒ ആയി തുടരും
''ഞാന്‍ നിങ്ങള്‍ക്ക് ഈ കത്തെഴുതുന്നത് എന്ന നിലയിലാണ്. നിങ്ങള്‍ മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞ വിവരങ്ങള്‍ക്ക് വിരുദ്ധമായി സി.ഇ.ഒ സ്ഥാനത്ത് ഞാന്‍ തന്നെ തുടരും, നമ്മുടെ കമ്പനിയുടെ സി.ഇ.ഒമാനേജ്മെന്റിലും ബോര്‍ഡിലും മാറ്റങ്ങളുണ്ടാകില്ല. ഓഹരിയുടമകളില്‍ ചെറിയൊരു ഭാഗം യോഗം വിളിച്ചുകൂട്ടി ഐകകണ്‌ഠ്യേന പ്രമേയം പാസാക്കിയെന്ന അവകാശവാദങ്ങള്‍ ശരിയല്ല. 170 ഓഹരിയുടമകളില്‍ വെറും 35 പേരാണ് പ്രമേയത്തെ അനുകൂലിച്ചത്. ഇതു തന്നെ ഈ മീറ്റിംഗിന്റെ അപ്രാധാന്യത്തെ ചൂണ്ടിക്കാണിക്കുന്നു.''- ബൈജു രവീന്ദ്രന്‍ ജീവനക്കാരോട് പറഞ്ഞു.
കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ചല്ലാതെ കമ്പനിയുടെ നടത്തിപ്പില്‍ മാറ്റം വരുത്താനാകില്ലെന്നും ബൈജു രവീന്ദ്രന്‍ കത്തില്‍ വ്യക്തമാക്കി.
ബൈജൂസിന്റെ നടത്തിപ്പില്‍ വീഴ്ചകളുണ്ടെന്നാരോപിച്ചാണ് ഓഹരിയുടമകളില്‍ ഒരു വിഭാഗം ചേര്‍ന്ന് ബോര്‍ഡില്‍ നിന്ന് അസാധാരണ പൊതുയോഗം വിളിച്ചുകൂട്ടി ബൈജു രവീന്ദ്രനെയും കുടുംബാംഗങ്ങളെയും നീക്കുന്നതിനായി വോട്ട് ചെയ്തത്. ഒരു വിഭാഗം ഓഹരിയുടമകള്‍ മാത്രം പങ്കെടുക്കുന്ന മീറ്റിംഗ് അസാധുവാണെന്ന് ചൂണ്ടിക്കാട്ടി ബൈജു രവീന്ദ്രനും കുടുംബാംഗങ്ങളും മീറ്റിംഗ് ബഹിഷ്‌കരിച്ചിരുന്നു.
അതേസമയം, യോഗത്തില്‍ 60 ശതമാനം ഓഹരിയുടമകള്‍ പങ്കെടുത്തതായും എല്ലാവരും പുറത്താക്കലിനെ അനുകൂലിച്ച് വോട്ട് ചെയ്തതായും യോഗത്തിന് നേതൃത്വം നല്‍കിയ നിക്ഷേപ കമ്പനിയായ പ്രോസസ് അറിയിച്ചിരുന്നു.
തീരുമാനങ്ങള്‍ നടപ്പാക്കാനാകില്ല
സ്ഥാപകനും സി.ഇ.ഒയുമായ ബൈജു രവീന്ദ്രനെ കൂടാതെ ഭാര്യ ദിവ്യ ഗോകുല്‍നാഥ്, സഹോദരന്‍ റിജു രവീന്ദ്രന്‍ എന്നിവരാണ് ബോര്‍ഡിലുള്ളത്. മൂവര്‍ക്കും ചേര്‍ന്ന് 26 ശതമാനം ഓഹരിയാണ് കമ്പനിയിലുള്ളത്. ഓഹരിയുടമകളുടെ നീക്കത്തിനെതിരെ ബൈജൂസ് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. മാര്‍ച്ച് 13നാണ് അടുത്ത വാദം കേള്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ അതുവരെ യോഗത്തിലെടുത്ത തീരുമാനങ്ങള്‍ നടപ്പാക്കാനാകില്ല. അതിനാല്‍ പുറത്താക്കല്‍ നടപടികള്‍ ഉടന്‍ ഉണ്ടാകില്ല.