ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി കേരളത്തിലെ ഈ സ്റ്റാര്‍ട്ടപ്പ്
രണ്ട് ദിവസത്തെ പരിപാടിയില്‍ 45,000 രജിസ്‌ട്രേഷനുകള്‍
മലയാളി സ്റ്റാര്‍ട്ടപ്പായ ടെക്മാഗി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്തിട്ടുള്ള ഈ എഡ്ടെക് കമ്പനിനടത്തിയ ഓണ്‍ലൈന്‍ ടെക്‌നിക്കല്‍ വര്‍ക്ക്‌ഷോപ്പില്‍ 45,000 പേര്‍ രജിസ്റ്റര്‍ ചെയ്തതാണ് റെക്കോഡിന് അര്‍ഹരാക്കിയത്. നവംബര്‍ 25, 26 തീയതികളില്‍ നടന്ന വര്‍ക്ക്‌ഷോപ്പില്‍ 28,000 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട് പരിപാടിയുടെ ഭാഗമായി എല്‍.ജെ നോളജ് ഫൗണ്ടേഷനാണ് ടെക് മാഗിക്ക് ധനസഹായം നല്‍കിയത്.
ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സ് വിധി കര്‍ത്താവായ വിവേക് നായര്‍ ടെക് മാഗി സ്ഥാപക സി.ഇ.ഒ ദീപക് രാജന് സാക്ഷ്യപത്രം കൈമാറി. കെ.എസ്.യു.എം സി.ഒ.ഒ ടോം തോമസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഡിജിറ്റല്‍ കാലഘട്ടത്തിലെ വെല്ലുവിളികള്‍ തരണം ചെയ്യാനും പുതിയ പ്രവണതകള്‍ക്കനുസൃതമായി ഉദ്യോഗാര്‍ത്ഥികളെ പാകപ്പെടുത്താനുമുള്ള പരിശീലന പരിപാടിയാണ് രൂപപ്പെടുത്തിയെടുത്തിരിക്കുന്നതെന്ന് ദീപക് രാജന്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് ഏത് സ്ഥലത്തിരുന്നും വെര്‍ച്വല്‍ ലാബടക്കമുള്ള സേവനങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതായിരുന്നു ഈ പരിശീലന പരിപാടി.