'ഇത് അഭിമാന നിമിഷം'; ദേശീയ സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ മുന്നിലെത്തി കേരളം
സ്റ്റാര്‍ട്ടപ്പ് വളര്‍ച്ചയ്ക്ക് പിന്തുണ നല്‍കുന്ന ഏറ്റവും മികച്ച ആവാസ വ്യവസ്ഥ
സ്റ്റാര്‍ട്ടപ്പ് ഇന്ത്യയും കേന്ദ്ര വാണിജ്യ മന്ത്രാലയവും സംയുക്തമായി ഏര്‍പ്പെടുത്തിയിട്ടുള്ള സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ മുന്നിലെത്തി കേരളം. ദേശീയ സ്റ്റാര്‍ട്ടപ്പ് ദിനത്തോടനുബന്ധിച്ച് ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയലാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ സോഷ്യല്‍ മീഡിയ പേജുകളിലൂടെ കേരളത്തിന്റെ അഭിമാന നേട്ടം പങ്കുവച്ചു.
സ്റ്റാര്‍ട്ടപ്പ് റാങ്കിംഗിന്റെ നാലാം എഡിഷനാണിത്. കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റമാണ് (ആവാസ വ്യവസ്ഥ) നേട്ടത്തിന് പിന്നിലെന്ന് മുഖ്യമന്ത്രി കുറിച്ചു.
Proudest moment as Kerala topped the 4th edition of States' Startup Ranking by @DPIITGoI under @DoC_GoI. It comes as a testament to Kerala's unwavering commitment in fostering a robust startup ecosystem, exemplified by a series of initiatives under @startup_mission.
— CMO Kerala (@CMOKerala) January 16, 2024
'ബെസ്റ്റ് പെര്‍ഫോമര്‍' പുരസ്‌കാരമാണ് കേരളം സ്വന്തമാക്കിയത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കീഴില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് സംരംഭകത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞവര്‍ഷം മാത്രം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 1,283 സ്റ്റാര്‍ട്ടപ്പുകളാണ്.
സ്റ്റാര്‍ട്ടപ്പുകള്‍, വിദ്യാര്‍ഥികള്‍, വനിതാ സംരംഭകര്‍ എന്നിവര്‍ക്ക് നല്‍കി വരുന്ന പിന്തുണയും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപകരുമായി നേരിട്ട് ബന്ധപ്പെടാനുള്ള അവസരമൊരുക്കുന്ന പരിപാടികളും സംരംഭകര്‍ക്ക് ലഭ്യമാക്കുന്ന സാമ്പത്തിക പിന്തുണയും കേരളത്തെ വേറിട്ടു നിര്‍ത്തുന്നു.
വിഭവ ശേഷി വികസനം, നിക്ഷേപ-സംഭരണ നേതൃത്വം, സുസ്ഥിര വികസനം, ഇന്‍കുബേഷന്‍, മെന്‍ര്‍ഷിപ്പ് സേവനങ്ങള്‍, നൂതനത്വം, മികച്ച സ്ഥാപനങ്ങൾ എന്നീ മേഖലകളിലാണ് കേരളത്തിന്റെ മികവ് അംഗീകരിക്കപ്പെട്ടതെന്ന് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രോമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്റ് ഇന്റേണല്‍ ട്രേഡിന്റെ റാങ്കിംഗില്‍ പറയുന്നു.
സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം ഒരുക്കുന്നതില്‍ ഗുജറാത്ത്, കര്‍ണാടകയും മുന്നിലുണ്ട്. മഹാരാഷ്ട്ര, ഒഡിഷ, തെലങ്കാന എന്നീ സംസ്ഥാനങ്ങളും 'ലീഡേഴ്‌സ്' എന്ന കാറ്റഗറിയില്‍ ജേതാക്കളായി. തമിഴ്നാട്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളും സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങളുടെ വളര്‍ച്ചയ്ക്ക് മികച്ച പിന്തുണയാണ് നല്‍കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.